ad
Deshabhimani

മഴ വില്ലനായി; ഏരീസ് കൊല്ലം സെയിലേഴ്സ്- തൃശൂർ ടൈറ്റൻസ് മത്സരം ഉപേക്ഷിച്ചു

kcl.jpg
വെബ് ഡെസ്ക്

Published on Aug 26, 2026, 07:45 PM | 1 min read

തിരുവനന്തപുരം: കെസിഎല്ലിൽ ഏരീസ് കൊല്ലം സെയിലേഴ്സും തൃശൂർ ടൈറ്റൻസും തമ്മിലുള്ള മത്സരം മഴയെ തുടർന്ന് ഉപേക്ഷിച്ചു. ആദ്യം ബാറ്റ് ചെയ്ത കൊല്ലം സെയിലേഴ്സ് അഭിഷേക് നായരുടെ ഉജ്ജ്വല സെഞ്ചുറിയുടെ മികവിൽ 20 ഓവറിൽ അഞ്ച് വിക്കറ്റ് നഷ്ടത്തിൽ 183 റൺസെടുത്തു. മറുപടി ബാറ്റിങ്ങിന് ഇറങ്ങിയ തൃശൂർ രണ്ട് ഓവറിൽ ഒരു വിക്കറ്റ് നഷ്ടത്തിൽ 14 റൺസെടുത്ത് നിൽക്കെയാണ് മഴ മൂലം കളി തടസ്സപ്പെട്ടത്. ഇരു ടീമുകളും ഓരോ പോയിന്റ് വീതം നേടി. ഇതോടെ അഞ്ച് മത്സരങ്ങളിൽ നിന്ന് ഏഴ് പോയിൻ്റുമായി തൃശൂ‍ർ പട്ടികയിൽ ഒന്നാം സ്ഥാനത്തേക്ക് മുന്നേറി. അഞ്ച് മത്സരങ്ങളിൽ നിന്ന് അഞ്ച് പോയിൻ്റുള്ള കൊല്ലം മൂന്നാം സ്ഥാനത്താണ്.


ഓപ്പണറായി ഇറങ്ങി സെഞ്ചുറി നേടി പുറത്താകാതെ നിന്ന അഭിഷേക് നായരുടെ തകർപ്പൻ ഇന്നിങ്സാണ് കൊല്ലം സെയിലേഴ്സിനെ മികച്ച സ്കോറിലെത്തിച്ചത്. 35 റൺസെടുക്കുന്നതിനിടെ അരുൺ പൗലോസിന്റെയും വത്സൽ ഗോവിന്ദിന്റെയും വിക്കറ്റുകൾ നഷ്ടപ്പെട്ട സെയിലേഴ്സിനെ അഭിഷേകും ആനന്ദ് കൃഷ്ണനും ചേർന്നാണ് കരകയറ്റിയത്. ഇരുവരും ചേർന്ന് 95 റൺസാണ് മൂന്നാം വിക്കറ്റിൽ കൂട്ടിച്ചേർത്തത്. തുടക്കം മുതൽ മികച്ച ഷോട്ടുകൾ പായിച്ച അഭിഷേക് 34 പന്തിൽ അർദ്ധ സെഞ്ച്വറി പൂർത്തിയാക്കി. മറുവശത്ത് കരുതലോടെയുള്ള ഇന്നിങ്സായിരുന്നു ആനന്ദ് കൃഷ്ണന്റേത്. 32 റൺസെടുത്ത ആനന്ദ് പി നസലിന്റെ പന്തിൽ ക്ലീൻ ബൗൾഡായി.


തുടർന്നെത്തിയ അജിനാസും ഒൻപത് റൺസുമായി മടങ്ങി. എന്നാൽ അവസാന രണ്ടോവറിൽ അഭിഷേകും എ ജി അമലും ചേർന്ന് 34 റൺസ് കൂട്ടിച്ചേർത്തു. അവസാന ഓവറിലെ അവസാന പന്തിലാണ് അഭിഷേക് സെഞ്ച്വറി പൂർത്തിയാക്കിയത്. 60 പന്തിൽ 11 ഫോറും അഞ്ച് സിക്സുമടക്കമാണ് അഭിഷേക് 100 റൺസ് നേടിയത്. അമൽ ഒൻപത് പന്തുകളിൽ നിന്ന് ഒരു ഫോറും രണ്ട് സിക്സുമടക്കം 21 റൺസെടുത്തു. തൃശൂരിന് വേണ്ടി ആദിത്യ വിനോദ് രണ്ട് വിക്കറ്റ് വീഴ്ത്തി.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home