ad
Deshabhimani

എന്നിലെ പിതാവിന് അത് അംഗീകരിക്കാനാകില്ല'; 15കാരൻ വൈഭവിന് നേരെയുള്ള ഗുജറാത്തിന്റെ ബൗൺസർ ആക്രമണത്തിൽ ഇർഫാൻ പഠാൻ

SOORYAVANSHI

Photo Credit: BCCI

വെബ് ഡെസ്ക്

Published on May 30, 2026, 02:04 PM | 2 min read

അഹമ്മദാബാദ്: ഐപിഎൽ രണ്ടാം ക്വാളിഫയറിൽ രാജസ്ഥാൻ റോയൽസിന്റെ 15 വയസ്സുകാരൻ വിസ്മയ താരം വൈഭവ് സൂര്യവംശിക്കെതിരെ ഗുജറാത്ത് ടൈറ്റൻസ് ബൗളർമാർ 'ബോഡി-ലൈൻ' ബൗളിങ് തന്ത്രം പുറത്തെടുത്തതിനെതിരെ കടുത്ത അതൃപ്തിയുമായി മുൻ ഇന്ത്യൻ താരം ഇർഫാൻ പഠാൻ രംഗത്ത്.


കഗീസോ റബാഡ, മുഹമ്മദ് സിറാജ് എന്നിവരടങ്ങുന്ന ഗുജറാത്തിന്റെ പേസ് നിര ശരീരത്തിനു നേരെ തുടർച്ചയായി മാരക ബൗൺസറുകൾ എറിഞ്ഞ് കൗമാര താരത്തെ ഭയപ്പെടുത്താൻ നോക്കിയതാണ് പഠാനെ ചൊടിപ്പിച്ചത്.


ഈ പ്രായത്തിലുള്ള ഒരു കളിക്കാരനെ തളയ്ക്കാൻ ഇത്തരം ഒരു തന്ത്രം പ്രയോഗിച്ചത് തനിക്ക് ഒട്ടും അംഗീകരിക്കാൻ കഴിയില്ലെന്ന് ഇർഫാൻ പഠാൻ വ്യക്തമാക്കി. "15 വയസ്സ് മാത്രം പ്രായമുള്ള വൈഭവ് സൂര്യവംശിയെ തടയാൻ ബോഡി-ലൈൻ ബൗളിങ് നടത്തിയത് എനിക്ക് ശരിയായി തോന്നിയില്ല.


അവൻ കളിക്കുന്നത് മുതിർന്ന താരങ്ങൾക്കൊപ്പമാണെന്ന് എനിക്കറിയാം, പക്ഷേ എന്നിലെ പിതാവിന് അത് ഒട്ടും ഉൾക്കൊള്ളാനാകുന്നില്ല," പഠാൻ എക്സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു.


മത്സരത്തിൽ ടോസ് നഷ്ടപ്പെട്ട് ആദ്യം ബാറ്റ് ചെയ്ത രാജസ്ഥാൻ റോയൽസിനായി മുൻനിര തകർന്നപ്പോൾ ഒറ്റയാൾ പോരാട്ടവുമായി വൈഭവ് സൂര്യവംശി തിളങ്ങിയിരുന്നു. ഗുജറാത്ത് പേസർമാരുടെ ആക്രമണത്തെ അതിജീവിച്ച് 204.26 സ്ട്രൈക്ക് റേറ്റിൽ 47 പന്തിൽ 96 റൺസാണ് താരം അടിച്ചുകൂട്ടിയത്.


വൈഭവിന്റെ ഈ തകർപ്പൻ പ്രകടനത്തിന്റെ കരുത്തിലാണ് രാജസ്ഥാൻ നിശ്ചിത 20 ഓവറിൽ 6 വിക്കറ്റ് നഷ്ടത്തിൽ 214 റൺസ് എന്ന കൂറ്റൻ സ്കോർ പടുത്തുയർത്തിയത്.


എന്നാൽ, വൈഭവിന്റെ പോരാട്ടവീര്യത്തെ നിഷ്പ്രഭമാക്കിക്കൊണ്ട് ക്യാപ്റ്റൻ ശുഭ്‌മൻ ഗില്ലിന്റെ തകർപ്പൻ സെഞ്ചുറിയുടെ മികവിൽ ഗുജറാത്ത് ടൈറ്റൻസ് മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു.


53 പന്തിൽ 104 റൺസ് നേടിയ ഗില്ലും, 32 പന്തിൽ 58 റൺസ് എടുത്ത സായ് സുദർശനും ചേർന്ന് ഒന്നാം വിക്കറ്റിൽ 167 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കി. ഒടുവിൽ 18.4 ഓവറിൽ 3 വിക്കറ്റ് മാത്രം നഷ്ടപ്പെടുത്തി ഗുജറാത്ത് ലക്ഷ്യം കണ്ടു.


ഏഴ് വിക്കറ്റിന്റെ തകർപ്പൻ വിജയത്തോടെ ഗുജറാത്ത് ടൈറ്റൻസ് ഐപിഎല്ലിൽ തങ്ങളുടെ അഞ്ച് സീസണുകൾക്കിടയിലെ മൂന്നാമത്തെ ഫൈനലിലേക്ക് യോഗ്യത നേടി. ഞായറാഴ്ച അഹമ്മദാബാദിൽ നടക്കുന്ന കലാശപ്പോരാട്ടത്തിൽ നിലവിലെ ചാമ്പ്യന്മാരായ റോയൽ ചലഞ്ചേഴ്സ് ബെംഗളൂരുവാണ് ഗുജറാത്തിന്റെ എതിരാളികൾ.


ഭേദപ്പെട്ട സ്കോർ നേടിയിട്ടും ഫൈനൽ കാണാതെ ടീം പുറത്തായതോടെ തകർന്നുപോയ വൈഭവ് സൂര്യവംശി മൈതാനത്ത് വെച്ച് പൊട്ടിക്കരഞ്ഞത് ക്രിക്കറ്റ് ആരാധകരെയും സങ്കടത്തിലാഴ്ത്തി.




deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home