ad
Deshabhimani

കിരീടപ്പോരാട്ടത്തിൽ ഗുജറാത്തിന് തകർച്ചയോടെ തുടക്കം; ടോസ് നേടി ഫീൽഡിങ് തെരഞ്ഞെടുത്ത് ആർസിബി

IPL

ശുഭ്മാൻ ഗിൽ (ഇടത്) രജത് പാട്ടിദാർ (വലത്)

വെബ് ഡെസ്ക്

Published on May 31, 2026, 08:07 PM | 2 min read

അഹമ്മദാബാദ് : ഐപിഎൽ 19-ാം സീസണിലെ ആവേശകരമായ കലാശപ്പോരാട്ടത്തിന് അഹമ്മദാബാദിലെ നരേന്ദ്ര മോദി സ്റ്റേഡിയത്തിൽ തുടക്കമായി. കിരീടപ്പോരാട്ടത്തിൽ ടോസ് നഷ്ടപ്പെട്ട് ബാറ്റിംഗിന് ഇറങ്ങിയ ഗുജറാത്ത് ടൈറ്റൻസിന് തുടക്കത്തിൽ തന്നെ കനത്ത തിരിച്ചടിയാണ് നേരിട്ടിരിക്കുന്നത്. ഒടുവിൽ വിവരം ലഭിക്കുമ്പോൾ ഗുജറാത്ത് 7 ഓവറിൽ 50 റൺസിന് 2 വിക്കറ്റ് എന്ന നിലയിലാണ്. ഓപ്പണർമാരെ ഗുജറാത്തിന് തുടക്കത്തിൽ തന്നെ നഷ്ടമായി. 10 റൺസെടുത്ത ഗുജറാത്ത് നായകൻ ശുഭ്മാൻ ഗില്ലാണ് ആദ്യം പുറത്തായത്. ഹേസൽവുഡിൻ്റെ പന്തിൽ രജത് പടിദാറിന് ക്യാച്ച് നൽകിയാണ് ഗില്ലിൻ്റെ മടക്കം. തൊട്ടുപിന്നാലെ 11 റൺസെടുത്ത സായ് സുദർശനെയും ഗുജറാത്തിന് നഷ്ടമായി. ഭുവനേശ്വർ കുമാറിൻ്റെ പന്തിൽ വിക്കറ്റ് കീപ്പർ ജിതേഷ് ശർമ ക്യാച്ചെടുത്താണ് സുദർശനെ പുറത്താക്കിയത്. നിലവിൽ നിഷാന്ത് സിന്ധു വും ജോസ് ബട്ട്ലറുമാണ് ക്രീസിലുള്ളത്


മത്സരത്തിൻ്റെ തുടക്കത്തിൽ തന്നെ വലിയൊരു നാടകീയതയ്ക്കും സ്റ്റേഡിയം സാക്ഷിയായി. ജേക്കബ് ഡഫി എറിഞ്ഞ ആദ്യ ഓവറിൽ തന്നെ സായ് സുദർശനെതിരെ വിക്കറ്റിനായുള്ള കടുത്ത അപ്പീൽ ഉയർന്നിരുന്നു. അമ്പയർ ഔട്ട് വിളിക്കുകയും ചെയ്തു. എന്നാൽ ഗുജറാത്ത് ഓപ്പണർ ഉടൻ തന്നെ റിവ്യൂ എടുത്തു. റീപ്ലേകളിൽ പന്ത് ബാറ്റിൽ കൊള്ളാതെയാണ് വിക്കറ്റ് കീപ്പർ ജിതേഷ് ശർമയുടെ കൈകളിലേക്ക് എത്തിയതെന്ന് വ്യക്തമായതോടെ അമ്പയർക്ക് തീരുമാനം തിരുത്തേണ്ടി വന്നു. ടോസ് നേടിയ ആർസിബി നായകൻ രജത് പടിദാർ ആദ്യം ഫീൽഡിങ് തെരഞ്ഞെടുക്കുകയായിരുന്നു. ഈ സീസണിൽ 13 മത്സരങ്ങളിൽ നായകനായ പടിദാർ ടോസ് വിജയിച്ചിരുന്നു. അതിൽ 11 മത്സരങ്ങളും ആർസിബി ജയിച്ചപ്പോൾ ഒരു മത്സരം മാത്രമാണ് ടീം തോറ്റത്. ഒരു മത്സരം ഫലമില്ലാതെ പോയി.


