'കോടതിയെ നിർബന്ധിപ്പിക്കരുത്' മണിപ്പൂർ സർക്കാരിന് സുപ്രീംകോടതിയുടെ അതിരൂക്ഷ വിമർശനം

ന്യൂഡൽഹി: മണിപ്പൂരിലെ ദുരിതാശ്വാസ ക്യാമ്പുകളിൽ നടന്ന അസ്വഭാവിക മരണങ്ങളിലും ലൈംഗികാതിക്രമങ്ങളിലും ആശങ്ക അറിയിച്ച് സുപ്രീംകോടതി. 2023-ലെ മണിപ്പൂർ കലാപവുമായി ബന്ധപ്പെട്ട ലൈംഗികാതിക്രമ കേസുകളുടെ അന്വേഷണവും നടപടികളും സംബന്ധിച്ച ഹർജികൾ പരിഗണിച്ച സുപ്രീംകോടതി മണിപ്പൂർ സർക്കാരിനെ അതിരൂക്ഷമായി വിമർശിച്ചു. ക്യാമ്പിൽ റിപ്പോർട്ട് ചെയ്ത എല്ലാ മരണങ്ങളുമായി ബന്ധപ്പെട്ട പോസ്റ്റ്‌മോർട്ടം റിപ്പോർട്ടുകളും മറ്റ് രേഖകളും ഉൾപ്പെടെയുള്ള വിശദമായ റിപ്പോർട്ട് സമർപ്പിക്കാൻ സർക്കാരിനോട് കോടതി നിർദേശിച്ചു. ചീഫ് ജസ്റ്റിസ് സൂര്യ കാന്ത്, ജസ്റ്റിസ് ജോയ്മല്യ ബാഗ്ചി, ജസ്റ്റിസ് വി മോഹന എന്നിവരടങ്ങിയ ബെഞ്ചാണ് സർക്കാരിന്റെ വീഴ്ചകളിൽ കടുത്ത അതൃപ്തി രേഖപ്പെടുത്തിയത്.
ഒരു ഉത്തരവ് പുറപ്പെടുവിക്കാൻ കോടതിയെ നിർബന്ധിക്കരുതെന്ന് ചീഫ് സെക്രട്ടറിയോട് പറഞ്ഞേക്കൂവെന്ന് കോടതി രൂക്ഷമായ ഭാഷയിൽ വിമർശിച്ചു. ഇതുവരെ എടുത്ത നടപടികൾ എന്തൊക്കെയാണെന്ന് അറിയിക്കണം. എല്ലാ ദുരൂഹ മരണങ്ങൾക്കും എഫ്ഐആർ രജിസ്റ്റർ ചെയ്തിട്ടുണ്ടെന്നും മരണകാരണങ്ങളെക്കുറിച്ച് കൃത്യമായ അന്വേഷണം നടക്കുന്നുണ്ടെന്നും ഉറപ്പാക്കാനും ഉടൻ നടപടിയെടുക്കാൻ മണിപ്പൂർ ലീഗൽ സർവീസസ് അതോറിറ്റിയോട് കോടതി നിർദേശിച്ചു.
ദുരിതാശ്വാസ ക്യാമ്പുകളിൽ കഴിയുന്ന കുടിയിറക്കപ്പെട്ട ആളുകളുടെ സുരക്ഷയുമായി ബന്ധപ്പെട്ടും കോടതി ചോദ്യങ്ങൾ ആരാഞ്ഞു. ജമ്മു കശ്മീർ ഹൈക്കോടതി മുൻ ചീഫ് ജസ്റ്റിസ് ഗീത മിത്തലിന്റെ നേതൃത്വത്തിലുള്ള സമിതിയുടെ റിപ്പോർട്ടിനെ ചൂണ്ടിക്കാണിച്ചായിരുന്നു കോടതി ചോദ്യങ്ങൾ ഉന്നയിച്ചത്. റിപ്പോർട്ട് പ്രകാരം, എട്ട് ജില്ലകളിലെ ദുരിതാശ്വാസ ക്യാമ്പുകളിലായി 640 മരണങ്ങളാണ് രേഖപ്പെടുത്തിയത്. ക്രിമിനൽ കേസുകൾ രജിസ്റ്റർ ചെയ്തിട്ടും 20 കേസുകളിൽ മാത്രമാണ് പോസ്റ്റ്‌മോർട്ടം നടത്തിയത്. എന്തുകൊണ്ട് 20 പോസ്റ്റ്‌മോർട്ടങ്ങൾ മാത്രം നടത്തി, 20,000 രൂപ മുതൽ 30,000 രൂപ വരെ മാത്രം നഷ്ടപരിഹാരം നൽകിയത് എന്തുകൊണ്ടാണ്..? കോടതി ചോദിച്ചു.
എട്ട് ജില്ലകളിലായി 42 പ്രത്യേക അന്വേഷണ സംഘങ്ങളെ (എസ്ഐടി) രൂപീകരിച്ചതായും 3020 കേസുകളിൽ അന്വേഷണം നടക്കുകയാണെന്നും അഡീഷണൽ സോളിസിറ്റർ ജനറൽ ഐശ്വര്യ ഭാട്ടി കോടതിയെ അറിയിച്ചു. രജിസ്റ്റർ ചെയ്തതിൽ 302 കേസുകളിൽ കുറ്റപത്രം സമർപ്പിക്കുകയും 1,583 കേസുകളിൽ ക്ലോഷർ റിപ്പോർട്ടും നൽകി. 1,135 കേസുകളിൽ അന്വേഷണം തുടരുന്നു, 33 കേസുകളിൽ വിചാരണ ആരംഭിച്ചുവെന്നും ഐശ്വര്യ ഭാട്ടി പറഞ്ഞു.









0 comments