ad
Deshabhimani

പരിക്കാണെന്ന് പറഞ്ഞ് ഐപിഎൽ ഒഴിവാക്കി ഇപ്പോൾ ഇംഗ്ലണ്ടിൽ തകർത്തു കളിക്കുന്നു; സാം കറനെതിരെ കടുത്ത അമർഷവുമായി കോച്ച് സംഗക്കാര

sam curran

Photo Credit: Social Media

വെബ് ഡെസ്ക്

Published on May 30, 2026, 08:04 PM | 1 min read

ജയ്‌പൂർ: ഐപിഎല്ലിൽ നിന്നും പരിക്കിന്റെ പേരിൽ പിന്മാറിയ ഇംഗ്ലണ്ട് ഓൾറൗണ്ടർ സാം കറൻ, ഇംഗ്ലണ്ടിലെ ടി20 ബ്ലാസ്റ്റ് ടൂർണമെന്റിൽ സറേ ടീമിനായി കളത്തിലിറങ്ങിയതിനെ ചോദ്യം ചെയ്ത് രാജസ്ഥാൻ റോയൽസ് മുഖ്യ പരിശീലകൻ കുമാർ സംഗക്കാര. പരിക്കാണെന്ന് പറഞ്ഞ് ഐപിഎൽ ഉപേക്ഷിച്ച താരം ഇംഗ്ലണ്ടിൽ കളിക്കുന്നത് കണ്ടതിൽ തനിക്ക് നിരാശയുണ്ടെന്ന് സംഗക്കാര തുറന്നടിച്ചു.


ട്രേഡ് ഡീലിലൂടെ രവീന്ദ്ര ജഡേജയ്ക്കൊപ്പം ചെന്നൈ സൂപ്പർ കിങ്സിൽ നിന്നാണ് സാം കറൻ ഇത്തവണ രാജസ്ഥാൻ റോയൽസിലേക്ക് എത്തിയത്. രാജസ്ഥാൻ നിരയിലെ നിർണായക സാന്നിധ്യമാകുമെന്ന് കരുതിയിരുന്ന കറൻ, ട്വന്റി 20 ലോകകപ്പിന് പിന്നാലെ പേശീവലിവ് കാരണമാണ് ടൂർണമെന്റിൽ നിന്ന് പിന്മാറിയത്. തുടർന്ന് ശ്രീലങ്കൻ താരം ദസുൻ ഷനകയെ രാജസ്ഥാൻ പകരക്കാരനായി ടീമിലെടുക്കുകയായിരുന്നു.


വെള്ളിയാഴ്ച നടന്ന രണ്ടാം ക്വാളിഫയറിൽ പരാജയപ്പെട്ട് രാജസ്ഥാൻ ടൂർണമെന്റിൽ നിന്ന് പുറത്തായതിന് പിന്നാലെയാണ് സംഗക്കാര തന്റെ അതൃപ്തി വ്യക്തമാക്കിയത്. "സാം കറന് ഈ സീസൺ മുഴുവൻ നഷ്ടമാകുന്ന തരത്തിലുള്ള പരിക്കാണെന്നാണ് ഞങ്ങളെ അറിയിച്ചിരുന്നത്. എന്നാൽ സറേ ടീമിനായി അദ്ദേഹം ഇതിനകം രണ്ട് മൂന്ന് മത്സരങ്ങൾ കളിക്കുന്നത് ഞാൻ കണ്ടു.


അത് തികച്ചും നിരാശാജനകമാണ്. അദ്ദേഹം ഞങ്ങൾക്കൊപ്പം ഇവിടെ കളിക്കണമെന്നാണ് ഞങ്ങൾ ആഗ്രഹിച്ചിരുന്നത്. എങ്കിലും പകരക്കാരനായി ദസുൻ ഷനകയെ നേരത്തെ തന്നെ ലഭിച്ചത് നന്നായി," സംഗക്കാര പറഞ്ഞു. രാജസ്ഥാൻ റോയൽസിനായി ഈ സീസണിൽ ഏഴ് മത്സരങ്ങളിൽ മാത്രമാണ് ഷനക കളിച്ചത്.


ടി20 ബ്ലാസ്റ്റിൽ സറേ ടീമിന്റെ നായകനായ സാം കറൻ, ടൂർണമെന്റിൽ ഇതുവരെ ഏറ്റവുമധികം റൺസ് നേടിയ താരമാണ്. എന്നാൽ മത്സരങ്ങളിൽ അദ്ദേഹം ഇതുവരെ പന്തെറിഞ്ഞിട്ടില്ല. പരിക്കിൽ നിന്ന് എപ്പോൾ പൂർണ്ണമായി മുക്തനാകുമെന്ന കാര്യത്തിൽ കൃത്യമായ സമയപരിധിയില്ലെന്ന് മാസങ്ങൾക്ക് മുൻപ് ഒരു അഭിമുഖത്തിൽ കറൻ വ്യക്തമാക്കിയിരുന്നു.


"കുറച്ചുകാലമായി ഞാൻ ഈ പരിക്കുമായി ബുദ്ധിമുട്ടുകയാണ്. പിന്നീട് ഇത് കൂടുതൽ വഷളായി. സ്‌കാനിങ് റിപ്പോർട്ടുകളിൽ പരിക്ക് ഗുരുതരമാണെന്ന് കണ്ടതിനാലാണ് ഐപിഎല്ലിൽ നിന്ന് പിന്മാറാൻ കടുത്ത തീരുമാനമെടുത്തത്. ഐപിഎൽ നഷ്ടമായതിൽ വലിയ നിരാശയുണ്ട്, എങ്കിലും കായികരംഗത്ത് പരിക്കുകൾ സ്വാഭാവികമാണ്," എന്നായിരുന്നു കറന്റെ വിശദീകരണം.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home