ad
Deshabhimani

ലോർഡ്‌സിനും ഗദ്ദാഫി സ്റ്റേഡിയത്തിനും ഐസിസിയുടെ താക്കീത്; മോശം പിച്ച് റേറ്റിങ്ങും ഡീമെറിറ്റ് പോയിന്റും

icc lords stadium

Photo Credit: REUTERS

വെബ് ഡെസ്ക്

Published on Jun 09, 2026, 07:53 PM | 2 min read

ലണ്ടൻ/ലാഹോർ: അന്താരാഷ്ട്ര ക്രിക്കറ്റ് കൗൺസിലിന്റെ പിച്ച് ആൻഡ് ഔട്ട്ഫീൽഡ് മോണിറ്ററിംഗ് നിയമപ്രകാരം പ്രമുഖ ക്രിക്കറ്റ് സ്റ്റേഡിങ്ങളായ ലണ്ടനിലെ ലോർഡ്‌സിനും ലാഹോറിലെ ഗദ്ദാഫി സ്റ്റേഡിയത്തിനും ഓരോ ഡീമെറിറ്റ് പോയിന്റ് വീതം ശിക്ഷ.


ഇംഗ്ലണ്ട് - ന്യൂസിലൻഡ് ഒന്നാം ടെസ്റ്റ് നടന്ന ലോർഡ്‌സിലെ പിച്ചും, പാകിസ്താൻ - ഓസ്‌ട്രേലിയ മൂന്നാം ഏകദിനത്തിന് വേദിയായ ഗദ്ദാഫി സ്റ്റേഡിയത്തിലെ പിച്ചും നിലവാരമില്ലാത്തതാണെന്ന് മാച്ച് റഫറിമാർ റിപ്പോർട്ട് ചെയ്തതിനെത്തുടർന്നാണ് നടപടി. ഇരു വേദികൾക്കും ഇതിനുമുമ്പ് ഡീമെറിറ്റ് പോയിന്റുകൾ ലഭിച്ചിട്ടില്ല.


മത്സര ഉദ്യോഗസ്ഥരുടെയും ക്യാപ്റ്റന്മാരുടെയും ആശങ്കകൾ ഉൾപ്പെടുത്തി മാച്ച് റഫറിമാരായ ആൻഡി പൈക്രോഫ്റ്റ് (ലോർഡ്‌സ്), ഗ്രെയിം ലാ ബ്രൂ (ഗദ്ദാഫി സ്റ്റേഡിയം) എന്നിവർ സമർപ്പിച്ച റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ഐസിസി നടപടി സ്വീകരിച്ചത്


ലോർഡ്‌സിൽ ആദ്യ രണ്ട് ദിവസങ്ങളിലായി 33 വിക്കറ്റുകളാണ് വീണതെന്നും, അമിതമായ സീം മൂവ്‌മെന്റും അപ്രതീക്ഷിതമായി പന്തുകൾ താഴ്ന്നുപോയതും കാരണം ബാറ്റർമാരേക്കാൾ ബൗളർമാർക്ക് പിച്ച് അമിത മുൻതൂക്കം നൽകിയെന്നും പൈക്രോഫ്റ്റ് ചൂണ്ടിക്കാട്ടി.


അതേസമയം, ഗദ്ദാഫി സ്റ്റേഡിയത്തിലെ പിച്ച് അമിതമായി സ്ലോ ആയിരുന്നെന്നും, തുടക്കം മുതൽ സ്പിന്നിനെ തുണച്ചതിനാൽ ഒരു ഏകദിന മത്സരത്തിന് അനുയോജ്യമായ രീതിയിൽ റൺസ് കണ്ടെത്താൻ ബാറ്റർമാർക്ക് സാധിച്ചില്ലെന്നും ലാ ബ്രൂ റിപ്പോർട്ടിൽ വ്യക്തമാക്കി.


ഐസിസി നടപടിക്രമങ്ങളുടെ ഭാഗമായി ഈ റിപ്പോർട്ടുകൾ യഥാക്രമം ഇംഗ്ലണ്ട് ആൻഡ് വെയ്‌ൽസ് ക്രിക്കറ്റ് ബോർഡിനും പാകിസ്താൻ ക്രിക്കറ്റ് ബോർഡിനും കൈമാറിയിട്ടുണ്ട്. ശിക്ഷാ നടപടിക്കെതിരെ അപ്പീൽ നൽകാൻ ഇരു ക്രിക്കറ്റ് ബോർഡുകൾക്കും 14 ദിവസത്തെ സമയമുണ്ട്. നിലവിലെ ഐസിസി നിയമപ്രകാരം ഈ ഡീമെറിറ്റ് പോയിന്റുകൾ ഒരു റോളിങ് അഞ്ച് വർഷത്തെ കാലയളവിലേക്ക് പ്രാബല്യത്തിൽ തുടരും.


ഐസിസിയുടെ കടുത്ത പിച്ചും ഔട്ട്ഫീൽഡും നിരീക്ഷിക്കുന്ന ചട്ടങ്ങൾ പ്രകാരം ഒരു വേദിക്ക് അഞ്ച് വർഷത്തിനിടെ ആറ് ഡീമെറിറ്റ് പോയിന്റുകൾ ലഭിക്കുകയോ ആ പരിധി മറികടക്കുകയോ ചെയ്താൽ, 12 മാസത്തേക്ക് അന്താരാഷ്ട്ര ക്രിക്കറ്റ് മത്സരങ്ങൾ നടത്തുന്നതിൽ നിന്ന് ആ വേദിയെ വിലക്കും.


ഒരു സ്റ്റേഡിയത്തിന്റെ ഡീമെറിറ്റ് പോയിന്റുകൾ 12-ൽ എത്തിയാൽ വിലക്ക് 24 മാസമായി ഉയരുമെന്നും ഐസിസി ചട്ടങ്ങളിൽ വ്യക്തമാക്കുന്നുണ്ട്. നിലവിൽ 'അതൃപ്തികരമായ' പിച്ചുകൾക്ക് ഒരു പോയിന്റും, പൂർണ്ണമായും 'അനുയോജ്യമല്ലാത്ത' പിച്ചുകൾക്ക് മൂന്ന് ഡീമെറിറ്റ് പോയിന്റുകളുമാണ് ഐസിസി നൽകുന്നത്.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home