ഇന്ത്യൻ ജയം 52 റണ്ണിന്
print edition മുംബെെയിലെ നക്ഷത്രരാവ് ; ആദ്യ ലോകകപ്പ് നേട്ടത്തിൽ അതിരറ്റ ആഹ്ലാദം

ദക്ഷിണാഫ്രിക്കയെ തോൽപ്പിച്ച് ഏകദിന ക്രിക്കറ്റ് ലോകകപ്പ് നേടിയ ഇന്ത്യൻ ടീം ട്രോഫിയുമായി
മുംബൈ
മുംബൈയിൽ സമയം അർധരാത്രി കഴിയുകയാണ്. ദീപ്‌തി ശർമയുടെ ഫുൾടോസ് പന്ത് നാദിനെ ഡി ക്ലെർക്കിന്റെ ബാറ്റിൽ തട്ടി ഉയർന്നു. ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗർ ആ പന്ത് കൈയിലൊതുക്കി. വിജയാഹ്ലാദം നുരഞ്ഞുപൊങ്ങി. ഹർമൻപ്രീത് പന്ത് കൈവിടാതെ ഓടുകയായിരുന്നു. പിന്നാലെ സ്‌മൃതി മന്ദാനയും. അതിരറ്റ ആഹ്‌ളാദത്തിൽ അവർ തുള്ളിച്ചാടി. രണ്ട് പതിറ്റാണ്ടിന്റെ ഭാരത്തെയും ഹൃദയം തകർത്ത രണ്ട് ഫൈനലുകളെയും പിന്തള്ളി ഇരുവരും മുംബൈയുടെ നക്ഷത്രരാവിൽ അലിഞ്ഞുചേർന്നു.
ആഹ്ലാദത്തിന്റെയും ആഘോഷത്തിന്റെയും മണിക്കൂറുകളായിരുന്നു പിന്നെ ഡി വൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ. ഇതിനിടെ രാധാ യാദവ് ദേശീയ പതാകയെടുത്ത് ഹർമനെയും മന്ദാനയെയും പുതപ്പിച്ചു. അതിനുള്ളിൽ അവർ ആഹ്ലാദത്തോടെ കെട്ടിപ്പിടിച്ചു. ഒരു പതിറ്റാണ്ടോളം ഒപ്പം കളിച്ചതിലെ ഏറ്റവും മനോഹരമായ നിമിഷത്തിൽ ഇരുവർക്കും പിടിച്ചുനിൽക്കാനായില്ല. ഇന്ത്യൻ ക്രിക്കറ്റിന്റെ മുഖങ്ങളായാണ് ഹർമനും സ്‌മൃതിയുമെത്തുന്നത്. ഒരു തലമുറയെ നയിച്ചു. ഒടുവിൽ അനശ്വരമായൊരു മുദ്രയും ചാർത്തുന്നു.
പരിക്കേറ്റ് കണ്ണീരോടെ വേദി വിട്ട പ്രതിക റാവലിന്റെ വരവിനെ സ്‌റ്റേഡിയം കൈയടിയോടെ എതിരേറ്റു. കാലിന് പരിക്കേറ്റ ഇരുപത്തഞ്ചുകാരി ചക്രകസേരയിലാണ് എത്തിയത്. ടീമിൽനിന്ന് പിന്മാറിയതിനാൽ വിജയികൾക്കുള്ള മെഡൽ പ്രതികയ്‌ക്ക് ലഭിക്കില്ല. എങ്കിലും അഭിമാനത്തോടെ അവൾ ഇന്ത്യൻ കുപ്പായത്തിൽ അവിടെ ഇരുന്നു. മന്ദാന ചേർത്തുപിടിച്ചു. കിരീടം ഏറ്റുവാങ്ങുന്പോൾ പ്രതികയെയും ഒപ്പമിരുത്തി. ഒരുവശത്ത് ഹർമനും ഷഫാലി വർമയും കിരീടം ഏറ്റുവാങ്ങുന്ന ആഘോഷ പരിപാടി പരിശീലിക്കുകയായിരുന്നു. ഒടുവിൽ ഐസിസി ചെയർമാൻ ജയ് ഷായിൽനിന്ന് കിരീടം ഏറ്റുവാങ്ങുംമുന്പ് ക്യാപ്‌റ്റൻ പഞ്ചാബി ചുവടുകൾ വച്ചു. കിരീടം വാങ്ങി വീണ്ടും ആഘോഷങ്ങളിലേക്ക് . ജെമീമ റോഡ്രിഗസ് കിരീടരാവിനെ സെൽഫിയിലാക്കി. മുൻ താരങ്ങളായ അഞ്‌ജും ചോപ്രയും ജൂലൻ ഗോസ്വാമിയും റീമ മൽഹോത്രയും മിതാലി രാജും കിരീടത്തിൽ ചുംബിച്ചു.

