print edition മൂന്നിൽ നീലാകാശം ; രണ്ട് തവണ കൈവിട്ട കിരീടം നേടി ഇന്ത്യ

മുംബൈ
മഴ മാറി തെളിഞ്ഞ ആകാശത്ത് ഇന്ത്യൻ വനിതകൾ പുതിയ ചരിത്രമെഴുതി. ഏകദിന ക്രിക്കറ്റ് ലോകകപ്പിൽ ഒരു പൊൻമുത്തം വിരിഞ്ഞു. ദീപ്‌തി ശർമയും ഷഫാലി വർമയും വീരവനിതകളായി. കാൽനൂറ്റാണ്ടിന്റെ കാത്തിരിപ്പിനാണ് അവസാനം. മുന്പ് രണ്ട് തവണ കൈവിട്ട കിരീടം മൂന്നാം ശ്രമത്തിൽ ഇന്ത്യ മാറോടണച്ചു.
നവി മുംബൈയിൽ പെയ്‌ത കനത്ത മഴയുടെ തണുപ്പിൽ മരവിക്കാതെ ഹർമൻപ്രീത് കൗറും കൂട്ടരും പൊരുതുകയായിരുന്നു. റണ്ണൊഴുകുന്ന പിച്ചിൽ ആദ്യം ബാറ്റ് ചെയ്‌ത് നേടിയ ഏഴിന് 298 റൺ ഒരുഘട്ടത്തിൽ മതിയാകുമോ എന്ന തോന്നലുയർത്തി. എന്നാൽ ബാറ്റിൽ കണ്ട അതേ വീര്യം പന്തിലും പുറത്തെടുത്ത ഷഫാലിയും ദീപ്‌തിയും ദക്ഷിണാഫ്രിക്കയുടെ കന്നി മോഹങ്ങളെ നുള്ളിയെറിഞ്ഞ് കിരീടം ഇന്ത്യയുടെ വരുതിയിലാക്കുകയായിരുന്നു. 52 റണ്ണിന്റെ ചരിത്രജയമാണ് ഇന്ത്യ നേടിയത്.
58 പന്തിൽ 58 റണ്ണടിക്കുകയും അഞ്ച് വിക്കറ്റ് വീഴ്‌ത്തുകയും ചെയ്‌ത ദീപ്‌തി ലോകകപ്പിന്റെ തന്നെ താരമായി മാറി. ഒരു റണ്ണൗട്ടുംകൂടി പട്ടികയിൽ ചേർത്താണ് ദീപ്‌തി ലോകകപ്പ് സ്വന്തം പേരിലാക്കിയത്. 9.3 ഓവറിൽ 39 റൺമാത്രം വഴങ്ങിയാണ് അഞ്ച് വിക്കറ്റ് നേട്ടം.
ഷഫാലി, ഒരുവര്‍ഷത്തിന്റെ ഇടവേളയ്‌ക്കുശേഷം തിരിച്ചെത്തി രണ്ടാം കളിയിൽതന്നെ മികവ് അറിയിച്ചു. 78 പന്തിൽ 87 റണ്ണും രണ്ട് വിക്കറ്റും.മഴകാരണം രണ്ട് മണിക്കൂർ വൈകി തുടങ്ങിയ കളിയിൽ ദക്ഷിണാഫ്രിക്കയ്‌ക്കായിരുന്നു ടോസ്. ആദ്യ ഓവറിൽ സ്‌മൃതി മന്ദാനയ്‌ക്ക് റണ്ണെടുക്കാനായില്ല. ഷഫാലി നേരിട്ട ആദ്യ പന്ത് ബൗണ്ടറി നേടി തുടങ്ങി.
ദക്ഷിണാഫ്രിക്കൻ ബൗളർമാരെ നിലയുറപ്പിക്കാൻ വിടാതെയായിരുന്നു ആക്രമണം. 49 പന്തിൽ 50 തികച്ചശേഷം റണ്ണടിയുടെ വേഗംകൂടി. ഒടുവിൽ 28–ാം ഓവറിൽ അയബോങ ഖാകയാണ് മടക്കിയത്. അപ്പോഴേക്കും രണ്ട് സിക്‌സറും ഏഴ് ഫോറും പറത്തി.
