ad
Deshabhimani

നികുതി അടക്കുന്നതിലും 'ക്യാപ്റ്റൻ കൂൾ' തന്നെ താരം; ബീഹാറിലും ജാർഖണ്ഡിലും എംഎസ് ധോണി ഒന്നാമത്

DHONI

Photo Credit: Getty Images

വെബ് ഡെസ്ക്

Published on May 08, 2026, 03:05 PM | 1 min read

റാഞ്ചി: 2025-2026 സാമ്പത്തിക വർഷത്തിൽ ബീഹാർ, ജാർഖണ്ഡ് സംസ്ഥാനങ്ങളിൽ നിന്ന് ഏറ്റവും കൂടുതൽ ആദായനികുതി അടച്ച വ്യക്തിഗത നികുതിദാതാവായി മുൻ ഇന്ത്യൻ ക്രിക്കറ്റ് ടീം നായകൻ എംഎസ് ധോണി.


പ്രിൻസിപ്പൽ ചീഫ് ഇൻകം ടാക്സ് കമ്മീഷണർ (ബീഹാർ - ജാർഖണ്ഡ്) ഡോ ഡി സുധാകര റാവുവാണ് ഇക്കാര്യം ഔദ്യോഗികമായി അറിയിച്ചത്. ഇരു സംസ്ഥാനങ്ങളിൽ നിന്നുമായി കഴിഞ്ഞ സാമ്പത്തിക വർഷം ആകെ 20,000 കോടി രൂപയാണ് ആദായനികുതി വകുപ്പ് സമാഹരിച്ചത്.


ആകെ സമാഹരിച്ച തുകയിൽ 12,000 കോടി രൂപയും ജാർഖണ്ഡിൽ നിന്നാണ് ലഭിച്ചത്. മൊത്തം നികുതി വരുമാനത്തിന്റെ 70 ശതമാനവും സ്രോതസ്സിൽ നിന്നുള്ള നികുതി (ടിഡിഎസ്) വഴിയാണ് ലഭിച്ചതെന്നും അധികൃതർ വ്യക്തമാക്കി.


ധോണി അടച്ച കൃത്യമായ നികുതി തുക വെളിപ്പെടുത്താൻ വകുപ്പ് തയ്യാറായില്ലെങ്കിലും വ്യക്തിഗത വിഭാഗത്തിൽ അദ്ദേഹം തന്നെയാണ് ഒന്നാമതെന്ന് സുധാകര റാവു സ്ഥിരീകരിച്ചു.


കോർപ്പറേറ്റ് മേഖലയിൽ സെൻട്രൽ കോൾഫീൽഡ്‌സ് ലിമിറ്റഡ് , ഭാരത് കോക്കിംഗ് കോൾ ലിമിറ്റഡ് തുടങ്ങിയ സ്ഥാപനങ്ങളാണ് ഉയർന്ന നികുതി നൽകിയത്.


കഴിഞ്ഞ വർഷം പെയ്ത കനത്ത മഴ ഖനന മേഖലയെ ബാധിച്ചത് നികുതി സമാഹരണത്തിൽ നേരിയ പ്രതിഫലനമുണ്ടാക്കിയെന്ന് അധികൃതർ ചൂണ്ടിക്കാട്ടി.


എങ്കിലും നടപ്പ് സാമ്പത്തിക വർഷം 20,000 കോടി രൂപ എന്ന ലക്ഷ്യം മറികടക്കാൻ സാധിക്കുമെന്നാണ് വകുപ്പിന്റെ കണക്കുകൂട്ടൽ.


നിലവിൽ ബീഹാർ, ജാർഖണ്ഡ് മേഖലകളിലായി ഏകദേശം 5.5 കോടി പാൻ കാർഡ് ഉടമകളുണ്ടെങ്കിലും ഇതിൽ 40 ലക്ഷം പേർ മാത്രമാണ് നിലവിൽ നികുതി റിട്ടേണുകൾ സമർപ്പിക്കുന്നത്.


ആറ് പതിറ്റാണ്ട് പഴക്കമുള്ള 1961-ലെ ആദായനികുതി നിയമത്തിന് പകരമായി ഏപ്രിൽ 1 മുതൽ പ്രാബല്യത്തിൽ വന്ന 'പുതിയ ആദായനികുതി നിയമം 2025' സംബന്ധിച്ച അവലോകന യോഗവും റാഞ്ചിയിൽ നടന്നു.


പുതിയ നിയമം കൂടുതൽ ലളിതവും നികുതിദായകർക്ക് എളുപ്പത്തിൽ മനസ്സിലാക്കാവുന്ന രീതിയിലുമാണ് തയ്യാറാക്കിയിരിക്കുന്നത്.


നിയമത്തിലെ മാറ്റങ്ങളെക്കുറിച്ച് ബാങ്കർമാർക്കും പൊതുമേഖലാ സ്ഥാപനങ്ങൾക്കും അവബോധം നൽകുന്നതിനായി പ്രത്യേക പരിപാടികൾ സംഘടിപ്പിക്കുമെന്നും റാവു അറിയിച്ചു.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home