ad
Deshabhimani

സ്റ്റാർക്കില്ലെങ്കിലും ഡൽഹി പതറില്ല; സ്റ്റാർക്കിനെ ബുംറയോട് ഉപമിച്ച് ഡൽഹി ബൗളിങ്ങ് കോച്ച് മുനാഫ് പട്ടേൽ

m patel starc
വെബ് ഡെസ്ക്

Published on Apr 08, 2026, 10:34 AM | 1 min read

ന്യൂഡൽഹി: ഐപിഎൽ സീസണിലെ ആദ്യ രണ്ട് മത്സരങ്ങളും വിജയിച്ച് മികച്ച ഫോമിൽ നിൽക്കുന്ന ഡൽഹി ക്യാപിറ്റൽസിന് മിച്ചൽ സ്റ്റാർക്കിന്റെ അഭാവം നിലവിൽ ഒരു പ്രതിസന്ധിയാകുന്നില്ലെന്ന് ബൗളിങ്ങ് പരിശീലകൻ മുനാഫ് പട്ടേൽ.


ഗുജറാത്ത് ടൈറ്റൻസുമായുള്ള നിർണ്ണായക പോരാട്ടത്തിന് മുന്നോടിയായി നടന്ന വാർത്താസമ്മേളനത്തിലാണ് മുനാഫ് ടീമിന്റെ നിലപാട് വ്യക്തമാക്കിയത്. പരിക്കിനെത്തുടർന്ന് നിലവിൽ വിശ്രമത്തിലുള്ള സ്റ്റാർക്ക്, ടൂർണമെന്റിന്റെ അടുത്ത ഘട്ടത്തിൽ ടീമിനൊപ്പം ചേരുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


ടീം വിജയവഴിയിലായതിനാൽ സ്റ്റാർക്കിന്റെ കുറവ് ഇപ്പോൾ അനുഭവപ്പെടുന്നില്ലെങ്കിലും വരാനിരിക്കുന്ന മത്സരങ്ങളിൽ പ്രകടനം മോശമായാൽ അദ്ദേഹത്തിന്റെ അഭാവം തീർച്ചയായും ചർച്ച ചെയ്യപ്പെടുമെന്ന് മുനാഫ് പറഞ്ഞു.


ലോക ക്രിക്കറ്റിൽ സ്റ്റാർക്കിനോളം മികച്ച മറ്റൊരു ബൗളർ ഇല്ലെന്ന് അഭിപ്രായപ്പെട്ട അദ്ദേഹം, താരതമ്യം ചെയ്യാൻ ജസ്പ്രിത് ബുംറ മാത്രമേയുള്ളൂവെന്നും കൂട്ടിച്ചേർത്തു. 140 കിലോമീറ്ററിലധികം വേഗതയിൽ പന്തെറിയാനും പുതിയ പന്ത് കൃത്യമായി സ്വിങ് ചെയ്യിക്കാനുമുള്ള സ്റ്റാർക്കിന്റെ കഴിവ് ടീമിന് വലിയ മുതൽക്കൂട്ടാണെന്നും അദ്ദേഹം ഓർമ്മിപ്പിച്ചു.


സ്റ്റാർക്കിന്റെ തിരിച്ചുവരവ് സംബന്ധിച്ച് നിലവിൽ ഔദ്യോഗിക സ്ഥിരീകരണമൊന്നും ലഭ്യമല്ലെന്ന് മുനാഫ് വ്യക്തമാക്കി. ഓസ്‌ട്രേലിയൻ ക്രിക്കറ്റ് ബോർഡിന്റെ ഫിസിയോയോ ഡോക്ടറോ നൽകുന്ന വിവരങ്ങൾക്കായി കാത്തിരിക്കുകയാണ് ഡൽഹി മാനേജ്‌മെന്റ്.


വരാനിരിക്കുന്ന വർഷത്തിൽ 21 ടെസ്റ്റ് മത്സരങ്ങൾ കളിക്കേണ്ടതുള്ളതിനാൽ സ്റ്റാർക്കിന്റെ ജോലിഭാരം ക്രമീകരിക്കുന്നതിൽ ക്രിക്കറ്റ് ഓസ്‌ട്രേലിയ അതീവ ജാഗ്രത പുലർത്തുന്നുണ്ട്. ഇത് താരത്തിന്റെ ഐപിഎല്ലിലെ ലഭ്യതയെ ബാധിക്കുമോ എന്ന ആശങ്ക നിലനിൽക്കുന്നുണ്ട്.


കഴിഞ്ഞ 2025 സീസണിൽ ഡൽഹി ക്യാപിറ്റൽസിനായി മികച്ച പ്രകടനമായിരുന്നു മിച്ചൽ സ്റ്റാർക്ക് കാഴ്ചവെച്ചിരുന്നത്. 11 മത്സരങ്ങളിൽ നിന്ന് 14 വിക്കറ്റുകൾ വീഴ്ത്തിയ താരം, രാജസ്ഥാൻ റോയൽസിനെതിരായ സൂപ്പർ ഓവർ വിജയത്തിൽ നിർണ്ണായക പങ്ക് വഹിച്ചിരുന്നു.


ഐപിഎൽ കരിയറിൽ ഇതുവരെ 52 മത്സരങ്ങളിൽ നിന്നായി 65 വിക്കറ്റുകൾ ഈ ഇടംകൈയ്യൻ പേസർ സ്വന്തമാക്കിയിട്ടുണ്ട്. അതുകൊണ്ട് തന്നെ ടൂർണമെന്റിന്റെ നിർണ്ണായക ഘട്ടത്തിൽ സ്റ്റാർക്കിന്റെ സാന്നിധ്യം ഡൽഹിക്ക് അനിവാര്യമാണ്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home