കേടായ യന്ത്രവാളിന്റെ സർവീസ് ചാർജ് മടക്കിനൽകിയില്ല; കോട്ടയം സ്വദേശിയുടെ പരാതിയിൽ ആമസോണിന് പിഴ

കോട്ടയം: കേടായതിനെത്തുടർന്ന് തിരികെ നൽകിയ യന്ത്രവാളിന്റെ ഓഫർ പ്രോസസിങ് ഫീ എന്ന പേരിൽ ഈടാക്കിയ തുക തിരിച്ചുനൽകാതിരുന്ന ഓൺലൈൻ വ്യാപാര പ്ലാറ്റ്ഫോം ആമസോണിന് പിഴയിട്ട് ജില്ലാ ഉപഭോക്തൃ തർക്ക പരിഹാര കമീഷൻ. കോട്ടയം മാഞ്ഞൂർ തെങ്ങുംപള്ളി സ്വദേശി ഡോൺ പോൾ നൽകിയ പരാതിയിലാണ് വിധി.
2025 സെപ്‌തംബറിലാണ് പരാതിക്കാരൻ ഓഫർ വിലയായ 9088.74 രൂപ വിസ ഡെബിറ്റ് കാർഡ് വഴി നൽകി യന്ത്രവാൾ വാങ്ങിയത്. പാക്കറ്റ് പൊട്ടിയ നിലയിലും നേരത്തെ ഉപയോഗിച്ച ലക്ഷണത്തോടെയും ലഭിച്ച വാൾ ഉപയോഗശൂന്യവുമായിരുന്നു. ഇത് തിരികെ നൽകിയപ്പോൾ 9044.15 രൂപ റീഫണ്ട് ലഭിച്ചു. എന്നാൽ ഓഫർ പ്രോസസിങ് ഫീ ആയി ഈടാക്കിയ 44.59 രൂപ കിട്ടിയില്ല. ഈ തുക ആവശ്യപ്പെട്ട് പലതവണ കമ്പനിയെ സമീപിച്ചിട്ടും നടപടിയുണ്ടാകാതെ വന്നതോടെയാണ് കമീഷനിൽ പരാതി നൽകിയത്.
ഉൽപന്നത്തിന്റെ പണം തിരിച്ചുനൽകിയെന്നും വിസ ഡെബിറ്റ് കാർഡ് ഓഫർ നൽകിയത് ആമസോൺ ആണെന്നും ഇതിന്റെ സർവീസ് ചാർജ് ഈടാക്കിയതിന്റെ ഉത്തരവാദിത്വം അവർക്കാണെന്നും നിർമാതാക്കൾ കമീഷനെ ബോധിപ്പിച്ചിരുന്നു. ഇടപാട് തന്നെ റദ്ദായിട്ടും വാങ്ങിയ തുകയിലൊരു ഭാഗം തടഞ്ഞുവച്ചത് ന്യായമല്ലാത്ത വ്യാപാരരീതിയും സേവന ന്യൂനതയുമാണെന്ന് കമീഷൻ കണ്ടെത്തി. 44.59 രൂപ തിരിച്ചുനൽകുന്നതിന് പുറമേ പരാതിക്കാരന്റെ മാനസിക ബുദ്ധിമുട്ടുകൾക്ക് 10,000 രൂപ നഷ്ടപരിഹാരവും കോടതി ചെലവിനത്തിൽ 3,000 രൂപയും നൽകാൻ കമീഷൻ പ്രസിഡന്റ് വി എസ് മനുലാൽ, അംഗം അഡ്വ. ആർ ബിന്ദു എന്നിവരുൾപ്പെട്ട ബെഞ്ച് ഉത്തരവിട്ടു.









0 comments