ഡൽഹിയെ ആറ് വിക്കറ്റിന് തോൽപ്പിച്ചു
print edition വനിതാ പ്രീമിയർ ലീഗ് ; ബംഗളൂരു ചാമ്പ്യൻമാർ

വഡോദര
വനിതാ പ്രീമിയർ ലീഗ് ട്വന്റി20 ക്രിക്കറ്റിൽ ആദ്യ കിരീടത്തിനായി ഡൽഹി ക്യാപിറ്റൽസ് ഇനിയും കാത്തിരിക്കണം. ഡൽഹിയെ ആറ് വിക്കറ്റിന് തോൽപ്പിച്ച് റോയൽ ചലഞ്ചേഴ്സ് ബംഗളൂരു രണ്ടാംവട്ടവും കിരീടമുയർത്തി. 204 റണ്ണെന്ന കൂറ്റൻ സ്കോർ പിന്തുടർന്ന ബംഗളൂരു രണ്ട് പന്ത് ശേഷിക്കെയാണ് ജയം നേടിയത്. 41 പന്തിൽ 87 റണ്ണെടുത്ത ക്യാപ്റ്റൻ സ്-മൃതി മന്ദാനയാണ് വിജയശിൽപ്പി. ഡൽഹി നാല് വിക്കറ്റ് നഷ്ടത്തിലാണ് 203 റണ്ണെടുത്തത്. തുടർച്ചയായ നാലാം ഫെെനൽ തോൽവിയാണ് ഡൽഹിക്ക്.
കൂറ്റൻ ലക്ഷ്യവുമായി ഇറങ്ങിയ ബംഗളൂരുവിനെ രണ്ടാം വിക്കറ്റിൽ മന്ദാനയും ജോർജിയ വോളുമാണ് (54 പന്തിൽ 79) നയിച്ചത്. മന്ദാന മൂന്ന‍് സിക്സറും 12 ഫോറും പറത്തി. വോളിനെ മലയാളി താരം മിന്നു മണിയും മന്ദാനയെ ചിന്നെല്ലെ ഹെൻറിയും അവസാന ഘട്ടത്തിൽ പുറത്താക്കിയെങ്കിലും ബംഗളൂരു പതറിയില്ല. അവസാന ഓവറിൽ രാധാ യാദവ് (5 പന്തിൽ 12) ജയം സമ്മാനിച്ചു. ആദ്യം ബാറ്റ് ചെയ്ത ഡൽഹിക്കായി ക്യാപ്‌റ്റൻ ജെമീമ റോഡ്രിഗസ് 37 പന്തിൽ 57 റണ്ണെടുത്തു.










0 comments