ജെമീമയും മന്ദാനയും
ലോകകപ്പുമായി , (ജെമീമ ഇൻസ്റ്റഗ്രാമിൽ
പങ്കുവച്ച ചിത്രം)
ഇതിനിടെ ജെമീമയും അരുന്ധതി റെഡ്ഡിയും രാധയും ദക്ഷിണാഫ്രിക്കൻ ഓൾ റൗണ്ടർ മറിസന്നെ കാപ്പിനെ ആശ്വസിപ്പിച്ചു. ക്യാപ്‌റ്റൻ ലോറ വുൾവാർഡ്‌റ്റിനെ ഹർലീൻ ഡിയോളും സമാധാനിപ്പിച്ചു. ദീപ്‌തി ശർമയും മന്ദാനയും പിന്നാലെയെത്തി. പരിശീലകൻ അമോൽ മസുംദാറിന്റെ ഉൗഴമായിരുന്നു പിന്നെ.
തുടർച്ചയായ ഐസിസി ടൂർണമെന്റുകളുടെ ഫൈനലിൽ തോറ്റതിന്റെ നിരാശയായിരുന്നു ദക്ഷിണാഫ്രിക്കൻ താരങ്ങൾക്ക്.
ലോകകപ്പിൽ ഉയർച്ച താഴ്‌ചകളിലൂടെയായിരുന്നു ഇന്ത്യൻ ടീമിന്റെ സഞ്ചാരം. ആദ്യ രണ്ട് കളിയിൽ പാകിസ്ഥാനെയും ശ്രീലങ്കയെയും കീഴടക്കിയ ഇന്ത്യക്ക് പിന്നെ മൂന്ന് തുടർ തോൽവികളായിരുന്നു. ദക്ഷിണാ-ഫ്രിക്കയോടും ഓസ്‌ട്രേലിയയോടും ഇംഗ്ലണ്ടിനോടും തോറ്റപ്പോൾ പ്രതീക്ഷ മങ്ങി. എന്നാൽ ന്യൂസിലൻഡിനെതിരെ ഉശിരൻ ജയംകുറിച്ചതോടെ കഥ മാറി. സെമിയിൽ ഓസീസിനെ വീഴ്‌ത്തി. ഫൈനലിൽ ദക്ഷിണാഫ്ര-ിക്കൻ ക്യാപ്‌റ്റൻ ലോറ വുൾവാർഡ്‌റ്റിന്റെ (101) ചെറുത്തുനിൽപ്പ് മറികടന്ന് 52 റണ്ണിന്റെ ജയത്തോടെ കിരീടമുയർത്തുകയായിരുന്നു.
ഇന്ത്യൻ ടീമിന് വമ്പൻ സമ്മാനത്തുക
രാജ്യാന്തര ക്രിക്കറ്റ് കൗൺസിൽ (ഐസിസി) ജേതാക്കൾക്ക് 37.98 കോടി രൂപയാണ് സമ്മാനത്തുകയായി നൽകിയത്. പുരുഷ–വനിതാ ലോകകപ്പുകളിൽ ഇതുവരെ നൽകിയതിൽ ഏറ്റവും മുന്തിയ തുകയാണിത്. ഇതിനൊപ്പം ഗ്രൂപ്പ് ഘട്ടത്തിലെ ഉൾപ്പെടെയുള്ള പാരിതോഷികങ്ങളും കൂടിയാകുന്പോൾ ആ തുക 41 കോടി രൂപയാകും.
