ഐപിഎൽ 2026
ഹൈദരാബാദിനെ തകർത്ത് ഗുജറാത്ത് ടൈറ്റൻസ്; 82 റൺസിന്റെ കൂറ്റൻ വിജയം

അഹമ്മദാബാദ് : ഐപിഎല്ലിൽ സൺറൈസേഴ്‌സ് ഹൈദരാബാദിനെ 82 റൺസിന് തകർത്ത് ഗുജറാത്ത് ടൈറ്റൻസ് സീസണിലെ കരുത്തുറ്റ വിജയം സ്വന്തമാക്കി. ഗുജറാത്ത് ഉയർത്തിയ 169 റൺസ് വിജയലക്ഷ്യം പിന്തുടർന്ന ഹൈദരാബാദിനെ വെറും 14.5 ഓവറിൽ 86 റൺസിന് ഗുജറാത്ത് ബൗളർമാർ എറിഞ്ഞൊതുക്കി. കൃത്യമായ ഇടവേളകളിൽ വിക്കറ്റുകൾ വീഴ്ത്തിയ ഗുജറാത്ത് നിരയിൽ മൂന്ന് വിക്കറ്റുകൾ വീതം വീഴ്ത്തിയ ജേസൺ ഹോൾഡറും കാഗിസോ റബാഡയുമാണ് ഹൈദരാബാദിന്റെ നട്ടെല്ലൊടിച്ചത്.
ബാറ്റിംഗിൽ ഹൈദരാബാദ് നിരയിൽ ഒരാൾക്ക് പോലും കാര്യമായ ചലനമുണ്ടാക്കാനായില്ല. ഓപ്പണർ ട്രാവിസ് ഹെഡ് റണ്ണൊന്നുമെടുക്കാതെ പുറത്തായപ്പോൾ അഭിഷേക് ശർമ്മ (6), ഇഷാൻ കിഷൻ (11) എന്നിവരും വേഗത്തിൽ മടങ്ങി. 9 പന്തിൽ 19 റൺസെടുത്ത ക്യാപ്റ്റൻ പാറ്റ് കമ്മിൻസാണ് ടീമിന്റെ ടോപ് സ്കോറർ. സലിൽ അറോറ (16), ഹെൻറിച്ച് ക്ലാസൻ (14), സ്മരൺ രവിചന്ദ്രൻ (9) എന്നിവരാണ് മറ്റു സ്കോറർമാർ. നിതീഷ് കുമാർ റെഡ്ഡി (2), ശിവംഗ് കുമാർ (4), പ്രഫുൽ ഹിംഗെ (3) എന്നിങ്ങനെയാണ് മറ്റുള്ളവരുടെ പ്രകടനം. ഈഷൻ മലിംഗ പൂജ്യത്തിന് പുറത്തായി.
ഗുജറാത്തിന് വേണ്ടി ജേസൺ ഹോൾഡർ നാല് ഓവറിൽ 20 റൺസ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റുകൾ വീഴ്ത്തി. കാഗിസോ റബാഡ നാല് ഓവറിൽ 28 റൺസ് നൽകി മൂന്ന് വിക്കറ്റും സ്വന്തമാക്കി. മൂന്ന് ഓവറിൽ 23 റൺസ് വഴങ്ങി രണ്ട് വിക്കറ്റെടുത്ത പ്രസിദ്ധ് കൃഷ്ണയും ഒരു വിക്കറ്റ് വീതം വീഴ്ത്തിയ മുഹമ്മദ് സിറാജ് (3 ഓവർ, 11 റൺസ്), റാഷിദ് ഖാൻ (0.5 ഓവർ, 3 റൺസ്) എന്നിവരും വിജയത്തിൽ നിർണായക പങ്കുവഹിച്ചു. സായ് സുദർശന്റെയും (61) വാഷിംഗ്ടൺ സുന്ദറിന്റെയും (50) അർധസെഞ്ചുറിക്കരുത്തിൽ ഗുജറാത്ത് കെട്ടിപ്പടുത്ത 168 റൺസ് പ്രതിരോധിക്കാൻ ഈ ബൗളിങ് പ്രകടനം ധാരാളമായിരുന്നു.










0 comments