ട്രെയിൻ അട്ടിമറി ശ്രമം: റെയിൽവേ ട്രാക്കിൽ കൂറ്റൻ കല്ല് വച്ച യുവാവ് അറസ്റ്റിൽ

ട്രെയിൻ അട്ടിമറി ശ്രമം നടത്തിയ നന്ദകുമാറിനൊപ്പം റെയിൽവേ പൊലീസ്, ആർപിഎഫ് സംഘം
പാലക്കാട്: പൊള്ളാച്ചി - മീനാക്ഷിപുരം റെയിൽവേ പാതയിൽ ട്രാക്കിൽ കൂറ്റൻ കല്ലുവച്ച് ട്രെയിൻ അട്ടിമറിക്കാൻ ശ്രമിച്ച യുവാവ് അറസ്റ്റിൽ. പൊള്ളാച്ചി ജമ്മേൻ മുത്തൂർ സ്വദേശി നന്ദകുമാർ (24) ആണ് പിടിയിലായത്. പാലക്കാട് ഡിവിഷൻ ആർപിഎഫും റെയിൽവേ പൊലീസും നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതി പിടിയിലായത്.
ഒക്ടോബർ 29ന് പുലർച്ചെ 5.22-നാണ് കേസിനാസ്പദമായ സംഭവം. പൊള്ളാച്ചി-–പാലക്കാട് മെമു പൊള്ളാച്ചി വിട്ട് പാലക്കാട് ഭാഗത്ത് എത്തിയപ്പോൾ ട്രാക്കിൽ വച്ചിരുന്ന 40 കിലോയോളം ഭാരമുള്ള കല്ലിൽ ഇടിക്കുകയായിരുന്നു. ഇടിയുടെ ആഘാതത്തിൽ ട്രെയിനിന്റെ കാറ്റിൽ ഗാർഡിന് കേടുപാടുകൾ സംഭവിച്ചെങ്കിലും ആളപായമുണ്ടായില്ല.
സംഭവത്തിനുപിന്നാലെ പാലക്കാട് ആർപിഎഫ് ഡിവിഷണൽ സെക്യൂരിറ്റി കമീഷണർ, കോയമ്പത്തൂർ റെയിൽവേ പൊലീസ് ഡെപ്യൂട്ടി സൂപ്രണ്ട്, ആനമല പൊലീസ് എന്നിവർ സ്ഥലത്തെത്തി പരിശോധന നടത്തി.
പോത്തന്നൂരിൽനിന്നുള്ള ഡോഗ് സ്ക്വാഡും തെളിവെടുപ്പിനെത്തി. കൊല്ലങ്കോട് സീനിയർ സെക്ഷൻ എൻജിനിയറുടെ പരാതിയിൽ പാലക്കാട് ഡിഎസിയുടെ മേൽനോട്ടത്തിൽ ആർപിഎഫും റെയിൽവേ പൊലീസും ഉൾപ്പെടുന്ന പ്രത്യേക അന്വേഷകസംഘം രൂപീകരിച്ചു. 24- സിസിടിവി, ഡ്രോൺ വഴിയുള്ള പരിശോധനകൾ, മൊബൈൽ ടവർ വിവരങ്ങൾ, കോൾ റെക്കോർഡുകൾ എന്നിവ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിനൊടുവിലാണ് പ്രതിയെ തിരിച്ചറിഞ്ഞത്. സംഭവസ്ഥലത്തിനുസമീപം കുടുംബത്തോടൊപ്പം താമസിക്കുകയായിരുന്നു പ്രതി ഒക്ടോബർ 28ന് രാത്രി മദ്യപിച്ച് കുടുംബവഴക്കുണ്ടാക്കുകയും തുടർന്നുണ്ടായ ദേഷ്യത്തിൽ പുലർച്ചെ 3.30-ന് ട്രാക്കിൽ കല്ല് കൊണ്ടുവയ്‌ക്കുകയായിരുന്നു. അറസ്റ്റ് ചെയ്ത പ്രതിയെ കോയമ്പത്തൂർ ജുഡീഷ്യൽ മജിസ്ട്രേറ്റ് കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു.








0 comments