ad
Deshabhimani

യുപിയിലെ ആശുപത്രിയില്‍ രോ​ഗികളെ പരിശോധിക്കുന്നത് ഡ്രൈവർ ; ദൃശ്യങ്ങള്‍ പുറത്ത്

kanpur
വെബ് ഡെസ്ക്

Published on Sep 17, 2026, 03:45 PM | 1 min read

കാൺപൂർ : ഉത്തർപ്രദേശിലെ സർക്കാർ ആശുപത്രിയിൽ ഡോക്ടറുടെ അഭാവത്തിൽ ​ഡ്രൈവർ രോ​ഗികൾക്ക് മരുന്ന് കുറിച്ചു നൽകി. കാൺപൂരിലെ കാൻഷി റാം സംയുക്ത ആശുപത്രിയിലാണ് സംഭവം. യുപിയിലെ സര്‍ക്കാര്‍ ആശുപത്രികളുടെ കെടുകാര്യസ്ഥത വ്യക്തമാക്കുന്ന സംഭവങ്ങളില്‍ മറ്റൊന്ന് കൂടി പുറത്തുവന്നിരിക്കുകയാണ്.
കോടതിയിലെ ആവശ്യത്തിനായി എമർജൻസി മെഡിക്കൽ ഓഫീസർ ഡോ. രാംകേഷ് പുറത്തുപോയ സമയത്താണ് സംഭവം നടന്നത്. ആശുപത്രിയിലെ ഡ്രൈവർ രോ​ഗികളെ പരിശോധിക്കുന്ന ദൃശ്യങ്ങൾ സോഷ്യൽമീഡിയയിൽ വൈറലായി. ഡോക്ടറുടെ കസേരയിലിരുന്ന ഡ്രൈവർ ഒപിയിലെത്തിയ രോഗികളുടെ അസുഖവിവരങ്ങൾ ചോദിച്ചറിയുകയും കുറിപ്പടിയിൽ മരുന്നുകൾ എഴുതി നൽകുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.


ആശുപത്രിയിൽ ലഭ്യമല്ലാത്ത മരുന്നുകൾ പുറത്തുള്ള മെഡിക്കൽ സ്റ്റോറുകളിൽ നിന്ന് വാങ്ങാൻ രോഗികളോട് ആവശ്യപ്പെടുകയും ചെയ്തു. സംഭവം വിവാദമായതോടെ ആശുപത്രി അധികൃതർ ഡോ. രാംകേഷിനോട് വിശദീകരണം തേടിയിട്ടുണ്ട്. തൃപ്തികരമായ മറുപടി നൽകിയില്ലെങ്കിൽ ഡോക്ടർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്ന് അധികൃതർ അറിയിച്ചു. ഡോക്ടർമാർക്ക് പകരം മറ്റാരെങ്കിലും ഒപിയിൽ രോഗികൾക്ക് മരുന്ന് കുറിക്കുന്നത് കണ്ടെത്തിയാൽ കർശന നടപടിയുണ്ടാകുമെന്നും ബന്ധപ്പെട്ട ഡോക്ടർക്കെതിരെ എഫ്ഐആർ രജിസ്റ്റർ ചെയ്യുമെന്നും അധികൃതർ മുന്നറിയിപ്പ് നൽകി.

തന്റെ ഡ്രൈവര്‍ തന്നെയാണ് ദൃശ്യങ്ങളിൽ മരുന്ന് എഴുതുന്നതെന്ന് ഡോ. രാംകേഷ് പിന്നീട് സമ്മതിച്ചു. തന്‍റെ അറിവോ സമ്മതമോയില്ലാതെയാണ് ഡ്രൈവര്‍ മരുന്നുകള്‍ കുറിച്ചുനല്‍കിയതെന്നും രാംകേഷ് പറഞ്ഞു. സംഭവത്തെ തുടർന്ന് ഡ്രൈവറെ ജോലിയിൽ നിന്ന് നീക്കം ചെയ്തതായും ഡോക്ടർ പറഞ്ഞു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home