ad
Deshabhimani

ഓൾറൗണ്ടർമാരുടെ പ്രാധാന്യം കുറയുന്നു; 'ഇംപാക്ട് പ്ലെയർ' നിയമം നടപ്പിലാക്കില്ലെന്ന് ദക്ഷിണാഫ്രിക്കൻ ലീഗ്

sa 20 smith
വെബ് ഡെസ്ക്

Published on Apr 08, 2026, 02:42 PM | 1 min read

ജൊഹാനസ്ബർഗ്: ഇന്ത്യൻ പ്രീമിയർ ലീഗിലെ വിപ്ലവകരമായ മാറ്റമായ 'ഇംപാക്ട് പ്ലെയർ' നിയമം തങ്ങളുടെ ലീഗിൽ നടപ്പിലാക്കാൻ പദ്ധതിയില്ലെന്ന് സൗത്ത് ആഫ്രിക്ക ട്വന്റി 20 അധികൃതർ വ്യക്തമാക്കി.


എല്ലാ ടീമുകളും ഐപിഎൽ ഉടമസ്ഥരുടേതാണെങ്കിലും, ദക്ഷിണാഫ്രിക്കൻ ലീഗ് ഈ ആശയത്തോട് വിമുഖത കാണിക്കുകയാണ്. 2023 മുതൽ ഐപിഎൽ ഈ നിയമം നടപ്പിലാക്കിയതോടെ കളി 12 പേർ വീതം പങ്കെടുക്കുന്ന മത്സരമായി മാറിയിരുന്നു.


ക്രിക്കറ്റിന്റെ തന്ത്രപരമായ വശങ്ങളെ ഈ നിയമം ബാധിക്കുന്നുണ്ടെന്ന് മുൻ ദക്ഷിണാഫ്രിക്കൻ ക്യാപ്റ്റനും എസ്എ ട്വന്റി 20 ഡയറക്ടറുമായ ഗ്രെയിം സ്മിത്ത് അഭിപ്രായപ്പെട്ടു. പ്രാദേശിക ഇന്ത്യൻ കളിക്കാർക്ക് കൂടുതൽ അവസരം നൽകുന്നു എന്നത് ഇതിന്റെ ഗുണവശമാണെങ്കിലും, ക്യാപ്റ്റൻമാരുടെ തന്ത്രപരമായ മികവിനെ ഇത് കുറയ്ക്കുന്നു.


കൂടാതെ, കളിക്കളത്തിൽ തങ്ങളുടെ പ്രസക്തി കുറയുന്നതിൽ ഓൾറൗണ്ടർമാർക്കിടയിൽ അതൃപ്തിയുണ്ടെന്നും സ്മിത്ത് തന്റെ കോളത്തിൽ കുറിച്ചു.


പുതിയ ആരാധകരെ ക്രിക്കറ്റിലേക്ക് ആകർഷിക്കുന്ന ഘട്ടത്തിൽ നിയമങ്ങൾ കൂടുതൽ സങ്കീർണ്ണമാക്കാൻ ആഗ്രഹിക്കുന്നില്ലെന്നും അദ്ദേഹം വ്യക്തമാക്കി. "ക്രിക്കറ്റ് ഇതിനകം തന്നെ സങ്കീർണ്ണമായ ഒരു ഗെയിമാണ്. ഒരു പുതിയ പ്രേക്ഷക സമൂഹത്തെ വളർത്തിയെടുക്കുമ്പോൾ അത് വീണ്ടും സങ്കീർണ്ണമാക്കുന്നത് ഗുണകരമാവില്ല," സ്മിത്ത് പറഞ്ഞു.


ദക്ഷിണാഫ്രിക്കൻ ക്രിക്കറ്റിന്റെ പ്രതാപകാലത്ത് ലാൻസ് ക്ലൂസ്‌നർ, ഷോൺ പോള്ളോക്ക്, ജാക്വസ് കാലിസ് തുടങ്ങിയ മികച്ച ഓൾറൗണ്ടർമാർ ഉണ്ടായിരുന്നു. വീണ്ടുമൊരു മികച്ച ഓൾറൗണ്ടർ നിരയെ വളർത്തിയെടുക്കാനുള്ള ശ്രമത്തിലാണ് ദക്ഷിണാഫ്രിക്കയെന്നും മാർക്കോ ജാൻസനെപ്പോലുള്ള താരങ്ങൾ അതിന്റെ സൂചനയാണെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


90 കളിൽ ദക്ഷിണാഫ്രിക്കയുടെ ആധിപത്യത്തിന് പിന്നിൽ ഇത്തരം ഓൾറൗണ്ടർമാരായിരുന്നു. അതേസമയം, ഇംപാക്ട് പ്ലെയർ നിയമം നിലനിൽക്കെ തന്നെ ഇന്ത്യൻ ഓൾറൗണ്ടർമാർ മികച്ച രീതിയിൽ മുന്നോട്ടുപോകുന്നു എന്നതും ശ്രദ്ധേയമാണ്.




deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home