ഹോർമുസിലൂടെയുള്ള ഗതാഗത ചട്ടം ലംഘിച്ചു: ഇന്ത്യയുടേതുൾപ്പെടെ 45 കപ്പലുകൾ കരിമ്പട്ടികയിൽ ഉൾപ്പെടുത്തി ഇറാൻ

Image Courtesy : wikipedia
തെഹ്റാൻ: ഹോർമുസ് കടലിടുക്കിലൂടെയുള്ള ഗതാഗത ചട്ടങ്ങൾ ലംഘിച്ചെന്ന് ആരോപിച്ച് രണ്ട് ഇന്ത്യൻ കപ്പലുകൾ ഉൾപ്പെടെ 45 കപ്പലുകൾക്ക് വിലക്കേർപ്പെടുത്തി ഇറാൻ. ഇറാന്റെ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി (പിജിഎസ്എ) പുറത്തുവിട്ട ചട്ടലംഘനം നടത്തിയ കപ്പലുകളുടെ പട്ടികയിലാണ് ഇന്ത്യയിൽ രജിസ്റ്റർ ചെയ്ത് പ്രവർത്തിക്കുന്ന മഹാ റൂസ് എന്ന ബൾക്ക് കാരിയർ അടക്കമുള്ളവ ഉൾപ്പെട്ടിരിക്കുന്നത്.
പട്ടികയിൽ നിന്ന് ഒഴിവാക്കപ്പെടണമെങ്കിൽ കപ്പൽ കമ്പനികൾ കൃത്യമായ വിശദീകരണത്തോടെ പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റിക്ക് ഔദ്യോഗികമായി അപേക്ഷ നൽകേണ്ടതുണ്ട്. ഈ കപ്പലുകളുമായി സഹകരിക്കുന്ന മറ്റ് കപ്പലുകളേയും വിലക്കുമെന്നും ഇറാൻ മുന്നറിയിപ്പ് നൽകി.
കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയ കപ്പലുകൾ ഇനി ഹോർമുസ് കടലിടുക്കിലൂടെ സഞ്ചരിച്ചാൽ പിഴ ഈടാക്കൽ, കപ്പലുകൾ കണ്ടുകെട്ടൽ, പിടിച്ചെടുക്കൽ തുടങ്ങിയ നടപടികൾ നേരിടേണ്ടി വരുമെന്ന്, പേർഷ്യൻ ഗൾഫ് സ്ട്രെയിറ്റ് അതോറിറ്റി സോഷ്യൽ മീഡിയ പ്ലാറ്റ്‌ഫോമിലൂടെ വ്യക്തമാക്കി.
പട്ടികയിലുള്ള ഭൂരിഭാഗം കപ്പലുകളും യുഎഇ ആസ്ഥാനമായുള്ള കമ്പനികളുടേതാണ്. ഇതിന് പുറമെ പാകിസ്താന്റെ 'മർദാൻ' എന്ന എണ്ണക്കപ്പലും ഖത്തർ, സൗദി അറേബ്യ, ദക്ഷിണ കൊറിയ, മാൾട്ട, സിംഗപ്പൂർ എന്നീ രാജ്യങ്ങളുമായി ബന്ധപ്പെട്ട കപ്പലുകളും പട്ടികയിലുണ്ട്. ഇന്ത്യയുമായി നേരിട്ട് ബന്ധമുള്ള കപ്പലുകൾക്ക് പുറമെ, ഇന്ത്യയിലേക്ക് വൻതോതിൽ എണ്ണയും മറ്റ് ഊർജ്ജ വിഭവങ്ങളും എത്തിച്ചിരുന്ന വിദേശ കപ്പലുകളും ഇറാന്റെ കരിമ്പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.









0 comments