ad
Deshabhimani

പൂജ്യത്തിൽ നിന്ന് തുടങ്ങാൻ ബട്‌ലർ; ഡൽഹിക്കെതിരെ ഗുജറാത്ത് കാത്തിരിക്കുന്നത് ആ വമ്പൻ ഇന്നിങ്സിനായി

buttler jose
വെബ് ഡെസ്ക്

Published on Apr 08, 2026, 09:15 AM | 2 min read

ന്യൂഡൽഹി: ഇംഗ്ലണ്ട് ക്രിക്കറ്റിലെ ആദ്യ ആഗോള ട്വന്റി 20 സൂപ്പർ സ്റ്റാർ എന്ന് വിശേഷിപ്പിക്കാവുന്ന ജോസ് ബട്‌ലർക്ക് 2026 അത്ര മികച്ച വർഷമായിരുന്നില്ല. ഈ വർഷം ഇംഗ്ലണ്ടിനായി കളിച്ച 11 ട്വന്റി 20 മത്സരങ്ങളിൽ വെറും 15.27 ശരാശരിയിൽ 125-ൽ താഴെ സ്ട്രൈക്ക് റേറ്റിൽ മാത്രമാണ് അദ്ദേഹത്തിന് റൺസ് കണ്ടെത്താനായത്.


ഐപിഎൽ 2026 സീസണിൽ ഗുജറാത്ത് ടൈറ്റൻസിനായി പഞ്ചാബ് കിംഗ്‌സിനെതിരെ 33 പന്തിൽ 38 റൺസും രാജസ്ഥാൻ റോയൽസിനെതിരെ 14 പന്തിൽ 26 റൺസും നേടിയാണ് ബട്‌ലർ തുടങ്ങിയത്. പഴയ ഫോമിലേക്ക് മടങ്ങിവരാൻ തന്റെ "അനുഭവസമ്പത്തിലും" "ശൈലിയിലും" വിശ്വാസമുണ്ടെന്ന് അദ്ദേഹം പറഞ്ഞു.


സീസണിലെ ആദ്യ വിജയത്തിനായി കാത്തിരിക്കുന്ന ഗുജറാത്ത് ടൈറ്റൻസിനായി മാച്ച് വിന്നിംഗ് പ്രകടനങ്ങൾ പുറത്തെടുക്കുകയാണ് തന്റെ ലക്ഷ്യമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.


തന്റെ മുൻ ഇംഗ്ലണ്ട് സഹതാരം സ്റ്റുവർട്ട് ബ്രോഡിനൊപ്പം ചേർന്ന് നടത്തുന്ന 'ഫോർ ദി ലവ് ഓഫ് ക്രിക്കറ്റ്' എന്ന പോഡ്‌കാസ്റ്റിലാണ് ബട്‌ലർ മനസ്സ് തുറന്നത്. ട്വന്റി 20 ലോകകപ്പിന് ശേഷമുള്ള ഇടവേള മാനസികമായി വലിയ ആശ്വാസം നൽകിയെന്നും ഇപ്പോൾ തന്റെ ബാറ്റിങ് പൊസിഷനിലും ശൈലിയിലും മാത്രമാണ് ശ്രദ്ധ കേന്ദ്രീകരിക്കുന്നതെന്നും അദ്ദേഹം പറഞ്ഞു.


"പഴയ കാര്യങ്ങൾ ആലോചിക്കാതെ ഓരോ ദിവസവും പൂജ്യത്തിൽ നിന്ന് തുടങ്ങാനാണ് ഞാൻ ശ്രമിക്കുന്നത്. ചിലപ്പോൾ ചില ഗ്രൗണ്ടുകളോടോ ബൗളർമാരോടോ നമുക്ക് മാനസികമായി ഒരു തടസ്സം അനുഭവപ്പെടാറുണ്ട്, അത്തരം ചിന്തകളിൽ നിന്ന് വിട്ടുനിൽക്കാനാണ് ഞാൻ ആഗ്രഹിക്കുന്നത്," ബട്‌ലർ വ്യക്തമാക്കി.


ബട്‌ലർ ഒരു വലിയ ഇന്നിങ്സിനോട് വളരെ അടുത്തെത്തിക്കഴിഞ്ഞുവെന്ന് സഹതാരം സായ് സുദർശനും കഴിഞ്ഞ ദിവസം അഭിപ്രായപ്പെട്ടിരുന്നു. ഗുജറാത്തിന്റെ പുതിയ ബാറ്റിങ് കോച്ച് മാത്യു ഹെയ്ഡനുമായി സമയം ചെലവഴിക്കുന്നതിനെക്കുറിച്ചും ബട്‌ലർ വാചാലനായി.


ഹെയ്ഡന്റെ അനുഭവസമ്പത്തിൽ നിന്നും ഒരുപാട് കാര്യങ്ങൾ പഠിക്കാനുണ്ടെന്നും ലളിതമായ കാര്യങ്ങളാണ് തങ്ങൾ ചർച്ച ചെയ്യുന്നതെന്നും അദ്ദേഹം പറഞ്ഞു.


ഇന്ന് ഡൽഹിയിലെ അരുൺ ജെയ്റ്റ്‌ലി സ്റ്റേഡിയത്തിൽ ഡൽഹി ക്യാപിറ്റൽസിനെതിരെയാണ് ഗുജറാത്തിന്റെ അടുത്ത മത്സരം. കഴുത്തിലെ വേദന കാരണം കഴിഞ്ഞ മത്സരം നഷ്ടമായ നായകൻ ശുഭ്മാൻ ഗിൽ ഈ മത്സരത്തിൽ തിരിച്ചെത്തും. ഗില്ലും സായ് സുദർശനും ഓപ്പണർമാരായി എത്തുമ്പോൾ ബട്‌ലർ മൂന്നാം നമ്പറിൽ ബാറ്റിങ്ങിനിറങ്ങാനാണ് സാധ്യത.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home