ad
Deshabhimani

ലോകത്തെ മികച്ച 25 താരങ്ങളുടെ പട്ടികയിൽ ആർ അശ്വിനും; ക്രിക്ഇൻഫോയുടെ ആദരം

aswin

ആർ അശ്വിൻ

വെബ് ഡെസ്ക്

Published on Jun 05, 2026, 06:03 PM | 2 min read

മുംബൈ : ഇരുപത്തിയൊന്നാം നൂറ്റാണ്ടിലെ ലോകത്തെ ഏറ്റവും മികച്ച 25 പുരുഷ അന്താരാഷ്ട്ര ക്രിക്കറ്റ് താരങ്ങളെ തെരഞ്ഞെടുക്കുന്ന 'ക്രിക്ഇൻഫോ ഓണേഴ്സ് അവാർഡ്സ് 2026'ൽ മുൻ ഇന്ത്യൻ താരം രവിചന്ദ്രൻ അശ്വിന് ആദരവ്. ഈ അഭിമാന പട്ടികയിൽ 25-ാം സ്ഥാനത്താണ് അശ്വിൻ ഇടംപിടിച്ചത്. ചടങ്ങിൽ വെച്ച് ടെസ്റ്റ് ക്രിക്കറ്റിന്റെ പരിണാമത്തെക്കുറിച്ചും താരങ്ങളെ തെരഞ്ഞെടുക്കുന്ന രീതിയെക്കുറിച്ചും അശ്വിൻ തന്റെ ആശങ്കകൾ പങ്കുവെച്ചു.


ടെസ്റ്റ് ക്രിക്കറ്റിലേക്കുള്ള സെലക്ഷൻ പൂർണമായും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ പ്രകടനത്തിന്റെ അടിസ്ഥാനത്തിലായിരിക്കണമെന്ന് അശ്വിൻ പറഞ്ഞു. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ് കളിച്ച് രാജ്യത്തെ പ്രതിനിധീകരിക്കാൻ ആഗ്രഹിക്കുന്ന നിരവധി കളിക്കാർ ഇന്ത്യയിലുണ്ടെന്നും എന്നാൽ കടുത്ത മത്സരവും മറ്റ് സാഹചര്യങ്ങളും കാരണം പലർക്കും ടെസ്റ്റ് ടീമിൽ അവസരം ലഭിക്കാതെ പോകുന്നുണ്ടെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി.


ജീവിതസൗകര്യങ്ങൾ ത്യാഗം ചെയ്തും സാമ്പത്തിക യാഥാർത്ഥ്യങ്ങൾ നേരിട്ടും 15 മുതൽ 20 വർഷം വരെ ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിനായി സമർപ്പിക്കുന്ന കളിക്കാർക്ക് കൃത്യമായ പ്രോത്സാഹനം നൽകിയില്ലെങ്കിൽ പ്രതിസന്ധിയാകുമെന്നും അശ്വിൻ ഓർമ്മിപ്പിച്ചു. ടെസ്റ്റ് ക്രിക്കറ്റ് നിലനിൽക്കണമെങ്കിൽ അടിയന്തരമായി ചില മാറ്റങ്ങൾ വരുത്തേണ്ടതുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ആധുനിക ക്രിക്കറ്റിൽ ബാറ്റർമാരുടെ മത്സര ശൈലി മാറിയതിനനുസരിച്ച് ബൗളർമാർ അതിവേഗം മാറേണ്ടി വരുന്നുണ്ടെന്നും താരം പറഞ്ഞു. ട്വന്റി 20 ക്രിക്കറ്റിന്റെ സാമ്പത്തിക മാതൃക കാരണം അതൊരു ഹൈ-സ്കോറിങ് ഫോർമാറ്റായി തുടരാനാണ് സാധ്യത. ക്രിക്കറ്റിൽ ഇപ്പോൾ ബാറ്റർമാരും ബൗളർമാരും ഓരോ പന്തിലും തന്ത്രങ്ങൾ മാറ്റാൻ കെൽപുള്ളവരായി മാറണമെന്നും അശ്വിൻ വ്യക്തമാക്കി.


2024 ഡിസംബറിലാണ് അശ്വിൻ അന്താരാഷ്ട്ര ക്രിക്കറ്റിൽ നിന്ന് വിരമിച്ചത്. എല്ലാ ഫോർമാറ്റുകളിൽ നിന്നുമായി 765 വിക്കറ്റുകൾ വീഴ്ത്തിയ അശ്വിൻ, അനിൽ കുംബ്ലെയ്ക്ക് (953) തൊട്ടുപിന്നിൽ ഇന്ത്യയ്ക്കായി ഏറ്റവും കൂടുതൽ വിക്കറ്റ് നേടിയ രണ്ടാമത്തെ താരമാണ്. ടെസ്റ്റിൽ 537 വിക്കറ്റുകൾ നേടിയിട്ടുള്ള അശ്വിൻ ഈ ഫോർമാറ്റിലും കുംബ്ലെയ്ക്ക് (619) പിന്നിൽ രണ്ടാമതാണ്. ടെസ്റ്റ് ക്രിക്കറ്റ് ചരിത്രത്തിൽ 500 വിക്കറ്റും 5-ലധികം സെഞ്ചുറികളും (6 സെഞ്ചുറി) നേടിയ ഏക താരം കൂടിയാണ് അശ്വിൻ. കൂടാതെ ഒരേ ടെസ്റ്റ് മത്സരത്തിൽ സെഞ്ചുറിയും 5 വിക്കറ്റ് നേട്ടവും നാല് തവണ സ്വന്തമാക്കിയ അശ്വിൻ, ഈ നേട്ടത്തിൽ ഇംഗ്ലണ്ട് താരം ഇയാൻ ബോഥത്തിന് (5 തവണ) തൊട്ടുപിന്നിലുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home