print edition കൊൽക്കത്ത ഹൈദരാബാദിനെ കീഴടക്കി; തട്ടകത്തിൽ പൂട്ടി

ഹെെദരാബാദിന്റെ ട്രാവിസ് ഹെഡിനെ പുറത്താക്കിയ കൊൽക്കത്തൻ സ്--പിന്നർ വരുൺ ചക്രവർത്തി (വലത്ത്)
ഹൈദരാബാദ്: വന്പനടിക്കാരെ അവരുടെ തട്ടകത്തിൽ തളച്ച് കൊൽക്കത്ത നൈറ്റ്‌റൈഡേഴ്‌സിന്റെ വീറുറ്റ പ്രകടനം. ഐപിഎൽ ക്രിക്കറ്റിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ ഏഴ് വിക്കറ്റിന് കീഴടക്കി കൊൽക്കത്ത അപ്രതീക്ഷിത ജയം സ്വന്തമാക്കി. സ്‌കോർ: ഹൈദരാബാദ് 165(19), കൊൽക്കത്ത 169/3(18.2). നാല് ഓവറിൽ 36 റൺ വഴങ്ങി മൂന്ന് വിക്കറ്റെടുത്ത കൊൽക്കത്തൻ സ്‌പിന്നർ വരുൺ ചക്രവർത്തിയാണ് മാൻ ഓഫ് ദി മാച്ച്.
ചെറിയ ലക്ഷ്യത്തിലേക്ക് കൊൽക്കത്ത അനായാസം മുന്നേറി. ക്യാപ്‌റ്റനും ഓപ്പണറുമായ അജിൻക്യ രഹാനെയും (36 പന്തിൽ 43) ഫിൻ അലെനും (13 പന്തിൽ 29) ഒന്നാം വിക്കറ്റിൽ 49 റണ്ണിന്റെ അടിത്തറയിട്ടു. തുടർന്നെത്തിയ അങ്ക്‌കൃഷ് രഘുവൻഷി വിജയത്തിലേക്ക് റണ്ണടിച്ചു. 47 പന്തിൽ 59 റണ്ണെടുത്തപ്പോൾ അതിൽ അഞ്ച് ഫോറും രണ്ട് സിക്‌സറുമുണ്ടായിരുന്നു. രഹാനെക്കൊത്ത് 84 റണ്ണിന്റെ വിജയക്കൂട്ടുകെട്ടുണ്ടാക്കി. റിങ്കുസിങും (22) കാമറൂൺ ഗ്രീനും (5) പുറത്താകാതെ ലക്ഷ്യം നേടി.
ടോസ് നേടി ബാറ്റിങ്ങിനിറങ്ങിയ ഹൈദരാബാദിന്റെ കാര്യങ്ങൾ വിചാരിച്ചപോലെ നീങ്ങിയില്ല. ഓപ്പണർമാരായ അഭിഷേക് ശർമ 15 റണ്ണിന് പുറത്തായപ്പോൾ ട്രാവിസ് ഹെഡ്ഡ് അടിച്ചുതകർത്തു. 28 പന്തിൽ 61 റണ്ണുമായി കുതിച്ച ഹെഡ്ഡിനെ വരുൺ ചക്രവർത്തിയുടെ പന്തിൽ കാമറൂൺ ഗ്രീൻ പിടികൂടി. അതിനിടെ ഓസ്‌ട്രേലിയൻ ബാറ്റർ ഒമ്പത് ഫോറും മൂന്ന് സിക്‌സറുമടിച്ചു.
ഇഷാൻ കിഷൻ 29 പന്തിൽ 42 റൺ നേടി. സ്‌കോർ ഒമ്പത് ഓവറിൽ 100 കടന്നു. എന്നാൽ അവസാനത്തെ ഒമ്പത് വിക്കറ്റുകൾ 50 റണ്ണിന് വീണത് തിരിച്ചടിയായി. ഹെഡ്ഡും ഇഷാനും ചേർന്നെടുത്ത 61 റണ്ണാണ് മികച്ച കൂട്ടുകെട്ട്. ഹെൻറിച്ച് ക്ലാസെൻ (11), സ്‌മരൺ രവിചന്ദ്രൻ(4), അങ്കിത് വർമ(6), സലിൽ അറോറ(2) എന്നിവർ മങ്ങിയപ്പോൾ ഹൈദരാബാദിന് മികച്ച സ്‌കോർ സാധ്യമായില്ല.
കൊൽക്കത്തക്കായി സുനിൽ നരെയ്‌നും കാർതിക് ത്യാഗിയും രണ്ട് വിക്കറ്റ് വീതം നേടി. വൈഭവ് അറോറ, കാമറൂൺ ഗ്രീൻ, അനുകുൽ റോയ് എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്.
ഇരുടീമുകളും ആദ്യം ഏറ്റുമുട്ടിയപ്പോൾ ഹൈദരാബാദ് 65 റണ്ണിന് ജയിച്ചിരുന്നു. മൂന്നാംസ്ഥാനത്തുള്ള ഹൈദരാബാദിന് ഇനി നാല് കളി ബാക്കിയുണ്ട്. എട്ടാംസ്ഥാനക്കാരായ കൊൽക്കത്തക്ക് അഞ്ച് കളി ശേഷിക്കുന്നു.










0 comments