മറുപടിയിൽ ലോകകപ്പിലെ മികച്ച റണ്ണടിക്കാരി വുൾവാർഡ്‌റ്റിനെ മെരുക്കുകയായിരുന്നു ഇന്ത്യയുടെ കഠിനമായ ജോലി. അവരുടെ തുടക്കം മികച്ചതായിരുന്നു.
സ്‌പിന്നർമാരിലൂടെയായിരുന്നു ഇന്ത്യയുടെ മറുപടി. പക്ഷേ, വുൾവാർഡ്‌റ്റും അന്നെറി ഡെക്‌സനും ചേർന്ന് ദക്ഷിണാ-്രഫിക്കയ്‌ക്ക് ജയ പ്രതീക്ഷ നൽകി. ഡെർക്‌സനെ (35) പുറത്താക്കി ദീപ്‌തി കളി തിരികെ പിടിച്ചു. അടുത്ത ഓവറിൽ വുൾവാർഡ്‌റ്റിനെയും മടക്കി ദീപ്‌തി ജയത്തിലേക്ക് നയിച്ചു. അമൻജോത് കൗറിന്റെ മനോഹര ക്യാച്ചിലാണ് ദക്ഷിണാഫ്രിക്കൻ ക്യാപ്‌റ്റൻ മടങ്ങുന്നത്. ഒടുവിൽ 45.3 ഓവറിൽ ദക്ഷിണാഫ്രിക്കയുടെ അവസാന ബാറ്ററെയും പുറത്താക്കി ഇന്ത്യൻ ഓൾറൗണ്ടർ ആഘോഷത്തിന് മരുന്നിട്ടു.
പടക്കളമാക്കിയ പകരക്കാരി ; പകരക്കാരി ഷഫാലി വർമ ഫൈനലിൽ 87 റണ്ണും രണ്ട് വിക്കറ്റും
ലോകകപ്പിനുള്ള ഇന്ത്യയുടെ പതിനഞ്ചംഗ ടീമിലുണ്ടായിരുന്നില്ല ഷഫാലി വർമ. ഓപ്പണർ പ്രതിക റാവലിന് പരിക്കേറ്റതുകൊണ്ടുമാത്രം ടീമിലെത്തി. ഏകദേശം ഒരുവർഷത്തെ ഇടവേളയ്‌ക്കുശേഷമായിരുന്നു ആ തിരിച്ചുവരവ്. കഴിഞ്ഞ വർഷം ഒക്‌ടോബർ 24ന് ന്യൂസിലൻഡുമായുള്ള മൂന്നാം ഏകദിനത്തിനുശേഷം ദേശീയ ടീമിലേക്ക് പരിഗണിക്കപ്പെട്ടിരുന്നില്ല. ആഭ്യന്തര ക്രിക്കറ്റിൽ തകർപ്പൻ പ്രകടനവുമായി മിന്നുന്പോഴും പുറത്തുതന്നെയായിരുന്നു സ്ഥാനം.
പക്ഷേ, ഒരുനാൾ തിരിച്ചുവരുമെന്ന് അവൾ ഉറപ്പിച്ചിരുന്നു. പ്രതിക പരിക്കുമായി മടങ്ങിയപ്പോൾ അവസരംവന്നു. സെമിയിൽ മങ്ങി. ഫൈനലിൽ പക്ഷേ, തകർപ്പൻ കളി കണ്ടു. നവി മുംബൈയിലെ ഡി വൈ പട്ടേൽ സ്‌റ്റേഡിയത്തിൽ തടിച്ചുകൂടിയവരെ ആവേശത്തിലാഴ്‌ത്തിയ പ്രകടനം. ഒടുവിൽ ഏകദിന ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ അർധസെഞ്ചുറി കുറിക്കുന്ന ഏറ്റവും പ്രായംകുറഞ്ഞ താരമെന്ന റെക്കോഡ് കുറിച്ചാണ് മടങ്ങിയത്. 21 വയസും 278 ദിവസവുമാണ് പ്രായം. പന്തെറിഞ്ഞ് രണ്ട് വിക്കറ്റും സ്വന്തമാക്കി.
