സിപിഐ എം വനിതാ ലോക്കൽ സെക്രട്ടറിയെ എംഎസ്‌എഫുകാർ മർദിച്ചു


സ്വന്തം ലേഖകൻ
Published on Sep 24, 2026, 09:45 PM | 1 min read
തൃക്കരിപ്പൂർ: സിപിഐ എം വനിതാ ലോക്കൽ സെക്രട്ടറിയെയും എസ്‌എഫ്‌ഐ നേതാക്കളെയും എംഎസ്‌എഫുകാർ ആക്രമിച്ചു. മർദനമേറ്റ സിപിഐ എം തൃക്കരിപ്പൂർ ടൗൺ ലോക്കൽ സെക്രട്ടറി ടി പി ഉഷ (58), എസ്എഫ്ഐ ഏരിയ ജോയിന്റ് സെക്രട്ടറി കെ വി വിഷ്ണു (22) എന്നിവരെ തങ്കയത്തെ തൃക്കരിപ്പൂർ താലൂക്കാശുപത്രിയിൽ പ്രവേശിപ്പിച്ചു. കഴിഞ്ഞ ദിവസം തൃക്കരിപ്പൂർ ഗവ. വൊക്കേഷണൽ ഹയർ സെക്കൻഡറി സ്കൂളിൽ എസ്എഫ്ഐ പ്രവർത്തകർക്ക് എംഎസ്‌എഫുകാരുടെ മർദ്ദനമേറ്റ സംഭവത്തിൽ രക്ഷിതാക്കൾക്കൊപ്പം പ്രിൻസിപ്പലിന് പരാതി നൽകാനെത്തിയതായിരുന്നു ടി പി ഉഷയും കെ വി വിഷ്‌ണുവും.
ഇവർ പ്രിൻസിപ്പലിന്റെ മുറിയിൽ എത്തിയപ്പോൾ എംഎസ്‌എഫുകാർ മുറിയിലേക്ക് ഇരച്ചുകയറി നേതാക്കളെ തടഞ്ഞുവച്ച് ഭീകരാന്തരീക്ഷം സൃഷ്ടിക്കുകയായിരുന്നു. സ്കൂളിൽ എസ്എഫ്ഐ പ്രവർത്തനം അവസാനിപ്പിക്കണമെന്നാവശ്യപ്പെട്ടായിരുന്നു ഇവരെ തടഞ്ഞുവച്ചത്. മണിക്കൂറുകൾ നീണ്ട പരിശ്രമത്തിനൊടുവിൽ പൊലീസെത്തിയാണ് ഇവരെ മുറിയിൽനിന്ന് പുറത്തെത്തിച്ചത്. ഇതിനിടയിലാണ് ഇരുവർക്കും മർദ്ദനമേറ്റത്.
ടി പി ഉഷയ്‌ക്ക് പിന്നിൽനിന്നും ചവിട്ടേറ്റ് നട്ടെല്ലിന് ക്ഷതമേറ്റിട്ടുണ്ട്. സംഭവത്തിൽ ചന്തേര പൊലീസ് കേസ്സെടുത്തു. കഴിഞ്ഞ ദിവസം സംസ്ഥാന സ്കൂൾ ഗെയിംസിനായി സ്‌കൂളിൽ ഒരുക്കിയ കുടിവെള്ള പന്തൽ ഇരുട്ടിന്റെ മറവിൽ എംഎസ്എഫുകാർ നശിപ്പിച്ചിരുന്നു. സ്കൂൾ പാർലമെന്റ് തെരഞ്ഞെടുപ്പിൽ സ്കൂളിൽ എസ്എഫ്ഐയ്‌ക്കുണ്ടായ മേൽക്കൈയാണ് എംഎസ്‌എഫുകാരെ പ്രകോപിച്ചത്.








0 comments