ad
Deshabhimani

'വെറുതെ നീട്ടിക്കൊണ്ടുപോകാനില്ല, ക്രിക്കറ്റിനും അപ്പുറം ഒരു ലോകമുണ്ട്'; തുറന്നുപറഞ്ഞ് കെ എൽ രാഹുൽ

K L Rahul

കെ എൽ രാഹുൽ (Photos: FB/KL Rahul)

വെബ് ഡെസ്ക്

Published on Jan 27, 2026, 05:14 PM | 1 min read

മുംബൈ: വിരമിക്കലിനെക്കുറിച്ച് ചിന്തിച്ചിട്ടുണ്ടെന്നും എന്നാൽ അതിന് ഇനിയും സമയമുണ്ടെന്നും ഇന്ത്യൻ ക്രിക്കറ്റ് താരം കെ എൽ രാഹുൽ. മുൻ ഇംഗ്ലണ്ട് നായകൻ കെവിൻ പീറ്റേഴ്സണുമായുള്ള അഭിമുഖത്തിലാണ് 33കാരൻ തന്റെ മനസ്സ് തുറന്നത്.


ക്രിക്കറ്റിന് അപ്പുറം മറ്റൊരു ജീവിതമുണ്ടെന്നും അതിനാൽ വിരമിക്കൽ തീരുമാനം തനിക്ക് അത്ര പ്രയാസമുള്ളതാകില്ലെന്നും രാഹുൽ പറഞ്ഞു. "അതിനെക്കുറിച്ച് ഞാൻ ചിന്തിച്ചിട്ടുണ്ട്. വിരമിക്കൽ അത്ര പ്രയാസകരമാകുമെന്ന് എനിക്ക് തോന്നുന്നില്ല. നമ്മൾ സ്വയം സത്യസന്ധത പുലർത്തുകയാണെങ്കിൽ, സമയമാകുമ്പോൾ അത് നിർത്തണം. വെറുതെ നീട്ടിക്കൊണ്ടുപോകുന്നതിൽ അർത്ഥമില്ല. പക്ഷേ, എന്റെ കാര്യത്തിൽ അതിന് ഇനിയും സമയമുണ്ട്," താരം വ്യക്തമാക്കി.


താനൊരു സൂപ്പർതാരമാണെന്നോ അത്ര പ്രധാനപ്പെട്ട ആളാണെന്നോ കരുതുന്നില്ലെന്നും ഇത് വിരമിക്കൽ തീരുമാനം എളുപ്പമാക്കാൻ സഹായിക്കുമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. "വെറുതെ ഒന്ന് ക്വിറ്റ് ചെയ്യുക . നിങ്ങൾ നേടിയ കാര്യങ്ങൾ ആസ്വദിക്കുക, കുടുംബത്തോടൊപ്പം സമയം ചെലവഴിക്കുക. ഞാൻ അത്ര പ്രധാനപ്പെട്ട ആളല്ലെന്ന് സ്വയം പറയാൻ ശ്രമിക്കാറുണ്ട്. നമ്മുടെ രാജ്യത്തും ലോകത്തും ക്രിക്കറ്റ് തുടർന്നും നടക്കും. ജീവിതത്തിൽ അതിനേക്കാൾ പ്രധാനപ്പെട്ട മറ്റ് കാര്യങ്ങളുണ്ട്. പ്രത്യേകിച്ച് ഒരു കുഞ്ഞ് ജനിച്ചതോടെ ജീവിതത്തെ നോക്കിക്കാണുന്ന രീതി തന്നെ മാറി," രാഹുൽ പറഞ്ഞു.





പരിക്കുകളുമായുള്ള പോരാട്ടമാണ് ഏറ്റവും കഠിനമെന്നും അത് മാനസികമായി തളർത്താറുണ്ടെന്നും അദ്ദേഹം വെളിപ്പെടുത്തി. "പലതവണ പരിക്കേറ്റപ്പോൾ മതിയാക്കിയാലോ എന്ന് തോന്നിയിട്ടുണ്ട്. ശരീരം വേദനിക്കുമ്പോഴല്ല, മനസ്സ് മടുക്കുമ്പോഴാണ് ഏറ്റവും വലിയ പോരാട്ടം നടക്കുന്നത്. ഇത്രയും കാലം കളിക്കാൻ സാധിച്ചല്ലോ, ജീവിക്കാനുള്ള പണം ക്രിക്കറ്റ് നൽകിയല്ലോ എന്ന് മനസ്സ് പറഞ്ഞുപോകുന്ന നിമിഷങ്ങളുണ്ടാകാറുണ്ട്," രാഹുൽ പറഞ്ഞു.


ബെംഗളൂരു സ്വദേശിയായ രാഹുൽ നിലവിൽ ഇന്ത്യയുടെ ടെസ്റ്റ്, ഏകദിന ടീമുകളിലെ സജീവ സാന്നിധ്യമാണ്. വ്യാഴാഴ്ച മൊഹാലിയിൽ പഞ്ചാബിനെതിരെ നടക്കുന്ന കർണാടകയുടെ നിർണായക രഞ്ജി ട്രോഫി മത്സരത്തിൽ രാഹുൽ കളത്തിലിറങ്ങും.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home