ഇതിനുപുറമെ ഇന്ത്യൻ ക്രിക്കറ്റ് ബോർഡ് (ബിസിസിഐ) 51 കോടി രൂപയും സമ്മാനത്തുകയായി പ്രഖ്യാപിച്ചു. എല്ലാംകൂടി ഏകദേശം 90 കോടി രൂപ. ടീം നാളെ തലസ്ഥാനത്തെത്തി പ്രധാനമന്ത്രി നരേന്ദ്ര മോദിയെ കാണും
ഇന്ത്യക്ക് അഞ്ചാം ലോകകപ്പ്
ക്രിക്കറ്റിൽ ഇന്ത്യ നേടുന്ന അഞ്ചാം ലോകകപ്പാണ്. അതിൽ നാലും പുരുഷ ടീമിന്റേതാണ്. ഇപ്പോൾ ആദ്യമായി വനിതാ ടീമും. 1983ൽ കപിൽദേവിന്റെ നേതൃത്വത്തിൽ ഏകദിന ലോകകപ്പ് സ്വന്തമാക്കി. കരുത്തരായ വെസ്‌റ്റിൻഡീസിനെ തോൽപ്പിച്ചുള്ള കിരീടനേട്ടം ഇന്ത്യൻ ക്രിക്കറ്റിന്റെ വളർച്ചയിൽ നാഴികക്കല്ലാണ്. 2011ൽ മഹേന്ദ്ര സിങ് ധോണിയുടെ നേതൃത്വത്തിലാണ് രണ്ടാം ഏകദിന കിരീടം. ഇതിഹാസതാരം സച്ചിൻ ടെന്‍ഡുൽക്കർ ടീമിലുണ്ടായിരുന്നു. രണ്ട് തവണ ട്വന്റി 20 ലോകകപ്പ് കരസ്ഥമാക്കി. 2007ൽ ധോണി ക്യാപ്‌റ്റനായാണ് ആദ്യം. കഴിഞ്ഞവർഷം രോഹിത് ശർമയുടെ കീഴിലാണ് രണ്ടാമത്തേത്.
ഇവർ താരങ്ങൾ
ദീപ്‌തി ശർമ
22 വിക്കറ്റ്, 215 റൺ
മൂന്ന് വിക്കറ്റും അർധസെഞ്ചുറിയുമായാണ് ദീപ്‌തി ലോകകപ്പ് തുടങ്ങിയത്. അവസാനിപ്പിച്ചത് അഞ്ച് വിക്കറ്റും അർധസെഞ്ചുറിയുമായി. ഒരു ലോകകപ്പ് ഫൈനലിൽ ഇൗ നേട്ടം കുറിച്ച മറ്റൊരു താരമില്ല. ഗ്രൂപ്പ് ഘട്ടത്തിൽ ഇംഗ്ലണ്ടിനോട് തോറ്റ കളിയിൽ നാല് വിക്കറ്റും അർധസെഞ്ചുറിയും നേടിയിരുന്നു. സെമിയിൽ ഓസ്‌ട്രേലിയക്കെതിരെ 17 പന്തിൽ 24 റണ്ണുമായി ജയത്തിൽ പങ്കാളിയായി. ലോകകപ്പിന്റെ താരവും മറ്റാരുമല്ല.
ഷഫാലി വർമ
രണ്ട് കളി, 97 റൺ, രണ്ട് വിക്കറ്റ്
പ്രതിക റാവലിന് പരിക്കേറ്റതുകൊണ്ടുമാത്രം ലോകകപ്പ് ടീമിലെത്തി. അതിന് മുമ്പ് ഇന്ത്യൻ ടീമിനായി കളിച്ചത് കഴിഞ്ഞ വർഷം ഒക്‌ടോബറിൽ. ലോകകപ്പിന്റെ 15 അംഗ ടീമിൽ ഉൾപ്പെടുത്താത്തതിൽ നിരാശയിലായിരുന്നു ഇരുപത്തൊന്നുകാരി. അപ്രതീക്ഷിതമായി കിട്ടിയ അവസരം കൃത്യമായി ഉപയോഗിക്കുന്നതാണ് പിന്നെ കണ്ടത്. ഫൈനലിൽ 87 റണ്ണും രണ്ട് വിക്കറ്റുമായി മികച്ച താരം.
