അഞ്ച് ടെസ്റ്റിൽ 516 റൺ , ആറ് ഇന്നിങ്സിൽ 50ന് മുകളിൽ , ഒരു സെഞ്ചുറിയും (107) ഏഴ് വിക്കറ്റും
സ്ഥിരത= ജഡേജ


Sports Desk
Published on Aug 07, 2025, 12:00 AM | 1 min read
ലണ്ടൻ
സുവർണ തലമുറയുടെ അവസാനകണ്ണിയെന്നായിരുന്നു രവീന്ദ്ര ജഡേജയുടെ വിശേഷണം. ഇന്ത്യയുടെ നിരവധി ടെസ്റ്റ്ജയങ്ങളിൽ പങ്കാളിയായിരുന്ന ജഡേജ ഇംഗ്ലണ്ടിലെത്തുമ്പോൾ യുവനിരയ്ക്കൊപ്പം ഒന്നിച്ചുനീങ്ങുമോ എന്ന സംശയമുണ്ടായിരുന്നു. ലീഡ്സിലെ ആദ്യ ടെസ്റ്റിൽ ബാറ്റിലും പന്തിലും മുപ്പത്താറുകാരൻ നിരാശപ്പെടുത്തി. കാലംകഴിഞ്ഞുവെന്ന വിമർശം ശക്തമായി.
ഇന്ത്യ ജയിച്ച രണ്ടാം ടെസ്റ്റിൽ അതിനുള്ള മറുപടി വന്നു. ഒന്നാം ഇന്നിങ്സിൽ 89 റൺ. രണ്ടാം ഇന്നിങ്സിൽ പുറത്താകാതെ 69. ഒരു വിക്കറ്റും. തുടർന്നുള്ള മൂന്ന് ടെസ്റ്റിലും ബാറ്റിൽ ക്യാപ്റ്റൻ ശുഭ്മാൻ ഗില്ലിനെക്കാളും സ്ഥിരത കാട്ടി. ലോർഡ്സിൽ ജഡേജയുടെ പോരാട്ടവീര്യത്തിന് പിന്തുണ കിട്ടിയില്ല. 22 റണ്ണിന് ഇന്ത്യ തോറ്റ കളിയിൽ 61 റണ്ണുമായി ഓൾറൗണ്ടർ ഒരറ്റത്തുണ്ടായിരുന്നു.
അഞ്ച് ടെസ്റ്റിൽ 516 റണ്ണുമായി പട്ടികയിൽ നാലാമൻ. ഒരു സെഞ്ചുറി ഉൾപ്പെടെ ആറ് ഇന്നിങ്സിലാണ് 50ന് മുകളിൽ റൺ നേടിയത്. പുറത്താകാതെ നേടിയ 107 റണ്ണാണ് ഉയർന്ന സ്കോർ. ഏഴ് വിക്കറ്റും ഇടംകൈയൻ സ്പിന്നർ സ്വന്തമാക്കി. 85 ടെസ്റ്റ്കളിച്ച ജഡേജ 3886 റണ്ണും 330 വിക്കറ്റും സ്വന്തംപേരിൽ കുറിച്ചു.










0 comments