ad
Deshabhimani

ആ '​ഗൺ ഷോട്ട്' എന്തിനായിരുന്നു? കാരണം വെളിപ്പെടുത്തി ജ​ഡേജ

Ravindra Jadeja

ശിവം ദുബെയെ പുറത്താക്കിയ രവീന്ദ്ര ജഡേജയുടെ ‘ഗൺഷോട്ട്’ ആഘോഷം | Photo Credit: BCCI

വെബ് ഡെസ്ക്

Published on Mar 31, 2026, 02:15 PM | 2 min read

​ഗുവാഹത്തി: ഐപിഎല്ലിൽ ആരാധകർ ഏറെ കാത്തിരുന്നതാണ് ചെന്നൈ സൂപ്പർ കിങ്സും (സിഎസ്‌കെ) രാജസ്ഥാൻ റോയൽസുമായുള്ള പോരാട്ടം. ഗുവാഹത്തിയിലെ ബർസപാര ക്രിക്കറ്റ് സ്റ്റേഡിയത്തിൽ തിങ്കളാഴ്ച നടന്ന മത്സരത്തിൽ അഞ്ച് തവണ ചാമ്പ്യന്മാരായ ചെന്നൈയെ എട്ട് വിക്കറ്റിന് തകർത്ത് രാജസ്ഥാൻ ഈ സീസണിൽ തങ്ങളുടെ വരവറിയിച്ചു.


അങ്ങേയറ്റം ആവേശം നിറഞ്ഞ ഈ പോരാട്ടത്തിലെ പ്രധാന നിമിഷങ്ങളിൽ ഒന്ന്, വിക്കറ്റ് എടുത്തതിന് ശേഷമുള്ള രവീന്ദ്ര ജഡേജയുടെ ആഘോഷപ്രകടനമായിരുന്നു. സിഎസ്‌കെ ഓൾറൗണ്ടർ ശിവം ദുബെയെ പുറത്താക്കിയ ശേഷം ജഡേജ തന്റെ സവിശേഷമായ 'ഗൺ ഷോട്ട്' ആഘോഷമാണ് പുറത്തെടുത്തത്.





രാജസ്ഥാൻ റോയൽസിന്റെ വിജയത്തിന് ശേഷമുണ്ടായ സെക്ഷനിൽ മുൻ ഇന്ത്യൻ ക്രിക്കറ്റ് താരങ്ങളായ സുരേഷ് റെയ്‌നയും അനിൽ കുംബ്ലെയും ഇത് പുതിയ തരം ആഘോഷമാണോ എന്ന് ജഡേജയോട് ചോദിച്ചു.


"ഞാൻ സിഎസ്‌കെയിൽ കളിച്ചിരുന്ന കാലത്ത് ഇത്തരം ആഘോഷങ്ങൾ ചെയ്യാറുണ്ടായിരുന്നു. അത് ഇവിടെയും തുടരാം എന്ന് ഞാൻ കരുതി."- ഇതായിരുന്നു ജഡേജയുടെ മറുപടി.


"ദൂബെ ആദ്യ പന്ത് മുതൽ തന്നെ സ്പിന്നർമാരെ ആക്രമിക്കാൻ ശ്രമിക്കുമെന്ന് എനിക്കറിയാമായിരുന്നു. അത് എവിടെയോ എന്റെ മനസ്സിലുണ്ടായിരുന്നു. അതേസമയം, തന്റെ വിക്കറ്റ് പോയാൽ സിഎസ്‌കെയുടെ മിഡിൽ ഓർഡർ തകരുമെന്ന് അവനും ചിന്തിക്കുന്നുണ്ടായിരുന്നു. പോസിറ്റീവ് ആയ മനസ്സോടെ പന്തെറിയാൻ മാത്രമാണ് ഞാൻ ശ്രമിച്ചത്,"- ജഡേജ പറഞ്ഞു.


തന്റെ പഴയ ടീമായ ചെന്നൈ സൂപ്പർ കിങ്സിനെതിരെ കളിച്ചതിലെ വൈകാരികമായ അനുഭവങ്ങളെക്കുറിച്ചും ജഡേജ മനസ്സ് തുറന്നു.


"തീർച്ചയായും, 12-13 വർഷം കളിച്ച സിഎസ്‌കെ പോലുള്ള ഒരു ഫ്രാഞ്ചൈസി വിടുന്നത് തുടക്കത്തിൽ അല്പം പ്രയാസകരമായിരുന്നു. അത് വളരെ വൈകാരികമായിരുന്നു. എന്നാൽ ഇത്തരം മാറ്റങ്ങളും യാത്രയുടെ ഭാഗമാണെന്ന് ഞാൻ എന്നെത്തന്നെ ബോധ്യപ്പെടുത്തി. ഞാൻ ആദ്യമായി ഐപിഎൽ കിരീടം നേടിയ ടീമിലേക്ക് തന്നെ ഇപ്പോൾ തിരിച്ചെത്തി എന്നത് സന്തോഷകരമായ കാര്യമാണ്," ജഡേജ പറഞ്ഞു.


