ad
Deshabhimani

പ്രതിസന്ധികൾക്കിടയിൽ പിഎസ്എൽ 2026; മത്സരങ്ങൾ കാണികളില്ലാതെ ലാഹോറിലും കറാച്ചിയിലും മാത്രം

psl teams
വെബ് ഡെസ്ക്

Published on Mar 22, 2026, 09:08 PM | 1 min read

ലാഹോർ: വിദേശ രാജ്യങ്ങളുടെ യാത്രാവിലക്കും കളിക്കാരുടെ പിന്മാറ്റവും സൃഷ്ടിച്ച പ്രതിസന്ധികൾക്ക് പിന്നാലെ, പാകിസ്ഥാൻ സൂപ്പർ ലീഗിന്റെ 11-ാം പതിപ്പ് കടുത്ത നിയന്ത്രണങ്ങളോടെ നടത്താൻ തീരുമാനം. പശ്ചിമേഷ്യൻ സംഘർഷങ്ങളുടെ പശ്ചാത്തലത്തിൽ സുരക്ഷാ മുൻകരുതൽ എന്ന നിലയിൽ മത്സരങ്ങൾ കാണികളില്ലാതെയാകും (ബിഹൈൻഡ് ക്ലോസ്ഡ് ഡോർസ്) നടക്കുക. കൂടാതെ, മത്സരവേദികൾ ലാഹോറിലും കറാച്ചിയിലുമായി പരിമിതപ്പെടുത്തി.


മാർച്ച് 26-ന് ആരംഭിക്കുന്ന ടൂർണമെന്റിന്റെ ഉദ്ഘാടന ചടങ്ങുകൾ പൂർണമായി ഒഴിവാക്കി. നേരത്തെ ആറ് നഗരങ്ങളിലായി നടത്താൻ നിശ്ചയിച്ചിരുന്ന മത്സരക്രമമാണ് ഇപ്പോൾ വെട്ടിച്ചുരുക്കിയത്. ആഗോളതലത്തിലുള്ള ഇന്ധന പ്രതിസന്ധിയും സാമ്പത്തിക ലാഭവും കണക്കിലെടുത്ത് ജനങ്ങളുടെ സഞ്ചാരം നിയന്ത്രിക്കാനുള്ള സർക്കാർ നിർദ്ദേശത്തെത്തുടർന്നാണ് ഈ മാറ്റമെന്ന് പാകിസ്ഥാൻ ക്രിക്കറ്റ് ബോർഡ് (പിസിബി0 ചെയർമാൻ മൊഹ്സിൻ നഖ്‌വി വാർത്താ സമ്മേളനത്തിൽ അറിയിച്ചു.


"പിഎസ്എൽ നമ്മുടെ അന്താരാഷ്ട്ര ബ്രാൻഡാണ്. വിദേശ താരങ്ങൾ ഉൾപ്പെടുന്നതിനാൽ ടൂർണമെന്റിന്റെ വിശ്വാസ്യത കൂടി കണക്കിലെടുക്കേണ്ടതുണ്ട്. വർഷത്തിൽ മറ്റൊരു സമയം ലഭ്യമല്ലാത്തതിനാൽ ടൂർണമെന്റ് മാറ്റിവെക്കുക എന്നത് പ്രായോഗികമല്ല. രാജ്യവ്യാപകമായി യാത്രാ നിയന്ത്രണങ്ങൾ ഏർപ്പെടുത്തുമ്പോൾ സ്റ്റേഡിയങ്ങളിലേക്ക് പതിനായിരക്കണക്കിന് ആളുകളെ എത്തിക്കുന്നത് വിരോധാഭാസമാകുമെന്നതിനാലാണ് കാണികളെ ഒഴിവാക്കിയതെന്നും നഖ്‌വി പറഞ്ഞു'


ഫൈസലാബാദ്, പെഷവാർ, റാവൽപിണ്ടി എന്നിവിടങ്ങളിൽ മത്സരങ്ങൾ നടത്താനായിരുന്നു നേരത്തെ തീരുമാനിച്ചിരുന്നത്. എന്നാൽ യാത്രയും വിഭവങ്ങളും പരിമിതപ്പെടുത്തുന്നതിന്റെ ഭാഗമായി ലാഹോർ, കറാച്ചി എന്നിവിടങ്ങളിലേക്ക് മത്സരങ്ങൾ മാറ്റി.


കാണികളില്ലാതെ മത്സരം നടത്തുമ്പോൾ ഫ്രാഞ്ചൈസികൾക്കുണ്ടാകുന്ന സാമ്പത്തിക നഷ്ടം പിസിബി ഏറ്റെടുക്കുമെന്നും നഖ്‌വി ഉറപ്പുനൽകി. ഇതിനോടകം വിറ്റുപോയ ടിക്കറ്റുകളുടെ തുക 72 മണിക്കൂറിനുള്ളിൽ തിരികെ നൽകും. നിലവിൽ സുരക്ഷാപരമായ ആശങ്കകളില്ലെന്നും അന്താരാഷ്ട്ര നിലവാരത്തിലുള്ള സുരക്ഷാ ക്രമീകരണങ്ങൾ കളിക്കാർക്കായി ഒരുക്കിയിട്ടുണ്ടെന്നും അദ്ദേഹം വ്യക്തമാക്കി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home