ചിന്നസ്വാമിയിൽ ഹരിത വസന്തം; പരിസ്ഥിതി സന്ദേശവുമായി ആർസിബി പച്ച ജേഴ്‌സിയിൽ

Photo Credit|AP
ബെംഗളൂരു: ഐപിഎൽ 2026-ൽ ഡൽഹി ക്യാപ്പിറ്റൽസിനെതിരായ മത്സരത്തിൽ ഹരിത വിപ്ലവത്തിന്റെ സന്ദേശവുമായി നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു . തങ്ങളുടെ ഐക്കണിക് ചുവപ്പ്-സ്വർണ്ണ നിറത്തിലുള്ള ജേഴ്‌സിക്ക് പകരം സുസ്ഥിരതയുടെ അടയാളമായ പച്ച ജേഴ്‌സി അണിഞ്ഞാണ് ടീം ചിന്നസ്വാമി സ്റ്റേഡിയത്തിൽ ഇറങ്ങിയത്.
ഇത് വെറുമൊരു നിറംമാറ്റമല്ല, മറിച്ച് 2011 മുതൽ ആർസിബി തുടർന്നുവരുന്ന 'ഗോ ഗ്രീൻ' എന്ന ആഗോള പരിസ്ഥിതി അവബോധ കാമ്പയിന്റെ ഭാഗമാണ്.പരിസ്ഥിതി സംരക്ഷണം, ആഗോളതാപനം, പ്രകൃതിവിഭവങ്ങളുടെ സുസ്ഥിരമായ ഉപയോഗം എന്നിവയെക്കുറിച്ച് ലോകമെമ്പാടുമുള്ള ആരാധകരിലേക്ക് അവബോധം എത്തിക്കുക എന്നതാണ് ഈ സംരംഭത്തിന്റെ ലക്ഷ്യം.
ഇത്തവണത്തെ പച്ച ജേഴ്‌സിക്ക് മറ്റൊരു പ്രത്യേകത കൂടിയുണ്ട്. സ്റ്റേഡിയത്തിനകത്തുനിന്നും ബെംഗളൂരു നഗരത്തിൽനിന്നും ശേഖരിച്ച പ്ലാസ്റ്റിക് മാലിന്യങ്ങളും മറ്റ് പാഴ്വസ്തുക്കളും നൂറു ശതമാനവും പുനരുൽപ്പാദിപ്പിച്ചാണ് ഈ ജേഴ്‌സി നിർമ്മിച്ചിരിക്കുന്നത്. ഫാഷനേക്കാൾ ഉപരിയായി പ്രകൃതിയോടുള്ള കടമയാണ് ഇതിലൂടെ ടീം വ്യക്തമാക്കുന്നത്.
ലോകത്തിലെ ഏക 'കാർബൺ-ന്യൂട്രൽ' ട്വന്റി 20 ഫ്രാഞ്ചൈസി എന്ന നേട്ടം കൈവരിച്ച ആർസിബി, കാർബൺ-പോസിറ്റീവ് ആകാനുള്ള ശ്രമത്തിലാണെന്ന് സിഇഒ രാജേഷ് മേനോൻ വ്യക്തമാക്കി. ക്രിക്കറ്റ് മത്സരങ്ങൾക്കപ്പുറം തടാകങ്ങളുടെ പുനരുദ്ധാരണം, പുനരുൽപ്പാദിപ്പിക്കാവുന്ന ഊർജ്ജത്തിന്റെ ഉപയോഗം തുടങ്ങിയ പദ്ധതികളിലൂടെ വലിയ മാറ്റങ്ങൾക്കാണ് ടീം നേതൃത്വം നൽകുന്നത്.
പകൽ സമയം നടക്കുന്ന മത്സരങ്ങൾ ഇതിനായി തിരഞ്ഞെടുക്കുന്നതിലൂടെ പരമാവധി ആളുകളിലേക്ക് ഈ സന്ദേശം എത്തിക്കാൻ സാധിക്കുമെന്നും അദ്ദേഹം പ്രത്യാശ പ്രകടിപ്പിച്ചു.മത്സരത്തിന് മുന്നോടിയായി നടന്ന ടോസിലും ഈ ഹരിത സന്ദേശം പ്രകടമായിരുന്നു. ഭൂമിയെ സംരക്ഷിക്കുന്നതിലെ പങ്കാളിത്തത്തിന്റെ പ്രതീകമായി ആർസിബി നായകൻ രജത് പാട്ടിദാർ ഡൽഹി നായകൻ അക്സർ പട്ടേലിന് ഒരു മരത്തൈ സമ്മാനിച്ചു.
പ്രകൃതിക്കുവേണ്ടി ഹരിത തീരുമാനങ്ങൾ എടുക്കാൻ ഈ ജേഴ്‌സിയും സംരംഭവും എല്ലാവരെയും പ്രോത്സാഹിപ്പിക്കുമെന്ന് ടോസ് വേളയിൽ പാട്ടിദാർ പറഞ്ഞു. ഇതോടെ കളിക്കളത്തിലെ വീറും വാശിയും പോലെ തന്നെ പ്രകൃതിയോടുള്ള കരുതലും ആർസിബിയുടെ ഇന്നത്തെ പോരാട്ടത്തിന് മാറ്റുകൂട്ടി.










0 comments