ഇന്ത്യ–വിൻഡീസ് ഏകദിനം: കാര്യവട്ടത്തെ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പന ഇന്ന് മുതൽ

രോഹിത് ശർമ്മ (ഇടത്) വിരാട് കോഹ്‌ലി (വലത്) | Photo: AFP
തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് അന്താരാഷ്ട്ര സ്റ്റേഡിയത്തിൽ നടക്കുന്ന ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പരയിലെ ആദ്യ മത്സരത്തിനുള്ള ടിക്കറ്റ് വിൽപ്പനയ്ക്ക് ഇന്ന് (സെപ്റ്റംബർ 17) തുടക്കമാകും. ഹോട്ടൽ ഹയാത്ത് റീജൻസിയിൽ വൈകിട്ട് ഏഴിന് നടക്കുന്ന ചടങ്ങിലാണ് ടിക്കറ്റ് വിൽപ്പന ഉദ്ഘാടനം ചെയ്യുക. കേരള ക്രിക്കറ്റ് അസോസിയേഷനാണ് ഇക്കാര്യം അറിയിച്ചത്.
ടിക്കറ്റ് ജീനി (Ticket Genie.in) പ്ലാറ്റ്‌ഫോമിലൂടെ ഓൺലൈനായി ടിക്കറ്റുകൾ ബുക്ക് ചെയ്യാം. ടിക്കറ്റ് നിരക്കുകൾ ഉദ്ഘാടന ചടങ്ങിൽ പ്രഖ്യാപിക്കും. ഗ്യാലറി, പവലിയൻ, പവലിയൻ എ, പവലിയൻ ജെ, എലൈറ്റ് പവലിയൻ, കെസിഎ ബോക്സ് ഹോസ്പിറ്റാലിറ്റി എന്നീ വിഭാഗങ്ങളിലാണ് ടിക്കറ്റുകൾ ലഭിക്കുക. വിദ്യാർഥികൾക്ക് ഇത്തവണയും പ്രത്യേക നിരക്കിൽ ടിക്കറ്റുകൾ ലഭ്യമാകും.
സെപ്റ്റംബർ 27നാണ് തിരുവനന്തപുരത്ത് ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ആദ്യ ഏകദിനം. മത്സരത്തിന് മുന്നോടിയായി പാർക്കിങ്, കുടിവെള്ളം ഉൾപ്പെടെയുള്ള സൗകര്യങ്ങൾ ഒരുക്കിയതായി കെസിഎ അറിയിച്ചു.
രണ്ടാം ഏകദിനം സെപ്റ്റംബർ 30ന് ഗുവാഹത്തിയിലെ ബർസാപര ക്രിക്കറ്റ് സ്റ്റേഡിയത്തിലും മൂന്നാം മത്സരം ഒക്ടോബർ 3ന് മൊഹാലിയിലെ പിസിഎ സ്റ്റേഡിയത്തിലുമാണ് നടക്കുക. ഏകദിന പരമ്പരയ്ക്ക് ശേഷം ഒക്ടോബർ 6 മുതൽ 17 വരെ അഞ്ച് മത്സരങ്ങളടങ്ങിയ ട്വന്റി പരമ്പരയും നടക്കും. ലഖ്നൗ, റാഞ്ചി, ഇൻഡോർ, ഹൈദരാബാദ്, ബംഗളൂരു എന്നിവിടങ്ങളിലാണ് ട്വന്റി20 മത്സരങ്ങൾ.









0 comments