ഇന്ത്യ–വെസ്റ്റ് ഇൻഡീസ് ഏകദിന പരമ്പര; കോഹ്‌ലിക്ക് മുന്നിൽ അപൂർവ ലോക റെക്കോഡ്

വിരാട് കോഹ്‌ലി| Photo:Getty Images
തിരുവനന്തപുരം : വെസ്റ്റ് ഇൻഡീസിനെതിരായ ഏകദിന പരമ്പരയ്ക്ക് തുടക്കമാകുമ്പോൾ വിരാട് കോഹ്‌ലിക്ക് മുന്നിൽ അപൂർവ ലോക റെക്കോഡ്. ഞായറാഴ്ച (ഇന്ന്) തിരുവനന്തപുരം ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിലാണ് ഇന്ത്യ–വെസ്റ്റ് ഇൻഡീസ് പരമ്പരയിലെ ആദ്യ മത്സരം. വെസ്റ്റ് ഇൻഡീസിനെതിരെ ഒരു സെഞ്ചുറി കൂടി നേടിയാൽ ഏകദിനത്തിൽ രണ്ട് വ്യത്യസ്ത ടീമുകൾക്കെതിരെ 10 സെഞ്ചുറി നേടുന്ന ആദ്യ താരമെന്ന റെക്കോഡ് കോഹ്‌ലിക്ക് സ്വന്തമാകും.
വെസ്റ്റ് ഇൻഡീസിനെതിരെ ഇതുവരെ 43 ഏകദിനങ്ങളിൽ നിന്ന് 2261 റൺസാണ് കോഹ്‌ലി നേടിയത്. 66.5 ആണ് ശരാശരി. ഒമ്പത് സെഞ്ചുറിയും 11 അർധസെഞ്ചുറിയും ഇതിൽ ഉൾപ്പെടുന്നു. ശ്രീലങ്കയ്ക്കെതിരെയാണ് കോഹ്‌ലി നേരത്തെ 10 ഏകദിന സെഞ്ചുറികൾ നേടിയിട്ടുള്ളത്.
2009ൽ ജോഹന്നാസ്ബർഗിൽ വെസ്റ്റ് ഇൻഡീസിനെതിരെയായിരുന്നു കോഹ്‌ലിയുടെ ഏകദിന അരങ്ങേറ്റം. മത്സരത്തിൽ പുറത്താകാതെ 79 റൺസ് നേടി. 2018ൽ വിശാഖപട്ടണത്ത് പുറത്താകാതെ നേടിയ 157 റൺസാണ് വെസ്റ്റ് ഇൻഡീസിനെതിരെ താരത്തിന്റെ ഉയർന്ന സ്കോർ.
ഇതേ മത്സരത്തിലാണ് കോഹ്‌ലി ഏകദിനത്തിൽ 10,000 റൺസ് പിന്നിട്ടത്. 205 ഇന്നിങ്സുകളിൽ നേട്ടത്തിലെത്തിയ കോഹ്‌ലി സച്ചിൻ ടെൻഡുൽക്കറേക്കാൾ 54 ഇന്നിങ്സ് കുറവിലാണ് 10,000 റൺസ് പൂർത്തിയാക്കിയത്. 2018ൽ വെസ്റ്റ് ഇൻഡീസിനെതിരെ തുടർച്ചയായ മൂന്ന് മത്സരങ്ങളിൽ കോഹ്‌ലി സെഞ്ചുറിയും നേടിയിരുന്നു.
ടെസ്റ്റിലും ട്വന്റി20യിലും നിന്ന് വിരമിച്ച കോഹ്‌ലി നിലവിൽ ഏകദിന ഫോർമാറ്റിൽ മാത്രമാണ് കളിക്കുന്നത്. 2027ലെ ഏകദിന ലോകകപ്പ് തന്റെ അവസാന ലോകകപ്പായിരിക്കുമെന്ന് കോഹ്‌ലി ശനിയാഴ്ച വ്യക്തമാക്കി. ദക്ഷിണാഫ്രിക്ക, സിംബാബ്‌വെ, നമീബിയ എന്നിവിടങ്ങളിലായി നടക്കുന്ന ലോകകപ്പിൽ കിരീടം നേടുകയാണ് ലക്ഷ്യമെന്നും താരം പറഞ്ഞു. ലോകകപ്പിനുള്ള ഇന്ത്യയുടെ ഒരുക്കങ്ങളുടെ ഭാഗമായാണ് വെസ്റ്റ് ഇൻഡീസിനെതിരായ പരമ്പരയും.









0 comments