Deshabhimani

ഏഷ്യാ കപ്പിൽ അവസാന പന്തിൽ പാകിസ്ഥാനെ വീഴ്ത്തി; ഇന്ത്യയുടെ കിരീടനായകനായി മോഹിത് ഉൽവ

Mohit Ulva

മോഹിത് ഉൽവ (ഇടത്) ഇന്ത്യൻ ടീമിനൊപ്പം മോഹിത് ഉൽവ (വലത്)| Photo: Social media

വെബ് ഡെസ്ക്

Published on Nov 14, 2026, 08:58 PM | 1 min read

ന്യൂഡൽഹി : പാകിസ്ഥാനെതിരായ അണ്ടർ19 ഏഷ്യാ കപ്പ് ഫൈനലിൽ അവസാന പന്തിൽ ബൗണ്ടറിയടിച്ച് ഇന്ത്യക്ക് കിരീടം സമ്മാനിച്ച മോഹിത് ഉൽവയാണ് ഇപ്പോൾ ക്രിക്കറ്റ് ലോകത്തെ താരം. 338 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഇന്ത്യ തോൽവിയുടെ വക്കിൽനിന്നാണ് ഒരു വിക്കറ്റ് വിജയം സ്വന്തമാക്കിയത്. 26 പന്തിൽ പുറത്താകാതെ 49 റൺസെടുത്ത ഉൽവയാണ് ഇന്ത്യയുടെ വിജയശിൽപി.


അവസാന പന്തിൽ മൂന്ന് റൺസ് വേണ്ട സാഹചര്യത്തിൽ പാകിസ്ഥാൻ ലെഗ് സ്പിന്നർ അഹമ്മദ് ഹുസൈനെ ലോങ് ഓഫിന് മുകളിലൂടെ ബൗണ്ടറി പായിച്ചാണ് താരം ഇന്ത്യക്ക് വിജയം സമ്മാനിച്ചത്. 18കാരനായ ഉൽവ വലംകൈ ബാറ്ററും വലംകൈ മീഡിയം പേസറുമാണ്. ഗ്രാമത്തിൽ ടെന്നീസ് ബോൾ ക്രിക്കറ്റിലൂടെയായിരുന്നു തുടക്കം.


റെയിൽവേ പ്രൊട്ടക്ഷൻ ഫോഴ്സിൽ ജോലി ചെയ്യുന്ന പിതാവാണ് മകന്റെ കഴിവ് തിരിച്ചറിഞ്ഞ് ക്രിക്കറ്റ് പരിശീലനത്തിന് പ്രോത്സാഹനം നൽകിയത്. തുടർന്ന് ജാംനഗറിലെ ക്രിക്കറ്റ് ബംഗ്ലാവിൽ പരിശീലനം ആരംഭിച്ചു. ഇന്ത്യൻ ഓൾറൗണ്ടർ രവീന്ദ്ര ജഡേജയെ പരിശീലിപ്പിച്ച മഹേന്ദ്രസിങ് ചൗഹാനായിരുന്നു ഉൽവയുടെ പരിശീലകൻ.


തുടക്കത്തിൽ ഓഫ് സ്പിന്നറായാണ് താരം പരിശീലനം നടത്തിയിരുന്നത്. എന്നാൽ താരത്തിന്റെ ശരീരപ്രകൃതിയും ഓടാനുള്ള കഴിവും ശ്രദ്ധിച്ച പരിശീലകൻ പേസ് ബൗളിങ്ങിലേക്ക് മാറാൻ നിർദേശിക്കുകയായിരുന്നു. ഇതോടെയാണ് വലംകൈ മീഡിയം പേസറായത്. സൗരാഷ്ട്രയുടെ ജൂനിയർ ക്രിക്കറ്റ് ടീമുകളിലൂടെ വളർന്ന ഉൽവ പിന്നീട് ഇന്ത്യൻ അണ്ടർ19 ടീമിലെത്തി.


പാകിസ്ഥാനെതിരായ ഫൈനലിൽ ഇന്ത്യ 252 റൺസിന് എട്ട് വിക്കറ്റ് നഷ്ടപ്പെട്ട് തോൽവിയുടെ വക്കിലെത്തിയപ്പോഴാണ് ഉൽവ ക്രീസിലെത്തിയത്. മനാൽ ചൗഹാനൊപ്പം ഒമ്പതാം വിക്കറ്റിൽ 57 റൺസിന്റെ നിർണായക കൂട്ടുകെട്ടുണ്ടാക്കി.


32 പന്തിൽ 47 റൺസെടുത്ത മനാൽ പുറത്തായതോടെ ഇന്ത്യക്ക് 36 റൺസ് കൂടി വേണമെന്ന നിലയായി. അവസാന വിക്കറ്റിൽ സി വെങ്കടയ്ക്കൊപ്പം ചേർന്ന് ഉൽവ പോരാട്ടം തുടർന്നു. വെങ്കട എട്ട് പന്തിൽ പുറത്താകാതെ 11 റൺസെടുത്തു. അവസാന ഓവറിൽ എട്ട് റൺസ് വേണ്ടിയിരുന്ന ഇന്ത്യക്ക് അവസാന പന്തിൽ ബൗണ്ടറിയിലൂടെ ഉൽവ വിജയം സമ്മാനിച്ചു.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home