ബാറ്റിങിലും സ്പിന്നിലും കരുത്ത്, പക്ഷേ..; ഇന്ത്യൻ പെൺപട ഉയർത്തുമോ രണ്ട് തവണ കൈവിട്ട കിരീടം

ഹർമൻപ്രീത് കൗറും ലോറ വൂൾവാർഡ്‌റ്റും | Image: X/ICC
മുംബൈ: ലോകകപ്പ് ചരിത്രത്തിൽ കൂറ്റൻ സ്കോർ പിന്തുടർന്ന് നേടിയ ഏറ്റവും വലിയ ജയവുമായാണ് ഇന്ത്യയുടെ പെൺപട വനിതാ ക്രിക്കറ്റ് ലോകകപ്പ് ഫൈനലിൽ കടന്നത്. രണ്ടുതവണ കൈവിട്ട സ്വപ്നക്കപ്പ് നവി മുംബൈയിലെ ഡി വൈ പാട്ടീൽ സ്‌റ്റേഡിയത്തിൽ ഇന്ന് ഇന്ത്യ ഉയർത്തുമോ എന്നാണ് ആരാധകർ ഉറ്റുനോക്കുന്നത്. ദക്ഷിണാഫ്രിക്കയാണ് എതിരാളി. ഇരുടീമുകളും ഇതുവരെ ലോകകപ്പ് നേടിയിട്ടില്ല. പകൽ മൂന്നിനാണ് കളി.
ഏഴുതവണ ചാമ്പ്യൻമാരായ ഓസ്‌ട്രേലിയയെ സെമിയിൽ അഞ്ച് വിക്കറ്റിന് കീഴടക്കിയ ആത്മവിശ്വാസത്തിലാണ് ഇന്ത്യ. ദക്ഷിണാഫ്രിക്ക നാലുതവണ ജേതാക്കളായ ഇംഗ്ലണ്ടിനെ 125 റണ്ണിന് തകർത്ത് ആദ്യമായി ഫൈനലിലെത്തി.
കൈവിട്ടു, ഒന്നല്ല രണ്ട് തവണ
രണ്ടുതവണ ഫൈനലിൽ തോറ്റതിന്റെ ഹൃദയംമുറിക്കുന്ന ഓർമകളുണ്ട് ഇന്ത്യക്ക്. 2005ലായിരുന്നു ആദ്യം. മിതാലി രാജായിരുന്നു ഇന്ത്യൻ ക്യാപ്‌റ്റൻ. ഓസീസ് എതിരാളികൾ. 117 റണ്ണിന് കൂടാരം കയറിയ ഇന്ത്യ 98 റണ്ണിന്റെ കൂറ്റൻ തോൽവിയുമായി മടങ്ങി.
2017ലെ ഫൈനൽ കണ്ണീരായി അവസാനിക്കുകയായിരുന്നു. മിതാലിയാണ് അന്നും ക്യാപ്‌റ്റൻ. ഇംഗ്ലണ്ട് എതിരാളി. 229 റൺ മതിയായിരുന്നു ഇന്ത്യക്ക്. പൂനം റാവത്തും നിലവിലെ ക്യാപ്‌റ്റൻ ഹർമൻപ്രീതും പൊരുതിയപ്പോൾ ഒരുഘട്ടത്തിൽ ഏഴ് വിക്കറ്റ് ശേഷിക്കെ 38 റൺ മാത്രം മതിയായിരുന്നു ജയിക്കാൻ. പക്ഷേ, എട്ട് പന്ത് ശേഷിക്കെ ടീം അവിശ്വസനീയമായി തകർന്നു. ഒമ്പത് റണ്ണിനായിരുന്നു തോൽവി.
അന്ന് പൊട്ടിക്കരഞ്ഞ മൂന്നുപേരാണ് ഇന്ന് ടീമിലുള്ളത്. ക്യാപ്റ്റന്‍ ഹർമൻപ്രീത് കൗറിന് പുറമെ സ്‌മൃതി മന്ദാനയും ദീപ്‌തി ശർമയും. എട്ട് വർഷത്തിനിപ്പുറവും ഇൗ മൂന്നുപേരുമാണ് നിർണായക ശക്തികൾ.
അമ്പരപ്പിച്ച ആഫ്രിക്കൻ കുതിപ്പ്
മരിസന്നെ കാപ്പും ക്യാപ്‌റ്റൻ ലോറ വൂൾവാർഡ്‌റ്റും ചേർന്നുള്ള പോരാട്ടത്തിന്റെ ബാക്കിപത്രമാണ് ദക്ഷിണാഫ്രിക്കൻ ടീമിന്റെ വനിതാ ഏകദിന ക്രിക്കറ്റ് ലോകകപ്പ് -ൈഫനൽ പ്രവേശം. അതിലൊരു കിരീടം കൂടി ചേർന്നാൽ ആഫ്രിക്കൻ ക്രിക്കറ്റിൽ നാഴികക്കല്ലായി മാറും.
