ad
Deshabhimani

print edition ഐപിഎൽ പൂരത്തിന് നാളെ തുടക്കം; ഉദ്ഘാടന മത്സരത്തിൽ ബംഗളൂരുവും ഹൈദരാബാദും ഏറ്റുമുട്ടും

ipl
വെബ് ഡെസ്ക്

Published on Mar 27, 2026, 03:51 AM | 2 min read

ബംഗളൂരു : ക്രിക്കറ്റ് ലോകം നാളെമുതൽ ഐപിഎൽ കളത്തിലേക്ക്‌. നാളെ രാത്രി ഏഴരയ്‌ക്ക്‌ ബംഗളൂരു ചിന്നസ്വാമി സ്‌റ്റേഡിയത്തിൽ നിലവിലെ ചാന്പ്യൻമാരായ റോയൽ ചലഞ്ചേഴ്‌സ്‌ ബംഗളൂരുവും സൺറൈസേഴ്‌സ്‌ ഹൈദരാബാദും ഏറ്റുമുട്ടുന്നതോടെ പുതിയ സീസണിന്‌ തുടക്കമാകും. ആകെ 10 ടീമുകളാണ്‌ കളത്തിൽ. 84 മത്സരങ്ങൾ. കഴിഞ്ഞ സീസണിനെക്കാൾ 10 മത്സരം കൂടുതൽ. സ്വന്തം തട്ടകത്തിലും എതിർത്തട്ടകത്തിലുമായി ഒരു ടീമിന്‌ 16 മത്സരങ്ങൾ കിട്ടും. തുടർന്ന്‌ ക്വാളിഫയറും എലിമിനേറ്ററും ഫൈനലും ഉൾപ്പെടെ നാല്‌ കളികൾ. മെയ്‌ 31ന്‌ ബംഗളൂരുവിലാണ്‌ -ഫൈനൽ. ടൂർണമെന്റിന്റെ പൂർണ മത്സര പട്ടിക കഴിഞ്ഞ ദിവസം പുറത്തിറക്കി. 13 വേദികളിലാണ്‌ മത്സരങ്ങൾ. കഴിഞ്ഞ സീസണിൽ ബംഗളൂരുവിന്റെ വിജയാഘോഷത്തിനിടെ 11 പേർ മരിച്ചതിന്റെ ദുരന്ത സ്‌മരണയിലാണ്‌ പുതിയ പതിപ്പ്‌ തുടങ്ങുന്നത്‌.


ആദ്യ മത്സരത്തിന്‌ വേദിയാകുന്നതും ബംഗളൂരുവാണ്‌. മത്സരത്തിന്‌ മുന്പ്‌ മൈതാനം സജ്ജമാക്കാനുള്ള കഠിനശ്രമത്തിലാണ്‌ അധികൃതർ. ശ്രേയസ്‌ അയ്യർ നയിച്ച പഞ്ചാബ്‌ കിങ്‌സിനെ ആറ്‌ റണ്ണിന്‌ തോൽപ്പിച്ച്‌ രജത്‌ പടിദാർ ക്യാപ്‌റ്റനായ ബംഗളൂരു ജേതാക്കളായത്‌. ഇക്കുറിയും ഇരു ടീമുകളും മികച്ച സംഘത്തെയാണ്‌ അണിനിരത്തുന്നത്‌. മുൻ ക്യാപ്‌റ്റൻ വിരാട്‌ കോഹ്‌ലിയാണ്‌ ബംഗളൂരു ടീമിലെ ശ്രദ്ധാകേന്ദ്രം. ഡിസംബറിൽ നടന്ന മിനി താരലേലത്തിൽ ഇരു ടീമുകളും വന്പൻ പേരുകാരെയൊന്നും സ്വന്തമാക്കിയില്ല.