റിച്ചാ ഘോഷ്
235 റൺ, പ്രഹരശേഷി 133.52, വിക്കറ്റിന് പിന്നിൽ 4 ഇരകൾ
വിക്കറ്റിന് പിന്നിലെ വിശ്വസ്‌ത. ലോകകപ്പിലെ ഏറ്റവും വേഗത്തിലുള്ള സ്‌കോറും കൂടുതൽ സിക്‌സറും റിച്ചയുടെ പേരിലാണ്. കൊളംബോയിൽ പാകിസ്ഥാനെതിരെ നേടിയ 20 പന്തിൽ 35 റൺ നിർണായകമായി. ഓസീസിനെതിരെ സെമിയിൽ 16 പന്തിൽ 26. ഫൈനലിൽ ദക്ഷിണാഫ്രിക്കയോട് 24 പന്തിൽ 34. ഗ്രൂപ്പ് ഘട്ടത്തിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ 77 പന്തിൽ 94 റണ്ണടിച്ചതാണ് ഉയർന്ന സ്‌കോർ.
ജെമീമ റോഡ്രിഗസ്
292 റൺ, ശരാശരി 58.40, പ്രഹരശേഷി 101.03
ലോകകപ്പിന് മുന്പ് --ഫോം നഷ്ടം. ലോകകപ്പിൽ രണ്ട് പൂജ്യം, രണ്ട് തവണ 30ൽ പുറത്ത്. എന്നാൽ മൂന്നാം നന്പറിൽ തിരിച്ചെത്തിയത് ആഘോഷിക്കുന്ന ജെമീമയെയാണ് പിന്നെ കണ്ടത്. ന്യൂസിലൻഡിനെതിരെ 55 പന്തിൽ 76 റണ്ണടിച്ചു. സെമിയിൽ ഓസീസിനെതിരെ 127 റണ്ണുമായി ഉശിരൻ പ്രകടനം പുറത്തെടുത്തു.
സ്‌മൃതി മന്ദാന
343 റൺ, ശരാശരി 54.25, പ്രഹരശേഷി 99.08
ആദ്യ മൂന്ന് ഇന്നിങ്‌സിൽ 54 റണ്ണായിരുന്നു മന്ദാനയ്‌ക്ക്. പക്ഷേ, നിർണായക മത്സരങ്ങളിൽ മാറ്റ് കണ്ടു. ഓസീസിനോട് 80, ഇംഗ്ലണ്ടിനെതിരെ 88, ന്യൂസിലൻഡിനെതിരെ 109. ഫൈനലിൽ 45 റണ്ണുമായി തകർപ്പൻ കളി പുറത്തെടുത്തു. ലോകകപ്പിന്റെ ഒരു പതിപ്പിൽ ഏറ്റവും കൂടുതൽ റണ്ണടിക്കുന്ന ഇന്ത്യൻ കളിക്കാരിയാണ് മന്ദാന.
ശ്രീ ചരണി
14 വിക്കറ്റ്
ഇരുപത്തൊന്ന് വയസും 91 ദിവസവുമാണ് പ്രായം. ലോകകപ്പിന് മുന്പ് കളിച്ചത് ഒമ്പത് ഏകദിനത്തിൽമാത്രം. കന്നി ലോകകപ്പ് മനോഹരമാക്കി ആന്ധ്രക്കാരി. ഒമ്പത് കളിയിൽ 14 വിക്കറ്റ്. വമ്പൻ ടീമുകൾക്കെതിരെ മിന്നും പ്രകടനം. ഫൈനലിൽ ഒരു വിക്കറ്റ് നേടി. സെമിയിൽ ഓസീസിനെതിരെ രണ്ടെണ്ണം. ഗ്രൂപ്പ് ഘട്ടത്തിൽ മൂന്ന് വിക്കറ്റ് നേടി.










0 comments