"സിഎസ്കെയിൽ അനുഭവിച്ചത് വലിയ വേദന"; വിരമിക്കലിലേക്ക് നയിച്ച വെളിപ്പെടുത്തലുമായി അശ്വിൻ.

ചെന്നൈ: ഐപിഎൽ 2026 സീസണിൽ തുടർച്ചയായ മൂന്ന് തോൽവികളുമായി ചെന്നൈ സൂപ്പർ കിങ്‌സ് പ്രതിസന്ധിയിലായിരിക്കെ, ടീമിലെ തന്റെ അവസാന നാളുകളെക്കുറിച്ച് മനസ്സ് തുറന്ന് മുൻ ഇന്ത്യൻ സ്പിന്നർ ആർ അശ്വിൻ.
കഴിഞ്ഞ വർഷം ഓഗസ്റ്റിൽ ട്വന്റി 20 ക്രിക്കറ്റിൽ നിന്ന് വിരമിക്കാൻ തന്നെ പ്രേരിപ്പിച്ചത് ചെന്നൈ ക്യാമ്പിലുണ്ടായ മാനസികമായ അസ്വസ്ഥതകളും വേദനയുമാണെന്ന് അശ്വിൻ വെളിപ്പെടുത്തി. റോയൽ ചലഞ്ചേഴ്സ് ബംഗളൂരുവിനോട് ഞായറാഴ്ച ഏറ്റുവാങ്ങിയ കനത്ത തോൽവിക്ക് പിന്നാലെയാണ് അശ്വിന്റെ ഈ തുറന്നുപറച്ചിൽ.
തന്റെ യൂട്യൂബ് ചാനലിലൂടെ സംസാരിക്കവെയാണ് അശ്വിൻ തന്റെ നിരാശ പങ്കുവെച്ചത്. കഴിഞ്ഞ സീസൺ വ്യക്തിപരമായും ടീമിനും വലിയ തിരിച്ചടിയായിരുന്നുവെന്നും മാനസികമായി താൻ അത്രമേൽ തളർന്നുപോയെന്നും അദ്ദേഹം പറഞ്ഞു.
"സത്യം പറഞ്ഞാൽ എനിക്ക് ഇനിയും കളിക്കാമായിരുന്നു. എന്നാൽ വൈകാരികമായി അതിനുള്ള ഊർജ്ജം അന്ന് എനിക്കുണ്ടായിരുന്നില്ല. കഴിഞ്ഞ വർഷം ടീമിൽ എന്താണ് സംഭവിച്ചതെന്ന് പറയാൻ ഞാൻ ആഗ്രഹിക്കുന്നില്ല, അത് അത്രമേൽ വേദനയേറിയതായിരുന്നു. ചെന്നൈയിൽ തുടങ്ങി സ്വന്തം നാട്ടിൽ തന്നെ കരിയർ അവസാനിപ്പിക്കാമെന്ന് ഞാൻ കരുതി," അശ്വിൻ വ്യക്തമാക്കി.
മാനേജ്‌മെന്റിന് തന്നെ നിലനിർത്തുന്ന കാര്യത്തിൽ ഒരു തലവേദന ഉണ്ടാക്കരുത് എന്ന് കരുതിയാണ് വിരമിക്കൽ പ്രഖ്യാപിച്ചതെന്നും താൻ മാറുന്നതിലൂടെ ടീമിന് പത്ത് കോടി രൂപ ലാഭിക്കാൻ കഴിഞ്ഞുവെന്നും അശ്വിൻ കൂട്ടിച്ചേർത്തു.
ഈ സീസണിൽ ചെന്നൈ മെച്ചപ്പെടുമെന്ന് പ്രതീക്ഷിച്ചിരുന്നുവെങ്കിലും ആർസിബിക്കെതിരായ പ്രകടനം നിരാശപ്പെടുത്തിയെന്ന് അദ്ദേഹം പറഞ്ഞു. ആർസിബിയുടെ തകർപ്പൻ ഫോം ടൂർണമെന്റിലെ മറ്റു ടീമുകൾക്കുള്ള വലിയ മുന്നറിയിപ്പാണെന്നും താരം നിരീക്ഷിച്ചു.
യുവതാരങ്ങളെ വളർത്തുന്നതിലെ ചെന്നൈയുടെ നിലവിലെ ശൈലിയെയും അശ്വിൻ രൂക്ഷമായി വിമർശിച്ചു. യുവതാരങ്ങൾക്ക് മികച്ച പരിശീലനവും കൃത്യമായ അന്തരീക്ഷവുമാണ് നൽകേണ്ടതെന്ന് അദ്ദേഹം പറഞ്ഞു. കൂടാതെ, ബൗളർമാരുടെ സ്വാഭാവികമായ കരുത്ത് തിരിച്ചറിയാതെ അവരെക്കൊണ്ട് പന്തെറിയിക്കുന്ന മാനേജ്‌മെന്റ് തീരുമാനങ്ങളെയും അശ്വിൻ ചോദ്യം ചെയ്തു.
യോർക്കറുകൾ എറിയുന്നതിൽ അത്ര മിടുക്കനല്ലാത്ത ജാമി ഓവർട്ടണെക്കൊണ്ട് വൈഡ് യോർക്കറുകൾ എറിയിപ്പിച്ചത് ടിം ഡേവിഡിനെപ്പോലൊരു പവർ ഹിറ്റർക്ക് കാര്യങ്ങൾ എളുപ്പമാക്കിയെന്നും അശ്വിൻ ചൂണ്ടിക്കാട്ടി.










0 comments