മഴയിൽ തണുത്തുറഞ്ഞ മൈതാനത്തെ ഉണർത്തിയത് ഷഫാലിയായിരുന്നു. നേരിട്ട ആദ്യ പന്ത് തന്നെ അതിർത്തി കടത്തി. അതൊരു തുടക്കംമാത്രമായിരുന്നു. പിന്നീട് കണ്ടത് ഫോറും സിക്‌സറുകളും പറക്കുന്നതാണ്. അർഹിച്ച സെഞ്ചുറിക്ക് 13 റണ്ണകലെ മടങ്ങിയെങ്കിലും ഫൈനലിൽ ഇന്ത്യ കാത്തിരുന്ന ഇന്നിങ്‌സായി അതുമാറുകയായിരുന്നു.
വിജയദീപ്‌തി ; ഫൈനലിൽ ഓൾറൗണ്ടർക്ക് 58 റണ്ണും അഞ്ച് വിക്കറ്റും
ബഹളങ്ങളൊന്നുമില്ലാതെയാണ് ദീപ്‌തി ശർമ ഇൗ ലോകകപ്പിൽ ഓരോ നേട്ടങ്ങളും സ്വന്തമാക്കിയത്. ഫൈനലിൽ ദക്ഷിണാഫ്രിക്കയ്‌ക്കെതിരെ അർധസെഞ്ചുറിയുമായി ഇന്ത്യൻ ഇന്നിങ്‌സിന് കരുത്ത് പകർന്നപ്പോൾ റണ്ണിലും പന്തിലും ദീപ്‌തി തെളിഞ്ഞു. ഒരു ലോകകപ്പിൽ 200 റണ്ണും 15 വിക്കറ്റും നേടുന്ന ആദ്യ താരമാണ്. ഒമ്പത് കളിയിൽ 215 റണ്ണും 22 വിക്കറ്റുമാണ് ഇരുപത്തെട്ടുകാരിക്ക്. 2011ലെ പുരുഷ ഏകദിന ലോകകപ്പിൽ യുവരാജ് സിങ് പുറത്തെടുത്ത പ്രകടനത്തെ ഓർമിപ്പിക്കുന്നതായിരുന്നു ദീപ്‌തിയുടെ ബാറ്റിങ്ങും ബൗളിങ്ങും.
ഫൈനലിൽ 58 പന്തിൽ 58 റണ്ണടിച്ചു. ദക്ഷിണാഫ്രിക്കൻ ക്യാപ്‌റ്റൻ ലോറ വുൾവാർഡ്റ്റിന്റെ ഉൾപ്പെടെ അഞ്ച് വിക്കറ്റും സ്വന്തമാക്കി. ഫൈനലിൽ നിർണായക ഘട്ടത്തിലാണ് ക്രീസിലെത്തുന്നത്. സെമിയിലെ സെഞ്ചുറിക്കാരി ജെമീമ റോഡ്രിഗസ് പുറത്താകുന്പോൾ മൂന്നിന് 172 റണ്ണെന്ന നിലയിലായിരുന്നു ഇന്ത്യ. ക്യാപ്‌റ്റൻ ഹർമൻപ്രീത് കൗറുമായി ചേർന്ന് ഇന്നിങ്‌സ് മുന്നോട്ട് നയിക്കാൻ ദീപ്‌തിക്ക് കഴിഞ്ഞു.
ദക്ഷിണാഫ്രിക്ക വിജയ പ്രതീക്ഷയിൽ നിൽക്കുന്പോഴാണ് വുൾവാർഡ്‌റ്റിനെ വീഴ്‌ത്തുന്നത്. അതേ ഓവറിൽ അപകടകാരിയായ ക്ലോയി ട്രയോണിനെയും പുറത്താക്കി.
മൂന്ന് അർധസെഞ്ചുറിയാണ് ഇടംകൈ ബാറ്റർ ലോകകപ്പിൽ നേടിയത്. എല്ലാ മത്സരങ്ങളിലും വിക്കറ്റ് വീഴ്‌ത്താനും കഴിഞ്ഞു.
ലോകകപ്പിന്റെ ഒരു പതിപ്പിൽ ഇന്ത്യക്കായി കൂടുതൽ റൺ നേടുന്ന ബാറ്ററെന്ന നേട്ടം സ്‌മൃതി മന്ദാന സ്വന്തമാക്കി. ഒമ്പത് ഇന്നിങ്‌സിൽ 434 റണ്ണാണ് സമ്പാദ്യം. 2017 ലോകകപ്പിൽ 409 റണ്ണെടുത്ത മിതാലി രാജിന്റെ പേരിലായിരുന്നു റെക്കോഡ്.










0 comments