ഐപിഎൽ 2026;ഓറഞ്ച്,പർപ്പിൾ ക്യാപ് പോരാട്ടം കടുക്കുന്നു

മുംബൈ: ഐപിഎല്ലിൽ ഞായറാഴ്ച നടന്ന പോരാട്ടങ്ങൾക്ക് പിന്നാലെ ഓറഞ്ച്, പർപ്പിൾ ക്യാപ് പട്ടികകളിൽ വൻ മാറ്റങ്ങൾ. ബാറ്റിങ്ങിലും ബൗളിങ്ങിലും മിന്നും പ്രകടനം കാഴ്ചവെച്ച താരങ്ങൾ പോയിന്റ് പട്ടികയിൽ മുൻനിരയിലേക്ക് കുതിച്ചു. ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് - ഗുജറാത്ത് ടൈറ്റൻസ്, മുംബൈ ഇന്ത്യൻസ് - റോയൽ ചലഞ്ചേഴ്സ് ബെംഗളൂരു മത്സരങ്ങളാണ് നിലവിലെ റാങ്കിങ്ങിനെ സ്വാധീനിച്ചത്.
സീസണിലെ നാല് ഇന്നിംഗ്‌സുകളിൽ നിന്ന് തന്റെ രണ്ടാമത്തെ അർധസെഞ്ചുറി കുറിച്ച ആർസിബി നായകൻ രജത് പാട്ടിദാർ റൺവേട്ടക്കാരുടെ പട്ടികയിൽ രണ്ടാം സ്ഥാനത്തേക്ക് ഉയർന്നു. മുംബൈ ഇന്ത്യൻസിനെതിരെ വെറും 20 പന്തിൽ 53 റൺസെടുത്ത പാട്ടിദാറിന് ഇപ്പോൾ നാല് ഇന്നിംഗ്‌സുകളിൽ നിന്നായി 195 റൺസുണ്ട്.
രാജസ്ഥാൻ റോയൽസിന്റെ വൈഭവ് സൂര്യവംശിയാണ് നിലവിൽ ഒന്നാമത്. ഹൈദരാബാദിന്റെ ഹെൻറിച്ച് ക്ലാസനെ പിന്നിലാക്കിയാണ് പാട്ടിദാർ രണ്ടാം സ്ഥാനത്തെത്തിയത്. മുംബൈയ്ക്കെതിരെ 50 റൺസ് നേടിയ വിരാട് കോലി 179 റൺസുമായി അഞ്ചാം സ്ഥാനത്തുമുണ്ട്.
ബൗളിങ്ങിൽ കഴിഞ്ഞ സീസണിലെ പർപ്പിൾ ക്യാപ് ജേതാവായ പ്രസിദ്ധ് കൃഷ്ണ വീണ്ടും ഒന്നാം സ്ഥാനത്തെത്തി. ലഖ്‌നൗവിനെതിരായ മത്സരത്തിൽ 28 റൺസ് വഴങ്ങി 4 വിക്കറ്റ് വീഴ്ത്തിയ പ്രകടനമാണ് ഗുജറാത്ത് ടൈറ്റൻസ് താരത്തെ മുൻനിരയിലെത്തിച്ചത്.
നാല് മത്സരങ്ങളിൽ നിന്നായി 10 വിക്കറ്റുകളാണ് പ്രസിദ്ധിന്റെ സമ്പാദ്യം. ഒൻപത് വിക്കറ്റുകളുള്ള രാജസ്ഥാൻ റോയൽസിന്റെ രവി ബിഷ്ണോയിയെ പിന്തള്ളിയാണ് പ്രസിദ്ധിന്റെ കുതിപ്പ്. ചെന്നൈ സൂപ്പർ കിംഗ്‌സിന്റെ അൻഷുൽ കംബോജ് എട്ട് വിക്കറ്റുകളുമായി മൂന്നാം സ്ഥാനത്താണ്.
നിലവിലെ ഓറഞ്ച് ക്യാപ് പട്ടികയിൽ യശസ്വി ജയ്‌സ്വാൾ നാലാം സ്ഥാനം നിലനിർത്തിയപ്പോൾ, ലഖ്‌നൗവിന്റെ പ്രിൻസ് യാദവും ആർസിബിയുടെ ജേക്കബ് ഡഫിയും ആറ് വിക്കറ്റുകൾ വീതം നേടി പർപ്പിൾ ക്യാപ് പട്ടികയിൽ നാലാം സ്ഥാനത്തെത്തി. വരും ദിവസങ്ങളിൽ മുംബൈയും ബെംഗളൂരുവും കൂടുതൽ മത്സരങ്ങൾ കളിക്കാനിരിക്കെ ഈ പട്ടികകളിൽ ഇനിയും വൻ മാറ്റങ്ങൾ പ്രതീക്ഷിക്കാം.










0 comments