ആർസിബി നിരയിൽ ഓപ്പണർ ഫിൽ സോൾട്ടിന് ഇന്ന് ഇടം കണ്ടെത്താനായിട്ടില്ല. പകരം വിരാട് കോഹ്ലിയും ദേവ്‌ദത്ത് പടിക്കലും ചേർന്ന് ഇന്നിങ്സ് ഓപ്പൺ ചെയ്തേക്കും. ഗുജറാത്ത് ടീമിൽ ഒരു മാറ്റമുണ്ട്. സായ് കിഷോറിന് പകരം അർഷാദ് ഖാൻ ടീമിലെത്തി. ഫൈനലിൽ ജയിക്കുന്ന ജേതാക്കളെ കാത്തിരിക്കുന്നത് 20 കോടി രൂപയുടെ വലിയ ക്യാഷ് പ്രൈസ് ആണ്. രണ്ടാം കിരീടമാണ് ഇരു ടീമുകളുടെയും ലക്ഷ്യം. 19-ാം സീസൺ ഐപിഎൽ ഫൈനൽ ഒന്നാം ക്വാളിഫയറിൻ്റെ ആവർത്തനമാണ്. ഗ്രൂപ്പ് ഘട്ടത്തിൽ ആദ്യ രണ്ട് സ്ഥാനത്തെത്തിയ ടീമുകൾ തന്നെയാണ് ഫൈനലിലും നേർക്കുനേർ വരുന്നത്.


ഗ്രൂപ്പ് ഘട്ടത്തിലെ രണ്ട് മത്സരങ്ങളിൽ ഇരു ടീമുകളും ഓരോ മത്സരം വീതം ജയിച്ചിരുന്നു. എന്നാൽ ഒന്നാം ക്വാളിഫയറിലെത്തിയപ്പോൾ 92 റൺസിൻ്റെ ആധികാരിക ജയമാണ് ബംഗളുരു സ്വന്തമാക്കിയത്. ഇന്ന് കിരീടം നേടിയാൽ ചെന്നൈക്കും മുംബൈക്കും ശേഷം കിരീടം നിലനിർത്തുന്ന ടീമും രണ്ട് കിരീടം നേടുന്ന നാലാമത്തെ ടീമുമാകും ബംഗളുരു. മൂന്നാം ഫൈനലിനിറങ്ങുന്ന ഗുജറാത്തിന് ജയിച്ചാൽ രണ്ട് കിരീടമെന്ന റെക്കോഡ് നേട്ടത്തിലും ഇടം നേടാം.


ഗുജറാത്ത് ടൈറ്റൻസ് സ്ക്വാഡ്:

സായ് സുദർശൻ, ശുഭ്മാൻ ഗിൽ (ക്യാപ്റ്റൻ), ജോസ് ബട്‌ലർ (വിക്കറ്റ് കീപ്പർ), വാഷിംഗ്ടൺ സുന്ദർ, രാഹുൽ തേവാട്ടിയ, നിഷാന്ത് സിന്ധു, ജേസൺ ഹോൾഡർ, റാഷിദ് ഖാൻ.


റോയൽ ചലഞ്ചേഴ്‌സ് ബെംഗളൂരു സ്ക്വാഡ്:

വിരാട് കോഹ്‌ലി, ദേവദത്ത് പടിക്കൽ, രജത് പാട്ടിദാർ (ക്യാപ്റ്റൻ), ജിതേഷ് ശർമ (വിക്കറ്റ് കീപ്പർ), ടിം ഡേവിഡ്, ക്രുണാൽ പാണ്ഡ്യ, റൊമാരിയോ ഷെപ്പേർഡ്, ഭുവനേശ്വർ കുമാർ, ജേക്കബ് ഡഫി, ജോഷ് ഹേസിൽവുഡ്, റാസിഖ് സലാം ദാർ.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home