ഇന്ത്യ–വിൻഡീസ് ഏകദിനം; ഇരു ടീമുകളും പരിശീലനം തുടങ്ങി

രോഹിത് ശർമ്മ (ഇടത്), വിരാട് കോഹ്‌ലി (മധ്യത്തിൽ), ശുഭ്‌മാൻ ഗിൽ, ഗൗതം ഗംഭീർ (വലത്)| Photo:Social Media
തിരുവനന്തപുരം : കാര്യവട്ടം ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിൽ ഞായറാഴ്‌ച നടക്കുന്ന ഏകദിന മത്സരത്തിനു മുന്നോടിയായി ഇന്ത്യ, വെസ്‌റ്റ് ഇൻഡീസ് ടീമുകൾ പരിശീലനം തുടങ്ങി. വ്യാഴാഴ്‌ച (ഇന്ന്) ഉച്ചയ്‌ക്കുശേഷമാണ് ഇരു ടീമുകളും പരിശീലനത്തിനിറങ്ങിയത്. ഗ്രീൻഫീൽഡ് സ്‌റ്റേഡിയത്തിലെ മൂന്നാമത്തെ പുരുഷ ഏകദിന മത്സരമാണ്.
2018 നവംബർ 1ന് നടന്ന ആദ്യ ഏകദിനത്തിലും ഇന്ത്യയും വെസ്റ്റ് ഇൻഡീസുമായിരുന്നു എതിരാളികൾ. എട്ട് വർഷങ്ങൾക്കുശേഷമാണ് വിൻഡീസ് ടീം തലസ്ഥാനത്ത് എത്തുന്നത്.
2023 ജനുവരിയിൽ ഇന്ത്യയും ശ്രീലങ്കയും തമ്മിലായിന്നു രണ്ടാമത്തെ ഏകദിനം. അന്ന് വിരാട് കോഹ്‌ലി പുറത്താകാതെ 166 റണ്ണും ശുഭ്‌മാൻ ഗിൽ 116 റണ്ണും നേടി. ശ്രീലങ്കയെ 73 റൺസിന് പുറത്താക്കി 317 റൺസിന്റെ വിജയം ഇന്ത്യ സ്വന്തമാക്കുകയും ചെയ്‌തു.
അന്നത്തെ ടീമിലുണ്ടായിരുന്ന വിരാട് കോഹ്‌ലിയും രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലും കെഎൽ രാഹുലുമുൾപ്പെടെ ഇൗ ടീമിലുമുണ്ട് എന്നത് ആരാധകർക്ക് ഏറെ ആവേശം പകരുന്നു.
വെസ്‌റ്റ് ഇൻഡീസ് ടീം ബുധനാഴ്‌ചയോടെ തിരുവനന്തപുരത്ത് എത്തിയിരുന്നു. ഇന്ത്യൻ കളിക്കാരായ വിരാട് കോഹ്‌ലി ബുധനാഴ്‌ചയും രോഹിത് ശർമ, കെഎൽ രാഹുൽ, ഋതുരാജ് ഗെയ്‌ക്‌വാദ്, യശ്വസി ജെയ്‌സ്വാൾ, ദ്രുവ് ജുറേൽ, പ്രസിദ്ധ് കൃഷ്‌ണ, മുഹമ്മദ് സിറാജ് എന്നിവർ വ്യാഴാഴ്‌ചയുമെത്തി. ബാക്കിയുള്ളവർ വെള്ളിയാഴ്‌ച (നാളെ) എത്തും.









0 comments