ഐപിഎൽ 2026
പർപ്പിൾ ക്യാപ്പുമായി ഭുവനേശ്വർ കുമാർ മുന്നിൽ, ഓറഞ്ച് ക്യാപ്പിനായി ഗില്ലും കോഹ്‌ലിയും നേർക്കുനേർ

ഭുവനേശ്വർ കുമാർ, വിരാട് കൊഹ്‌ലി (Photo:Thread)
ലക്നൗ : ഐപിഎൽ 2026 സീസണിലെ പർപ്പിൾ ക്യാപ് പോരാട്ടത്തിൽ സൺറൈസേഴ്‌സ് ഹൈദരാബാദിന്റെ സീനിയർ പേസർ ഭുവനേശ്വർ കുമാർ ആധിപത്യം തുടരുന്നു. സീസണിൽ 13 മത്സരങ്ങൾ പൂർത്തിയാക്കിയ ഭുവനേശ്വർ 24 വിക്കറ്റുകളുമായാണ് വിക്കറ്റ് വേട്ടക്കാരിൽ ഒന്നാം സ്ഥാനത്ത് തുടരുന്നത്. കഴിഞ്ഞ മത്സരത്തിൽ പഞ്ചാബ് കിങ്‌സിന്റെ പ്രഭ്‌സിമ്രാൻ സിങ്, പ്രിയാൻഷ് ആര്യ എന്നിവരെ പുറത്താക്കിയാണ് താരം ഒന്നാം സ്ഥാനം ഭദ്രമാക്കിയത്.
21 വിക്കറ്റുകളുമായി പഞ്ചാബ് കിങ്‌സ് താരം കാഗിസോ റബാഡയാണ് പട്ടികയിൽ രണ്ടാം സ്ഥാനത്തുള്ളത്. ഭുവനേശ്വറിനേക്കാൾ മൂന്ന് വിക്കറ്റുകൾ പിന്നിലാണ് റബാഡ. 19 വിക്കറ്റുകളുള്ള മുംബൈ ഇന്ത്യൻസ് താരം അൻഷുൽ കംബോജാണ് മൂന്നാമത്. ഇന്നത്തെ മത്സരത്തിൽ അഞ്ച് വിക്കറ്റുകൾ നേടിയാൽ മാത്രമേ കംബോജിന് ഭുവനേശ്വറിനൊപ്പം എത്താനാകൂ. രാജസ്ഥാൻ റോയൽസ് താരം ജോഫ്ര ആർച്ചർ 17 വിക്കറ്റോടെ നാലാമതും, ലഖ്‌നൗ സൂപ്പർ ജയന്റ്‌സ് താരം പ്രിന്‌സ് യാദവ് 16 വിക്കറ്റോടെ അഞ്ചാമതുമുണ്ട്. റാഷിദ് ഖാൻ, കാർത്തിക് ത്യാഗി, ഇഷാൻ മലിംഗ, മുഹമ്മദ് സിറാജ് തുടങ്ങിയവരും തൊട്ടുപിന്നാലെയുണ്ട്.
ഓറഞ്ച് ക്യാപിനായി ശുഭ്മാൻ ഗില്ലും വിരാട് കോഹ്‌ലിയും നേർക്കുനേർ
റൺവേട്ടക്കാർക്കുള്ള ഓറഞ്ച് ക്യാപിനായുള്ള പോരാട്ടവും ഇത്തവണ കടുത്തതാണ്. 554 റൺസോടെ സായ് സുദർശനാണ് ഒന്നാം സ്ഥാനത്ത്. ഗുജറാത്ത് ടൈറ്റൻസ് ക്യാപ്റ്റൻ ശുഭ്മാൻ ഗിൽ 552 റൺസോടെ റൺവേട്ടയിൽ രണ്ടാം സ്ഥാനത്തുണ്ട്. 542 റൺസുള്ള ആർസിബി താരം വിരാട് കോഹ്‌ലി മൂന്നാമതും 533 റൺസോടെ ലഖ്‌നൗ ക്യാപ്റ്റൻ കെഎൽ രാഹുൽ നാലാമതുമുണ്ട്. ഹെന്റിച്ച് ക്ലാസൻ, വൈഭവ് സൂര്യവംശി, അഭിഷേക് ശർമ എന്നിവരും ഓറഞ്ച് ക്യാപ് റേസിലുണ്ട്. രാജസ്ഥാൻ റോയൽസ് ക്യാപ്റ്റനും മലയാളി താരവുമായ സഞ്ജു സാംസൺ 450 റൺസോടെ നിലവിൽ പത്താം സ്ഥാനത്താണ്. ഒരു മത്സരത്തിലെ മികച്ച പ്രകടനം കൊണ്ടുതന്നെ ആർക്കും ഒന്നാമതെത്താൻ സാധിക്കുന്ന രീതിയിലാണ് ഈ സീസണിലെ ബാറ്റിങ്–ബോളിങ് പോരാട്ടങ്ങൾ.









0 comments