മുംബൈ ഇന്ത്യൻസ്‌, ഡൽഹി ക്യാപിറ്റൽസ്‌, സൺറൈസേഴ്‌സ്‌ ഹൈദരാബാദ്‌, ഗുജറാത്ത്‌ ടൈറ്റൻസ്‌ എന്നീ ടീമുകളും കിരീടപ്പോരിന്‌ കരുത്ത്‌ പകരും. ചെന്നൈ സൂപ്പർ കിങ്‌സ്‌, രാജസ്ഥാൻ റോയൽസ്‌, ലഖ്‌ന‍ൗ സൂപ്പർ ജയന്റ്‌സ്‌സ്‌, കൊൽക്കത്ത നൈറ്റ്‌ റൈഡേഴ്‌സ്‌ ടീമുകൾ കഴിഞ്ഞ സീസണിലെ മോശം പ്രകടനത്തിൽനിന്ന്‌ തിരിച്ചുവരാനുള്ള ശ്രമത്തിലാണ്‌. മലയാളി താരം സഞ്‌ജു സാംസൺ ഇക്കുറി പുതിയ തട്ടകത്തിലാണ്‌. രാജസ്ഥാൻ ഉപേക്ഷിച്ച്‌ മുപ്പത്തൊന്നുകാരൻ ചെന്നൈ ടീമിന്റെ ഭാഗമായി. മഹേന്ദ്ര സിങ്‌ ധോണിയുടെ സംഘത്തിൽ തകർപ്പൻ പ്രകടനങ്ങളുമായി കളംപിടിക്കാനാണ്‌ സഞ്‌ജുവിന്റെ ശ്രമം. ലോകകപ്പിലെ മികച്ച താരമായി തെഞ്ഞെടുക്കപ്പെട്ട വിക്കറ്റ്‌ കീപ്പറിൽ ചെന്നൈയും ഏറെ പ്രതീക്ഷിക്കുന്നു. മറ്റ്‌ മലയാളി താരങ്ങളായ വിഷ്‌ണു വിനോദിനെ പഞ്ചാബ്‌ കിങ്‌സ്‌ നിലനിർത്തി.


വിഘ്‌നേഷ്‌ പുത്തൂർ രാജസ്ഥാൻ റോയൽസിലെത്തി. കൊൽക്കത്തയാണ്‌ ഇക്കുറി താരലേലത്തിൽ സജീവമായി പങ്കെടുത്തത്‌. 25 കോടി രൂപയ്‌ക്ക്‌ ഓസ്‌ട്രേലിയൻ ഓൾ റ‍ൗണ്ടർ കാമറൂൺ ഗ്രീനിനെ കൊൽക്കത്ത കൂടാരത്തിലെത്തിച്ചു. വൈഭവ്‌ സൂര്യവംശിയെന്ന ക‍ൗമാരക്കാരൻ ബാറ്ററുടെ പ്രകടനവും ആവേശമാകും. രാജസ്ഥാന്‌ വേണ്ടി രണ്ടാം സീസണിൽ കളിക്കുന്ന പതിനഞ്ചുകാരൻ ഇന്ത്യൻ അണ്ടർ 19 ടീമിനായി റണ്ണടിച്ചുകൂട്ടിയാണ് എത്തുന്നത്‌. പ്രശാന്ത്‌ വീർ‍, കാർത്തിക്‌ ശർമ (ചെന്നൈ) എന്നിവരും പ്രതീക്ഷയാണ്‌. ബംഗളൂരുവിനായി കോഹ്‌ലി ഇറങ്ങുന്പോൾ മുംബൈക്കായി രോഹിത്‌ ശർമയും രംഗത്തുണ്ട്‌.


ചെന്നൈ ടീം മുൻ ക്യാപ്‌റ്റൻ ധോണി എല്ലാ മത്സരങ്ങളിലും കളിക്കാൻ സാധ്യതയില്ല. കൊൽക്കത്ത ക്യാപ്‌റ്റൻ അജിൻക്യ രഹാനെയുടെ അവസാന സീസണായിരിക്കും. വിദേശ താരങ്ങളിൽ ഗ്രീനിനെ കൂടാതെ രാജസ്ഥാനായി കളിക്കുന്ന വിൻഡീസ്‌ താരം ഷിംറോൺ ഹെറ്റ്‌മയെർ, ന്യൂസിലൻഡ്‌ വെടിക്കട്ട്‌ ഓപ്പണർ ഫിൻ അലെൻ (കൊൽക്കത്ത), ഓസീസ്‌ ബാറ്റർ ട്രാവിസ്‌ ഹെഡ്‌ (ഹൈദരാബാദ്‌), വിൻഡീസ്‌ താരം റൊമാരിയോ ഷെപേർഡ്‌ (ബംഗളൂരു), നികോളാസ് പുരാൻ (ലഖ്നൗ) എന്നിവരും ശ്രദ്ധേയരാണ്‌.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home