ad
Deshabhimani

മകന്റെ കൈപിടിച്ച് മൈതാനമധ്യത്തേക്ക്; റൂബൽ ഹൊസൈൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചു

RUBEL

Photo Credit: BCB

വെബ് ഡെസ്ക്

Published on Apr 20, 2026, 05:39 PM | 1 min read

ധാക്ക: അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ച വെറ്ററൻ ഫാസ്റ്റ് ബൗളർ റൂബൽ ഹൊസൈന് ബംഗ്ലാദേശ് ക്രിക്കറ്റ് ബോർഡ് ഔദ്യോഗിക യാത്രയയപ്പ് നൽകി. ന്യൂസിലൻഡിനെതിരായ രണ്ടാം ഏകദിനത്തിന് മുന്നോടിയായി ഷേർ ബംഗ്ലാ നാഷണൽ ക്രിക്കറ്റ് സ്റ്റേഡിയത്തിൽ നടന്ന ചടങ്ങ് ഏറെ വൈകാരികമായിരുന്നു.


തന്റെ പിഞ്ചുമകന്റെ കൈപിടിച്ച് മൈതാനത്തിന്റെ മധ്യത്തിലേക്ക് റൂബൽ നടന്നുവന്നത് സഹതാരങ്ങളുടെയും ആരാധകരുടെയും കണ്ണുനിറയ്ക്കുന്ന കാഴ്ചയായി മാറി. കഴിഞ്ഞ ആഴ്ച സോഷ്യൽ മീഡിയയിലൂടെയാണ് താരം തന്റെ വിരമിക്കൽ വാർത്ത പങ്കുവെച്ചത്.


വിരമിക്കുന്ന താരങ്ങൾക്ക് കൃത്യമായ അംഗീകാരം നൽകുന്ന രീതി ബംഗ്ലാദേശിൽ പൊതുവേ കുറവാണെന്നിരിക്കെ, റൂബലിനായി ബിസിബി ഒരുക്കിയ ആദരം ഏറെ ശ്രദ്ധിക്കപ്പെട്ടു. അഡ്‌ഹോക്ക് കമ്മിറ്റി ചെയർമാൻ തമീം ഇഖ്ബാൽ, റൂബലിന് ഫ്രെയിം ചെയ്ത ജേഴ്സിയും സ്മരണികയും സമ്മാനിച്ചു.


തന്റെ വിരമിക്കൽ പ്രഖ്യാപനത്തിന് പിന്നാലെ തമീം ഇഖ്ബാൽ നേരിട്ട് വിളിച്ച് ആദരിക്കാനുള്ള ആഗ്രഹം അറിയിക്കുകയായിരുന്നുവെന്നും ഇത് വലിയ അഭിമാനമായി കരുതുന്നുവെന്നും റൂബൽ ചടങ്ങിൽ പറഞ്ഞു.


തന്റെ കരിയറിലെ വളർച്ചയ്ക്ക് പിന്നിൽ പ്രവർത്തിച്ച കോച്ച് സർവാർ ഇമ്രാനോട് റൂബൽ ഹൃദയപൂർവ്വം നന്ദി രേഖപ്പെടുത്തി. പേസ്‌മാൻ ഹണ്ട് എന്ന പരീക്ഷണത്തിലൂടെ തന്നെ കണ്ടെത്തി ലോകോത്തര ബൗളറായി വളർത്തിയെടുത്തത് അദ്ദേഹമാണെന്ന് റൂബൽ അനുസ്മരിച്ചു. 2021-ലാണ് റൂബൽ അവസാനമായി ബംഗ്ലാദേശിന് വേണ്ടി അന്താരാഷ്ട്ര ജേഴ്സി അണിഞ്ഞത്.


ബംഗ്ലാദേശിനായി 27 ടെസ്റ്റുകളിലും 104 ഏകദിനങ്ങളിലും 28 ട്വന്റി20 മത്സരങ്ങളിലും കളിച്ച റൂബൽ 193 വിക്കറ്റുകൾ നേടിയിട്ടുണ്ട്. 2015-ലെ ലോകകപ്പിൽ ഇംഗ്ലണ്ടിനെ തകർത്ത് ബംഗ്ലാദേശിനെ നോക്കൗട്ട് ഘട്ടത്തിലേക്ക് നയിച്ച റൂബലിന്റെ പ്രകടനം ക്രിക്കറ്റ് ചരിത്രത്തിലെ അവിസ്മരണീയ നിമിഷങ്ങളിലൊന്നാണ്.


അന്ന് തുടർച്ചയായ പന്തുകളിൽ നേടിയ രണ്ട് വിക്കറ്റുകൾ ബംഗ്ലാദേശ് ക്രിക്കറ്റിന്റെ തന്നെ ഗതി മാറ്റുകയായിരുന്നുവെന്ന് സഹതാരം ടസ്കിൻ അഹമ്മദ് പറഞ്ഞു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home