"വിദേശ താരങ്ങൾ ഉടനടി മടങ്ങണം"; പിഎസ്എല്ലിന് മുന്നറിയിപ്പുമായി പാകിസ്ഥാൻ സായുധസംഘടന

ഇസ്ലാമാബാദ്: മാർച്ച് 26 ന് ആരംഭിക്കാനിരിക്കുന്ന പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ 11 ആം പതിപ്പിന് നേരെ ഭീകരസംഘടനയായ തെഹ്രീകെ താലിബാൻ പാകിസ്ഥാന്റെ മുന്നറിയിപ്പ്. വിദേശ താരങ്ങൾ ടൂർണമെന്റിൽ നിന്ന് ഉടനടി പിന്മാറണമെന്ന് സംഘടന നേരിട്ട് മുന്നറിയിപ്പ് നൽകിയതോടെ പാകിസ്ഥാനിലെ സുരക്ഷാ സാഹചര്യം വീണ്ടും വലിയ ചോദ്യചിഹ്നമാകുകയാണ്.
രാജ്യത്തെ ആഭ്യന്തര സുരക്ഷാ നില അതീവ ഗുരുതരമാണെന്നും വിദേശ താരങ്ങളുടെ സുരക്ഷയ്ക്ക് യാതൊരു ഉറപ്പും നൽകാനാവില്ലെന്നുമാണ് താലിബാൻ വക്താവ് ആസാദ് മൻസൂർ പ്രസ്താവനയിലൂടെ അറിയിച്ചത്. ഖൈബർ പഖ്തൂൺഖ്വ, ബലൂചിസ്ഥാൻ തുടങ്ങിയ മേഖലകളിലെ ജനങ്ങളുടെ ദുരിതത്തെ പരിഹസിക്കുന്നതാണ് ഇത്തരം ക്രിക്കറ്റ് മാമാങ്കങ്ങളെന്നും സംഘടന ആരോപിക്കുന്നു.
ഓസ്ട്രേലിയൻ സൂപ്പർ താരം സ്റ്റീവ് സ്മിത്ത് കഴിഞ്ഞ തിങ്കളാഴ്ച മുൾട്ടാൻ സുൽത്താൻസ് ടീമിനൊപ്പം ചേരാൻ പാകിസ്ഥാനിലെത്തിയിരുന്നു. ഇതിന് തൊട്ടുപിന്നാലെയാണ് താരങ്ങളുടെ സുരക്ഷ ചോദ്യം ചെയ്തുകൊണ്ടുള്ള ഭീഷണി ഉയർന്നിരിക്കുന്നത്. താരങ്ങൾക്ക് പ്രസിഡൻഷ്യൽ തലത്തിലുള്ള സുരക്ഷ ഉറപ്പാക്കിയിട്ടുണ്ടെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് അവകാശപ്പെടുന്നുണ്ടെങ്കിലും, താലിബാന്റെ നേരിട്ടുള്ള മുന്നറിയിപ്പ് താരങ്ങൾക്കിടയിൽ വലിയ മാനസിക സമ്മർദ്ദമുണ്ടാക്കിയിട്ടുണ്ട്.
മുൻപ് വിദേശ ടീമുകൾക്ക് നേരെയുണ്ടായ ആക്രമണങ്ങളുടെ പശ്ചാത്തലത്തിൽ പാകിസ്ഥാൻ സൈന്യവും പോലീസും അതീവ ജാഗ്രതയിലാണ്. എങ്കിലും ടൂർണമെന്റ് തുടങ്ങാൻ ദിവസങ്ങൾ മാത്രം ബാക്കിനിൽക്കെ ഉയരുന്ന ഭീഷണി സംഘാടകരെയും വിദേശ ക്രിക്കറ്റ് ബോർഡുകളെയും ഒരുപോലെ കുഴപ്പിക്കുന്നുണ്ട്.










0 comments