രഞ്‌ജി ട്രോഫിയിൽ മഹാരാഷ്ട്രയ്ക്കെതിരെ കേരളത്തിന് ആധിപത്യം; സ്വപ്‌നത്തുടക്കം

തിരുവനന്തപുരം: ഇങ്ങനെയൊരു തുടക്കം സ്വപ്‌നത്തിൽ മാത്രം. രഞ്ജി ട്രോഫി ക്രിക്കറ്റിന്റെ പുതിയ സീസണിൽ മഹാരാഷ്‌ട്രക്കെതിരെയാണ് കേരളത്തിന്റെ മിന്നൽ പ്രകടനം. റണ്ണെടുക്കുംമുമ്പ് മൂന്ന് ബാറ്റർമാരെ കൂടാരത്തിലേക്ക് മടക്കിയാണ് ബൗളർമാർ ഞെട്ടിച്ചത്. ഒരുവേള 18 റണ്ണിന് അഞ്ച് വിക്കറ്റ് നഷ്‌ടമായ മഹാരാഷ്‌ട്ര തകർച്ചയുടെ പടുകുഴിയിൽനിന്നും കരകയറി.
ആദ്യദിനം കളി അവസാനിക്കുമ്പോൾ മഹാരാഷ്ട്ര ഏഴ് വിക്കറ്റിന് 179 റണ്ണെന്ന നിലയിലാണ്. പേസ് ബൗളർമാരുടെ തകർപ്പൻ ബൗളിങ്ങാണ് കേരളത്തിന് മുൻതൂക്കം നൽകിയത്. എം ഡി നിധീഷ് 15 ഓവറിൽ 42 റൺ വഴങ്ങി നാല് വിക്കറ്റെടുത്തു.
എൻ പി ബേസിൽ രണ്ട് വിക്കറ്റ് നേടി. ഏദൻ ആപ്പിൾ ടോമിന് ഒരുവിക്കറ്റുണ്ട്. ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത കേരളത്തിന് ചരിത്രത്തിൽ ഇതുവരെ ഇങ്ങനെയൊരു തുടക്കം കിട്ടിയിട്ടില്ല. എം ഡി നിധീഷ് എറിഞ്ഞ ആദ്യ ഓവറിലെ നാലാം പന്തിൽ ഇന്ത്യൻ താരമായിരുന്ന പൃഥ്വി ഷാ വിക്കറ്റിന് മുന്നിൽ കുടുങ്ങി.തൊട്ടടുത്ത പന്തിൽ സിദേഷ് വീറിനെ ക്യാപ്‌റ്റൻ മുഹമ്മദ് അസ്‌ഹറുദീന്റെ കൈകളിലെത്തിച്ചു. രണ്ടാം ഓവറിലെ ആദ്യ പന്തിൽ ആർഷിൻ കുൽക്കർണിയെ പുറത്താക്കി എൻ പി ബേസിലും കളംനിറഞ്ഞതോടെ മഹാരാഷ്‌ട്ര നടുങ്ങി. ബാറ്റിൽ തട്ടിയുയർന്ന പന്ത് രോഹൻ കുന്നുമ്മൽ കൈയിലൊതുക്കി. സ്‌കോർ ബോർഡ് ശൂന്യമായി തുടരവേ മൂന്ന് വിക്കറ്റ് നഷ്‌ടം. അടുത്ത ഓവറിൽ ക്യാപ്റ്റൻ അങ്കിത് ബാവ്നയെ പുറത്താക്കി ബേസിൽ വീണ്ടും പ്രഹരമേൽപ്പിച്ചു.
തുടർന്നെത്തിയ സൗരഭ് നവാലെയെ നിധീഷും പുറത്താക്കിയതോടെ അഞ്ച് വിക്കറ്റിന് 18 റണ്ണെന്ന നിലയിൽ പ്രതിസന്ധിയിലായി. പുറത്തായ അഞ്ചിൽ നാല് ബാറ്റർമാരും പൂജ്യത്തിനാണ് മടങ്ങിയത്. ആറാം വിക്കറ്റിൽ ഒത്തുചേർന്ന ഋതുരാജ് ഗെയ്‌ക്ക്‌വാദും ജലജ് സക്‌സേനയും ചേർന്നാണ് മഹാരാഷ്ട്രയെ കരകയറ്റിയത്. കരുതലോടെ ബാറ്റ് വീശിയ ഇരുവരും ചേർന്ന് 122 റൺ കൂട്ടിച്ചേർത്തു. കഴിഞ്ഞ ഒമ്പത് വർഷം കേരളത്തിനായി കളിച്ച താരമാണ് ജലജ്. 49 റണ്ണെടുത്ത ഇൗ മധ്യപ്രദേശുകാരനെ പുറത്താക്കി നിധീഷ് കൂട്ടുകെട്ട് പൊളിച്ചു. ജലജ് എൽബിഡബ്ല്യുവിലാണ് പുറത്തായത്. 91 റണ്ണെടുത്ത ഋതുരാജിനെ ഏദൻ ആപ്പിൾ ടോം വിക്കറ്റിന് മുന്നിൽ കുടുക്കി. 151 പന്തിൽ 11 ഫോറുകൾ അടങ്ങുന്നതായിരുന്നു ഇന്നിങ്സ്. പത്ത് റണ്ണോടെ വിക്കി ഓസ്വാളും 11 റണ്ണുമായി രാമകൃഷ്ണ ഘോഷുമാണ് ക്രീസിൽ.










0 comments