പുറകെ എത്തിയവർ ബാഗ് തട്ടിപ്പറിച്ചു; കവർന്നത് 15 പവൻ സ്വർണമെന്ന് കടയുടമ; സിസിടിവി ദൃശ്യങ്ങൾ പുറത്ത്

നന്ദകുമാർ മാധ്യമങ്ങളോട് സംസാരിക്കുന്നു (ഇടത്), പുറത്തുവന്ന സിസിടിവി ദൃശ്യത്തിൽനിന്ന് (വലത്)
തിരുവനന്തപുരം: തിരുവനന്തപുരം നഗരമധ്യത്തിലുണ്ടായ വൻ സ്വർണക്കവർച്ചയിൽ കൂടുതൽ വെളിപ്പെടുത്തലുമായി കടയുടമ. ചാല മാർക്കറ്റിലെ വൈഷ്ണവി ജ്വല്ലറിയുടെ ഉടമ മഹാരാഷ്ട്ര സ്വദേശി നന്ദകുമാറിൽനിന്നാണ് കൊള്ളസംഘം സ്വർണം കവർന്നത്. രാത്രി പത്തരയോടെ കടപൂട്ടി വീട്ടിലേക്ക് മടങ്ങവെയായിരുന്നു കവർച്ച. 15 പവനോളം സ്വർണമാണ് നഷ്ടമായതെന്ന് കടയുടമ മാധ്യമങ്ങളോട് പറഞ്ഞു.
പല കടകളിൽനിന്നുള്ള പഴയ സ്വർണമാണ് പക്കലുണ്ടായിരുന്നത്. ഇത്തരത്തിലുള്ള സ്വർണം ശുദ്ധീകരിക്കാൻ വീട്ടിലേക്ക് കൊണ്ടുപോകാറുണ്ട്. മകനൊപ്പമാണ് വീട്ടിലേക്ക് മടങ്ങിയത്. മരക്കട റോഡിലെത്തിയപ്പോൾ രണ്ട് ബൈക്കുകളിലായെത്തിയ മൂന്ന് പേർ കവർച്ച നടത്തുകയായിരുന്നു. പുറകെ എത്തിയവർ തന്റെ പക്കലുണ്ടായിരുന്ന ബാഗ് തട്ടിപ്പറിച്ച് കടന്നുകളയുകയായിരുന്നുവെന്നും നന്ദകുമാർ പറഞ്ഞു. 30 വർഷത്തോളമായി കച്ചവടം ചെയ്തുവരികയാണ് നന്ദകുമാർ.
അതേസമയം സംഭവസമയത്തെ സിസിടിവി ദൃശ്യങ്ങൾ പുറത്തുവന്നു. രണ്ടുപേർ ബൈക്കിൽ മടങ്ങുന്നതാണ് ദൃശ്യത്തിലുള്ളത്. ഫോർട്ട് എസ്എച്ച്ഒ ശ്രീകാന്തിന്റെ നേതൃത്വത്തിലുള്ള സംഘവും ഡാൻസാഫ് സംഘവും വിശദമായ അന്വേഷണം നടത്തുന്നുണ്ട്. സമീപത്തെ മറ്റ് സിസിടിവി ദൃശ്യങ്ങളും പരിശോധിക്കും.







0 comments