ad
Deshabhimani

ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റ്; മത്സരിക്കാനാകാതെ ചൈന പുറത്ത്, പാകിസ്ഥാൻ സെമിയിൽ

asian games

Photo:AFP,ICC

വെബ് ഡെസ്ക്

Published on Sep 17, 2026, 03:31 PM | 1 min read

നഗോയ : ഏഷ്യൻ ഗെയിംസ് വനിതാ ക്രിക്കറ്റിൽ 12 വർഷത്തിന് ശേഷം തിരിച്ചെത്തിയ ചൈനയ്ക്ക് മത്സരിക്കാനാകാതെ പുറത്താകേണ്ടിവന്നു. ബംഗ്ലാദേശിനെതിരായ ക്വാർട്ടർ ഫൈനൽ മഴയെ തുടർന്ന് ഒരു പന്തുപോലും എറിയാതെ ഉപേക്ഷിച്ചതോടെയാണ് ചൈന പുറത്തായത്.


നഗോയയിലെ കൊറോഗി അത്‌ലറ്റിക് പാർക്കിൽ ദിവസങ്ങളായി പെയ്ത മഴയെ തുടർന്ന് ഔട്ട്ഫീൽഡ് നനഞ്ഞുകിടന്നതാണ് മത്സരം മുടങ്ങാൻ കാരണം. ഏഷ്യൻ ഗെയിംസ് മത്സരച്ചട്ടപ്രകാരം ഉയർന്ന റാങ്കുള്ള ടീമായ ബംഗ്ലാദേശിനെ വിജയിയായി പ്രഖ്യാപിക്കുകയും സെമിഫൈനലിലേക്ക് എത്തുകയും ചെയ്തു.


മറ്റൊരു ക്വാർട്ടർ ഫൈനലിൽ തായ്‌ലൻഡിനെ ഏഴ് വിക്കറ്റിന് തോൽപ്പിച്ച് പാകിസ്ഥാനും സെമിയിലെത്തി. മഴമൂലം മത്സരം 11 ഓവർ വീതമാക്കി ചുരുക്കുകയായിരുന്നു. ആദ്യം ബാറ്റ് ചെയ്ത തായ്‌ലൻഡ് 11 ഓവറിൽ നാല് വിക്കറ്റ് നഷ്ടത്തിൽ 91 റൺസെടുത്തു. വിക്കറ്റ് കീപ്പർ നന്നപത് കോൻചാരോൻകായ് 49 റൺസെടുത്തു. മറുപടി ബാറ്റിങ്ങിൽ പാകിസ്ഥാൻ 11.4 ഓവറിൽ ഏഴ് വിക്കറ്റ് നഷ്ടത്തിൽ 92 റൺസെടുത്ത് വിജയം സ്വന്തമാക്കി.


ഒരാഴ്ച മുമ്പുണ്ടായ കനത്ത മഴയിൽ വെള്ളപ്പൊക്കമുണ്ടാകുകയും ഏഷ്യൻ ഗെയിംസ് താരങ്ങളിൽ ചിലരെ താമസസ്ഥലങ്ങളിൽ നിന്ന് ഒഴിപ്പിക്കുകയും ചെയ്തിരുന്നു. ഇതിന്റെ പ്രതിഫലനം കൊറോഗി പാർക്കിലെ ഔട്ട്ഫീൽഡിലും തുടരുകയാണ്.


വെള്ളിയാഴ്ച (നാളെ) ശ്രീലങ്ക–മലേഷ്യ, ജപ്പാൻ–ഇന്ത്യ ക്വാർട്ടർ ഫൈനലുകൾ നടക്കും. ശനിയാഴ്ചയാണ് ഏഷ്യൻ ഗെയിംസിന്റെ ഔദ്യോഗിക ഉദ്ഘാടനച്ചടങ്ങ്. ഞായറാഴ്ചയും ചൊവ്വാഴ്ചയും നിശ്ചയിച്ചിരിക്കുന്ന സെമിഫൈനൽ, മെഡൽ മത്സരങ്ങൾക്ക് പ്രതികൂല കാലാവസ്ഥയും ടൈഫൂൺ ഭീഷണിയും വെല്ലുവിളിയായേക്കും.


പുരുഷ ക്രിക്കറ്റ് മത്സരങ്ങളുടെ പ്രാഥമിക റൗണ്ട് അടുത്ത വ്യാഴാഴ്ച ആരംഭിക്കും. ഇന്ത്യ, ശ്രീലങ്ക, പാകിസ്ഥാൻ, ബംഗ്ലാദേശ് ടീമുകൾ ക്വാർട്ടർ ഫൈനൽ ഘട്ടത്തിലാണ് പ്രവേശിക്കുക.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home