അപ്രതീക്ഷിത കുതിപ്പാണ് വൂൾവാർഡ്‌റ്റും സംഘവും നടത്തിയത്. ആദ്യ കളിയിൽ ഇംഗ്ലണ്ടിനോട് പുറത്തായത് വെറും 69 റണ്ണിന്. പത്ത് വിക്കറ്റ് തോൽവിയും വഴങ്ങി. ന്യൂസിലൻഡിനെ തകർത്തായിരുന്നു തിരിച്ചുവരവ്. ഇന്ത്യക്കെതിരെ തോൽവി ഭയന്ന ഘട്ടത്തിലായിരുന്നു ജയം പിടിച്ചെടുത്തത്. ബംഗ്ലാദേശിനോടും സമാനമായിരുന്നു അവസ്ഥ. ശ്രീലങ്കയ്‌ക്കെതിരെയും പാകിസ്ഥാനെതിരെയും ആധികാരിക ജയം നേടിയാണ് സെമി ഉറപ്പാക്കിയത്.
ഗ്രൂപ്പ് ഘട്ടത്തിലെ അവസാന കളിയിൽ ഓസീസിനോട് 97 റണ്ണിന് പുറത്തായി.എട്ട് കളിയിൽ 470 റണ്ണുമായി വൂൾവാർഡ്‌റ്റ് ലോകകപ്പിലെ റണ്ണടിക്കാരിൽ ഒന്നാമതുണ്ട്. ഒരു സെഞ്ചുറിയും മൂന്ന് അർധസെഞ്ചുറിയും നേടിയ ഇരുപത്താറുകാരിയാണ് പല കളികളും ടീമിന് അനുകൂലമാക്കിയത്. ഓൾ റൗണ്ടർ മരിസന്നെ കാപ്പാണ് മറ്റൊരു താരം. ഇരുവരും ചേർന്നാണ് സെമിയിൽ ഇംഗ്ലണ്ടിനെ കശക്കിയത്.
ഇന്ത്യൻ കരുത്ത്
പരിചയസമ്പത്തുള്ള ബാറ്റിങ് നിര
സ്‌പിന്നർമാരുടെ മികവ്
സ്വന്തം തട്ടകമെന്ന ആനുകൂല്യം
ദൗർബല്യം
എളുപ്പത്തിൽ തകരുന്ന വാലറ്റം
തെളിയാത്ത പേസർമാർ
നിർണായക ഘട്ടങ്ങളിലെ പതർച്ച
ദ.ആഫ്രിക്കൻ കരുത്ത്
ലോറ വൂൾവാർഡ്‌റ്റിന്റെ റണ്ണടി
ഓൾ റൗണ്ടർമാരുടെ മികച്ച നിര
വാലറ്റത്തെ ബാറ്റിങ് നിര
ദൗർബല്യം
സ്ഥിരതയില്ലാത്ത ബാറ്റിങ് പ്രകടനം
സ്‌പിന്നർമാർക്കെതിരെ മികച്ച റെക്കോഡില്ല
വാലറ്റത്തെ അമിതമായി ആശ്രയിക്കുന്നു
റണ്ണടിക്കാർ
ലോറ വൂൾവാർഡ്‌റ്റ് (ദക്ഷിണാഫ്രിക്ക) 470
സ്‌മൃതി മന്ദാന (ഇന്ത്യ) 389
ആഷ്‌ലി ഗാർഡ്‌നർ (ഓസ്‌ട്രേലിയ) 328
വിക്കറ്റ് വേട്ടക്കാർ
അന്നബെൽ സതർലാൻഡ് (ഓസ്‌ട്രേലിയ) 17
ദീപ്‌തി ശർമ (ഇന്ത്യ) 17
സോഫി എക്ലസ്‌റ്റോൺ (ഇംഗ്ലണ്ട്) 16
ഫൈനലിലേക്കുള്ള വഴി
ഇന്ത്യ
ശ്രീലങ്കക്കെതിരെ 59 റൺ ജയം
പാകിസ്ഥാനെതിരെ 88 റൺ ജയം
ദക്ഷിണാഫ്രിക്കയോട് മൂന്ന് വിക്കറ്റ് തോൽവി
ഓസ്‌ട്രേലിയയോട് മൂന്ന് വിക്കറ്റ് തോൽവി
ഇംഗ്ലണ്ടിനോട് നാല് റൺ തോൽവി
ന്യൂസിലൻഡിനെതിരെ 53 റൺ ജയം
ബംഗ്ലാദേശ് കളി മഴ കാരണം ഉപേക്ഷിച്ചു
സെമി: ഓസ്‌ട്രേലിയക്കെതിരെ അഞ്ച് വിക്കറ്റ് ജയം
ദക്ഷിണാഫ്രിക്ക
ഇംഗ്ലണ്ടിനോട് 10 വിക്കറ്റ് തോൽവി
ന്യൂസിലൻഡിനെതിരെ ആറ് വിക്കറ്റ് ജയം
ഇന്ത്യക്കെതിരെ മൂന്ന് വിക്കറ്റ് ജയം
ബംഗ്ലാദേശിനെതിരെ മൂന്ന് വിക്കറ്റ് ജയം
ശ്രീലങ്കക്കെതിരെ 10 വിക്കറ്റ് ജയം
പാകിസ്ഥാനെതിരെ 150 റൺ ജയം
ഓസ്‌ട്രേലിയയോട് ഏഴ് വിക്കറ്റ് തോൽവി
സെമി: ഇംഗ്ലണ്ടിനെതിരെ 125 റൺ ജയം.










0 comments