ഇറാന്റെ വിമാന സർവീസിന് വിലക്കേർപ്പെടുത്തി യുഎഇ

അബുദാബി: ഇറാൻ എയർലൈനുകളുടെ യുഎഇയിലേക്കും തിരിച്ചുമുള്ള വിമാന സർവീസുകൾക്ക് യുഎഇ ജനറൽ സിവിൽ ഏവിയേഷൻ അതോറിറ്റി വിലക്കേർപ്പെടുത്തി. സെപ്തംബർ 24 മുതൽ പ്രാബല്യത്തിൽ വന്ന വിലക്ക് ഇനിയൊരു അറിയിപ്പുണ്ടാകുന്നതുവരെ തുടരും. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലെ വിമാനത്താവളങ്ങൾ ഉപയോഗിക്കുന്നതിൽ ഇറാൻ വിമാനക്കമ്പനികൾക്ക് അമേരിക്ക ഏർപ്പെടുത്തിയ വിലക്കിന്റെ പശ്ചാത്തലത്തിലാണ് യുഎഇയുടെ നടപടിയെന്ന് ജിസിഎഎ അറിയിച്ചു.
വിമാന ഗതാഗതവുമായി ബന്ധപ്പെട്ട സ്ഥിതിഗതികൾ നിരീക്ഷിച്ചുവരികയാണെന്നും പുതിയ സംഭവവികാസങ്ങൾ ഉണ്ടാകുന്ന മുറയ്ക്ക് ബന്ധപ്പെട്ട അധികൃതരെയും പൊതുജനങ്ങളെയും അറിയിക്കുമെന്നും ജിസിഎഎ വ്യക്തമാക്കി. യുഎഇക്കും ഇറാനും ഇടയിലുള്ള സാധാരണ വ്യോമഗതാഗതം പുനഃസ്ഥാപിക്കുന്നതുവരെ നിലവിലെ നിയന്ത്രണം തുടരുമെന്നും അധികൃതർ അറിയിച്ചു.
ഇറാന്റെ വ്യോമയാന മേഖലയ്‌ക്കെതിരെ അമേരിക്ക ഉപരോധം കടുപ്പിച്ച സാഹചര്യത്തിലാണ് യുഎഇയുടെ ഈ നടപടി. സെപ്റ്റംബർ 23 മുതൽ ഇറാനിയൻ എയർലൈനുകളുടെ അന്താരാഷ്ട്ര സർവീസുകൾ തടസ്സപ്പെടുമെന്ന് യുഎസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റ് മുന്നറിയിപ്പ് നൽകിയിരുന്നു.
ഇറാനിയൻ വിമാനങ്ങൾക്ക് ഇന്ധനം നൽകുക, ലാൻഡിംഗ് സേവനങ്ങൾ നൽകുക, അല്ലെങ്കിൽ ടിക്കറ്റുകൾ വിൽക്കുക എന്നിവ ചെയ്യുന്ന വിദേശ കമ്പനികളെയും വിമാനത്താവളങ്ങളെയും യുഎസ് ഡോളർ അധിഷ്ഠിത സാമ്പത്തിക വ്യവസ്ഥയിൽ നിന്ന് പുറത്താക്കുമെന്നാണ് യു എസ് ട്രഷറി സെക്രട്ടറി സ്കോട്ട് ബെസെന്റിന്റെ മുന്നറിയിപ്പ്.
ഇതോടെ ഇറാനിയൻ എയർലൈനുകളുടെ സർവീസുകൾ നിർത്തിവയ്ക്കുമെന്ന് ഇറാഖ് വ്യക്തമാക്കുകയും ജോർജിയ, ഇറാനിയൻ വിമാനങ്ങൾക്ക് പ്രവേശനം നിരോധിക്കുകയും ചെയ്തു. തുർക്കി സർക്കാരിന്റെ ആവശ്യപ്രകാരം ഇറാന്റെ മഹാൻ എയർ തുർക്കിയിലേക്കുള്ള സർവീസുകൾ നിർത്തിവച്ചു.
സെപ്റ്റംബർ 8ന്, 27 ഇറാനിയൻ എയർലൈനുകൾ ഉൾപ്പെടെ വ്യോമയാന മേഖലയുമായി ബന്ധപ്പെട്ട 36 സ്ഥാപനങ്ങൾക്കെതിരെ യുഎസ് ട്രഷറി ഉപരോധം പ്രഖ്യാപിച്ചിരുന്നു. പുതിയ മുന്നറിയിപ്പിലൂടെ, ഇറാനിയൻ എയർലൈനുകൾക്ക് മാത്രമല്ല, അവയ്ക്ക് സേവനങ്ങൾ നൽകുന്ന വിദേശ സ്ഥാപനങ്ങൾക്കും വിമാനത്താവളങ്ങൾക്കും മേൽ അമേരിക്ക സമ്മർദം ശക്തമാക്കുകയാണ്.








0 comments