മത്സരത്തിൽ നിരാശപ്പെടുത്തുന്ന പ്രകടനമായിരുന്നു ചെന്നൈ താരങ്ങളുടേത്. പതിനഞ്ചുകാരൻ വൈഭവ്‌ സൂര്യവംശിയുടെ വെടിക്കെട്ടിൽ രാജസ്ഥാൻ റോയൽസ്‌ മിന്നുന്ന ജയം കുറിക്കുകയായിരുന്നു. ടോസ്‌ നഷ്ടപ്പെട്ട്‌ ആദ്യം ബാറ്റ്‌ ചെയ്‌ത ചെന്നൈ 19.4 ഓവറിൽ 127 റണ്ണിൽ അവസാനിച്ചു. മറുപടിക്കെത്തിയ രാജസ്ഥാൻ 12.1 ഓവറിൽ ജയം നേടി. സൂര്യവംശി 17 പന്തിൽ 52 റണ്ണെടുത്തു.


ചെന്നൈ കുപ്പായത്തിലെ അരങ്ങേറ്റത്തിൽ മലയാളി താരം സഞ്‌ജു സാംസണും ശോഭിക്കാനായില്ല. ഓപ്പണറായെത്തി ആറ്‌ റണ്ണിനാണ്‌ പുറത്തായത്‌. കഴിഞ്ഞ സീസൺവരെ സ്വന്തം ടീമായിരുന്ന രാജസ്ഥാനെതിരെ സഞ്‌ജുവിന്റെ തുടക്കംതന്നെ പതർച്ചയോടെയായിരുന്നു. രണ്ടാം ഓവറിൽ മടങ്ങി. നന്ദ്രെ ബർഗെറിന്റെ പന്തിൽ കുറ്റിതെറിച്ചായിരുന്നു പുറത്തായത്‌.


മറുവശത്ത്‌, ക്യാപ്‌റ്റൻ ഋതുരാജ്‌ ഗെയ്‌ക്ക്‌വാദിനും താളം കണ്ടെത്താനായില്ല. ജോഫ്ര ആർച്ചെറെ ബ‍ൗണ്ടറി പറത്തിയതിനുപിന്നാലെ കുറ്റിതെറിച്ച്‌ ചെന്നൈ ക്യാപ്‌റ്റനും കളംവിട്ടു.


കഴിഞ്ഞ സീസണിലെ ഓപ്പണറും ഇന്ത്യൻ അണ്ടർ 19 ടീമിന്റെ ക്യാപ്‌റ്റനുമായ ആയുഷ്‌ മാത്രെയ്‌ക്ക്‌ ഒറ്റ പന്തിന്റെ ആയുസായിരുന്നു. ബർഗെർക്ക്‌ വിക്കറ്റ്‌. വിക്കറ്റുകൾ തുരുതുരാ വീണതോടെ ചെന്നൈ സ്വാധീന താരമായ സർഫറാസ്‌ ഖാനെ കളത്തിലിറക്കി. ബർഗെറെ സിക്‌സറും ഫേ-ാറിനും പറത്തിയ സർഫറാസ്‌ (12 പന്തിൽ 17) രവീന്ദ്ര ജഡേജയുടെ പന്തിൽ വിക്കറ്റിന്‌ കുരുങ്ങി പുറത്താകുകയായിരുന്നു. 36 പന്തിൽ 43 റണ്ണെടുത്ത പേസർ ജാമി ഒവർട്ടനാണ്‌ സ്‌കോർ 100 കടത്തിയത്‌.


ചെറിയ ലക്ഷ്യത്തിലേക്ക്‌ കൂറ്റനടികളോടെയാണ്‌ രാജസ്ഥാൻ തുടങ്ങിയത്‌. 15 പന്തിൽ അർധഞ്ചെുറി പൂർത്തിയാക്കിയ സൂര്യവംശിയുടെ ഇന്നിങ്‌സിൽ അഞ്ച്‌ സിക്‌സറും നാല്‌ ഫോറും ഉൾപ്പെട്ടു. യശസ്വി ജയ്‌സ്വാളും (36 പന്തിൽ 38*) ക്യാപ്റ്റൻ റയാൻ പരാഗും (14*) ജയം പൂർത്തിയാക്കി.



deshabhimani section

Related News

View More
0 comments
Sort by

deshabhimani section

Dont Miss it

deshabhimani section

Recommended

Deshabhimani
Home