'ഉസ്മാൻ ഖവാജയുടെ ആരോപണം നൂറ് ശതമാനവും തെറ്റ്'; പന്ത് ചുരണ്ടൽ വിവാദത്തിൽ തുറന്നടിച്ച് പാറ്റ് കമ്മിൻസ്

പാറ്റ് കമ്മിൻസ് വാർത്ത സമ്മേളനത്തിൽ
സിഡ്‌നി: 2018 ലെ പന്തുചുരണ്ടൽ വിവാദത്തിൽ ഓസ്ട്രേലിയൻ ടീമിലെ എല്ലാവർക്കും അറിവുണ്ടായിരുന്നുവെന്ന ഉസ്മാൻ ഖവാജയുടെ ആരോപണം തള്ളി നായകൻ പാറ്റ് കമ്മിൻസ്. ഖവാജയുടെ വാദം 'നൂറ് ശതമാനവും തെറ്റാണെന്നും തികച്ചും അസംബന്ധമാണെന്നും' കമ്മിൻസ് പ്രതികരിച്ചു.
ഈ ആഴ്ച പുറത്തിറങ്ങിയ ആത്മകഥയിലാണ് മുൻ ഓപ്പണറായ ഖവാജ പന്തുചുരണ്ടൽ വിവാദത്തിൽ പുതിയ വെളിപ്പെടുത്തലുകൾ നടത്തിയത്. 2018ൽ ദക്ഷിണാഫ്രിക്കയ്ക്കെതിരായ പരമ്പരയ്ക്കിടെ പന്തിന്റെ പ്രതലം പരുക്കനാക്കി സ്വിങ് ലഭ്യമാക്കാനുള്ള നീക്കത്തെക്കുറിച്ച് കമ്മിൻസ് ഉൾപ്പെടെയുള്ള ടീമംഗങ്ങൾക്ക് അറിവുണ്ടായിരുന്നുവെന്നാണ് ആരോപണം. കേപ് ടൗണിലെ മൂന്നാം ടെസ്റ്റിന് പുറമെ പോർട്ട് എലിസബത്തിലെ രണ്ടാം ടെസ്റ്റിലും ഈ രീതി ഉപയോഗിച്ചിരുന്നുവെന്നും ഖവാജ അവകാശപ്പെട്ടു.
എന്നാൽ ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണത്തിൽ ഡേവിഡ് വാർണർ, സ്റ്റീവ് സ്മിത്ത്, കാമറൂൺ ബാൻക്രോഫ്റ്റ് എന്നിവർക്ക് മാത്രമാണ് സംഭവത്തെക്കുറിച്ച് അറിവുണ്ടായിരുന്നതെന്ന് കണ്ടെത്തിയിരുന്നു. മൂന്ന് താരങ്ങൾക്കും വിലക്കും ലഭിച്ചു.
"സാൻഡ്പേപ്പർ മൈതാനത്തേക്ക് കൊണ്ടുപോകുന്ന കാര്യം എല്ലാവർക്കും അറിയാമായിരുന്നുവെന്നാണ് ഖവാജ ഉദ്ദേശിക്കുന്നതെങ്കിൽ അത് നൂറ് ശതമാനവും തെറ്റാണ്. എനിക്ക് അക്കാര്യം അറിയില്ലായിരുന്നു. പന്തുചുരണ്ടൽ പദ്ധതിയുടെ സൂത്രധാരന്മാരിൽ ഒരാളായിരുന്നു ഞാനെന്ന ആരോപണം തികച്ചും അസംബന്ധമാണ്," കമ്മിൻസ് വാർത്താസമ്മേളനത്തിൽ പറഞ്ഞു.
ഖവാജയുടെ ആരോപണങ്ങളെ ഡേവിഡ് വാർണർ പിന്തുണച്ചപ്പോൾ, അന്നത്തെ പരിശീലകൻ ഡാരൻ ലേമാനും മുൻ ബാറ്റിങ് പരിശീലകൻ ഗ്രെയിം ഹിക്കും അവ നിഷേധിച്ചു. സാൻഡ്പേപ്പർ മൈതാനത്തേക്ക് കൊണ്ടുപോകുന്നതിനെക്കുറിച്ച് അറിവില്ലായിരുന്നുവെന്ന നിലപാട് മിച്ചൽ സ്റ്റാർക്കും ആവർത്തിച്ചു.
കേപ് ടൗൺ ടെസ്റ്റിന് ശേഷം ടീമിലെ എല്ലാവരും കൂട്ടായ ഉത്തരവാദിത്തം ഏറ്റെടുക്കണമെന്ന് താൻ ഡ്രസിങ് റൂമിൽ ആവശ്യപ്പെട്ടിരുന്നുവെന്ന് ഖവാജ പറഞ്ഞിരുന്നു. എന്നാൽ അത്തരമൊരു സംഭാഷണം നടന്നതായി ഓർമയില്ലെന്ന് കമ്മിൻസ് വ്യക്തമാക്കി.
അതേസമയം, 2018ലെ ഓസീസ് ടീമിന്റെ വിജയത്തിനായി എന്തും ചെയ്യാമെന്ന മനോഭാവത്തെ കമ്മിൻസ് വിമർശിച്ചു. അന്ന് എതിർതാരങ്ങളോടും അമ്പയർമാരോടും പെരുമാറിയിരുന്ന രീതിയിൽ അഹങ്കാരവും മോശം സമീപനവും ഉണ്ടായിരുന്നുവെന്നും ഇപ്പോഴത്തെ ടീമിൽ അത്തരമൊരു സംസ്കാരം ആവർത്തിക്കാതിരിക്കാൻ ശ്രദ്ധിക്കുന്നുണ്ടെന്നും അദ്ദേഹം പറഞ്ഞു. വിവാദത്തിൽ ക്രിക്കറ്റ് ഓസ്ട്രേലിയ പുതിയ അന്വേഷണം നടത്തില്ലെന്ന് വ്യക്തമാക്കിയിട്ടുണ്ട്.








0 comments