നേപ്പാൾ മിന്നൽപ്രളയം: കേരളീയർക്കായി നോര്‍ക്ക ഹെൽപ് ഡെസ്ക് തുടങ്ങി

തിരുവനന്തപുരം: നേപ്പാളിലുണ്ടായ മിന്നല്‍ പ്രളയത്തിന്റെ പശ്ചാത്തലത്തില്‍ കേരളീയർക്കായി നോര്‍ക്ക ഹെൽപ് ഡെസ്ക് തുടങ്ങി. സേവനം ഉപയോഗപ്പെടുത്തുന്നതിന് നോർക്ക ഗ്ലോബൽ കോണ്ടാക്ട് സെൻ്ററിൻ്റെ 18004253939 (ടോൾ ഫ്രീ നമ്പർ)+91-8802012345 (വിദേശത്തു നിന്നും മിസ്ഡ് കോൾ) എന്നീ നമ്പരുകളിൽ ബന്ധപ്പെടാം.

നേപ്പാളിലെ വടക്കൻ റസുവ ജില്ലയിൽ ടിബറ്റ് അതിർത്തിയോട് ചേർന്ന് ഭോട്ടെ കോസി നദിയിലുണ്ടായ മിന്നൽപ്രളയത്തിൽ 66 പേർ മരിച്ചതായാണ് റിപ്പോർട്ട്. മരണസംഖ്യ ഇനിയും ഉയർന്നേക്കും. 105 ഇന്ത്യക്കാർ ഉൾപ്പെടെ അഞ്ഞൂറിലധികം പേരെ കാണാതായതായി പ്രാഥമിക വിവരമുണ്ട്. വിനോദസഞ്ചാരത്തിനും മറ്റുമായി പോയ നൂറോളം മലയാളികൾ നേപ്പാളിൽ കുടുങ്ങിയതായും അറിയുന്നു.
ടിബറ്റ് അതിർത്തിയോട് ചേർന്നുള്ള തിമുറെ, സ്യാപ്രൂ ബെസി പ്രദേശങ്ങളെയാണ് പ്രളയം രൂക്ഷമായി ബാധിച്ചത്. നിരവധി ഗ്രാമങ്ങൾ പൂർണമായും ഒലിച്ചുപോയി. വളരെ വലിയ പാലങ്ങൾ തകർന്നു. അണക്കെട്ടുകൾ തകർന്നതായും റിപ്പോർട്ടുണ്ട്. പലയിടത്തും കനത്ത മണ്ണിടിച്ചിലും ഉണ്ടായി. കൃത്യമായ നാശനഷ്‌ടം കണക്കാക്കാൻ ദിവസങ്ങൾ വേണ്ടി വരും. കൈലാസ യാത്രയ്‌ക്കും മറ്റും പോയ തീർത്ഥാടകരാണ് കാണാതായ ഇന്ത്യക്കാരിൽ ഭൂരിപക്ഷവും. അമേരിക്ക, ബ്രിട്ടൻ, ഓസ്‌ട്രേലിയ, നെതർലന്റ്‌സ്, ദക്ഷിണാഫ്രിക്ക, മലേഷ്യ എന്നിവിടങ്ങളിൽ നിന്നുള്ള സഞ്ചാരികളെയും കാണാതായിട്ടുണ്ട്.









0 comments