ad
Deshabhimani

print edition 'ലേലംവിളി' : ഐപിഎൽ 2026 താരലേലം ഇന്ന് അബുദാബിയിൽ

ipl auction abudhabi

വെങ്കിടേഷ് അയ്യർ, രവി ബിഷ്ണോയ്

വെബ് ഡെസ്ക്

Published on Dec 16, 2025, 12:49 AM | 2 min read

അബുദാബി : ഐപിഎൽ ക്രിക്കറ്റ്‌ പുതിയ സീസണിലേക്കുള്ള കളിക്കാരെ കണ്ടെത്താനുള്ള താരലേലം ഇന്ന്‌ അബുദാബിയിൽ നടക്കും. ഇത്തിഹാദ്‌ അരീനയിൽ പകൽ 2.30 മുതൽ തുടങ്ങുന്ന ലേലത്തിൽ 359 കളിക്കാർ പങ്കെടുക്കും. 77 സ്ഥാനങ്ങളിലേക്കാണ്‌ ലേലം. അതിൽ 46 ഇന്ത്യക്കാർക്കും 31 വിദേശ താരങ്ങൾക്കും അവസരമുണ്ട്‌. രജിസ്‌റ്റർ ചെയ്‌ത 1390 കളിക്കാരിൽനിന്നാണ്‌ ചുരുക്കപട്ടിക തയ്യാറാക്കിയത്‌.


അടുത്തവർഷം മാർച്ച്‌ മുതൽ മെയ്‌ വരെയാണ്‌ പത്തൊമ്പതാമത്‌ സീസൺ. കഴിഞ്ഞമാസം കൈമാറാനും നിലനിർത്താനുമുള്ള അവസരം കിട്ടിയപ്പോൾ 10 ടീമുകളും പകുതിയോളം കളിക്കാരെ ടീമിൽ ഉറപ്പിച്ചിരുന്നു. 72 കളിക്കാർ ഒഴിവാക്കപ്പെട്ടപ്പോൾ 163 പേരെ നിലനിർത്തി. ബാക്കി കളിക്കാരെ ലേലം വിളിച്ച്‌ എടുക്കാനാണ്‌ ഇന്ന്‌ അവസരം. ലേലപട്ടികയിലുള്ള 359 കളിക്കാരിൽ 244 പേർ ഇന്ത്യക്കാരാണ്‌. 115 വിദേശ താരങ്ങളുണ്ട്‌. ഒരു ടീമിൽ പരമാവധി 25 കളിക്കാർ വേണം. ചുരുങ്ങിയത്‌ 18. ലേലത്തിനെത്തുന്ന 37 കളിക്കാരുടെ അടിസ്ഥാനവില രണ്ട്‌ കോടിയാണ്‌. അതിൽ വെങ്കിടേഷ്‌ അയ്യരും രവി ബിഷ്‌ണോയിയുമാണ്‌ ഇന്ത്യൻ താരങ്ങൾ.


എട്ട്‌ പേർക്ക്‌ ഒന്നരകോടിയുണ്ട്‌. 227 കളിക്കാർക്ക്‌ അടിസ്ഥാനവില 30 ലക്ഷമാണ്‌. കാമറൂൺ ഗ്രീൻ, ഡെവൻ കോൺവേ, ഡേവിഡ്‌ മില്ലർ, വണീന്ദു ഹസരങ്ക, രചിൻ രവീന്ദ്ര, സ്‌റ്റീവ്‌ സ്‌മിത്ത്‌, ഷായ്‌ ഹോപ്‌, ക്വിന്റൺ ഡി കോക്ക്‌, ലിയം ലിവിങ്സ്‌റ്റൺ തുടങ്ങിയവർ വിദേശ കളിക്കാരുടെ പട്ടികയിലെ പ്രമുഖരാണ്‌. സർഫറാസ്‌ഖാൻ, ദീപക്‌ ഹൂഡ, പൃഥ്വി ഷാ, ആകാശ്‌ ദീപ്‌, രാഹുൽ ചഹാർ, ഉമേഷ്‌ യാദവ്‌, മായങ്ക്‌ അഗർവാൾ എന്നീ ഇന്ത്യൻ താരങ്ങളുണ്ട്‌. ഓപ്പണർ അഭിമന്യു ഇ‍ൗശ്വറിനെ അവസാനനിമിഷം പട്ടികയിൽ ഉൾപ്പെടുത്തി. ഗ്ലെൻ മാക്‌സ്‌വെൽ, ഫാഫ്‌ ഡുപ്ലെസിസ്‌, മൊയീൻ അലി, ആന്ദ്രേ റസൽ എന്നിവർ ഇക്കുറിയില്ല.


പണമെറിയാൻ കൊൽക്കത്ത ​


ഐപിഎൽ താരലേലത്തിനുള്ള പത്ത്‌ ടീമുകളിൽ കൂടുതൽ പണം ബാക്കിയുള്ളത്‌ കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സിനാണ്‌. കളിക്കാരെ നിലനിർത്താനും കൈമാറാനും പണം ചെലവഴിച്ചശേഷം ബാക്കിയുള്ള 64.3 കോടി ഉപയോഗിച്ച്‌ 13 കളിക്കാരെ തെരഞ്ഞെടുക്കാം. അതിൽ ആറ്‌ പേർ വിദേശികളാകണം. മുംബൈ ഇന്ത്യൻസിന്‌ വാങ്ങാവുന്ന അഞ്ച്‌ കളിക്കാർക്കായി 2.75 കോടിയാണുള്ളത്‌. ഒരു ടീമിന്‌ 25 കളിക്കാർക്കായി 120 കോടി രൂപ ചെലവഴിക്കാം. ചെന്നൈ സൂപ്പർ കിങ്സിന്‌ 43.40 കോടി കൈയിലുണ്ട്‌. രാജസ്ഥാൻ റോയൽസിന്‌ ഒമ്പത്‌ കളിക്കാർക്കായി 16.05 കോടി ചെലവഴിക്കാം. ഡൽഹി ക്യാപിറ്റൽസിന്‌ 21.80 കോടിയുണ്ട്‌. ഗുജറാത്ത്‌ ടൈറ്റൻസിന്റെ കൈവശം 12.90 കോടിയുണ്ട്‌. ലഖ്‌ന‍ൗ സൂപ്പർ ജയന്റ്‌സിന്‌ ചെലവാക്കാനുള്ളത്‌ 22.95 കോടി. പഞ്ചാബ്‌ കിങ്സിന്‌ 11.50 കോടി മുടക്കാനുണ്ട്‌. ചാമ്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവിന്‌ 16.40 കോടിയുണ്ട്‌. സൺറൈസേഴ്‌സ്‌ ഹൈരദാബാദിന്‌ 25.50 കോടിയുള്ളതിൽ 10 കളിക്കാരെ എടുക്കണം.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home