ഏഷ്യാകപ്പില്‍ ഇന്ത്യ- പാക് ഫൈനൽ; ഇന്ത്യയ്ക്ക് അഭിമാനമായി ആരോൺ ജോർജും വിഹാൻ മൽഹോത്രയും

വൈഭവ് സൂര്യവംശി
ദുബായ്: അണ്ടർ 19 ഏഷ്യാകപ്പ് ഏകദിന ക്രിക്കറ്റിൽ ഇന്ത്യ- പാക് ഫൈനൽ. സെമി ഫൈനലിൽ ഇന്ത്യ ശ്രീലങ്കയെയും പാകിസ്ഥാൻ ബംഗ്ലാദേശിനെയും എട്ട് വിക്കറ്റിനാണ് വീഴ്ത്തിയത്. മഴ മൂലം രാവിലെ 10.30ക്ക് ആരംഭിക്കേണ്ട മത്സരം വൈകുന്നേരം 3.30 നാണ് തുടങ്ങിയത്. ഇന്ത്യ ശ്രീലങ്ക മത്സരം 20 ഓവർ ആയും പാകിസ്ഥാൻ ശ്രീലങ്ക മത്സരം 27 ഓവറായും ചുരുക്കിയിരുന്നു.
ശ്രീലങ്കലയ്ക്കെതിരെ ടോസ് നേടിയ ഇന്ത്യ ബോളിങ് തെരഞ്ഞെടുക്കുകയായിരുന്നു. നിശ്ചിത ഓവറിൽ എട്ട് വിക്കറ്റ് നഷ്ടത്തിൽ 138 റൺസാണ് ശ്രീലങ്ക നേടിയത്. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇന്ത്യയ്ക്ക് ക്യാപ്‌റ്റനും ഓപ്പണറുമായ ആയുഷ് മഹാത്രെയെയും (8 പന്തിൽ 7), വൈഭവ് സൂര്യവംശിയെയും (6 പന്തിൽ 9) പെട്ടെന്ന് നഷ്ടമായി. തുടർന്ന് അർധസെഞ്ചുറിയുമായി മലയാളി താരം ആരോൺ ജോർജും (49 പന്തിൽ 58) വിഹാൻ മൽഹോത്രയും (45 പന്തിൽ 61) ടീമിനെ വിജയത്തിലേക്ക് നയിക്കുകയായിരുന്നു. 12 പന്ത് ശേഷിക്കെയാണ് ഇന്ത്യൻ വിജയം. ബംഗ്ലാദേശ് ഉയർത്തിയ 121 റൺസിന്റെ വിജയലക്ഷ്യം പാകിസ്ഥാൻ പത്ത് ഓവർ ബാക്കി നിൽക്കെയാണ് മറികടന്നത്. ഞായറാഴ്‌ചയാണ് ഫൈനൽ. രാവിലെ 10.30 മുതലാണ് കളി.
അതേസമയം ഏഷ്യാകപ്പിൽ മികച്ച ഫോമിലാണ് ഇന്ത്യ. പാകിസ്ഥാൻ, യുഎഇ, മലേഷ്യ എന്നീ ടീമുകളെ വൻ മാർജിനിൽ തോൽപ്പിച്ച് ആധികാരികമായാണ് ഇന്ത്യ സെമിയിലെത്തിയത്. ഇന്ത്യയുടെ ഓപ്പണർ വൈഭവ് സൂര്യവംശി, മലയാളിതാരം ആരോൺ ജോർജ്, അഭിഗ്യാൻ കുണ്ടു എന്നീ ബാറ്റർമാരുടെ ഗംഭീര പ്രകടനമാണ് പ്രാഥമികറൗണ്ടിൽ കാഴ്ചവെച്ചത്.
മാവേലിക്കര സ്വദേശിയായ ഇൗശോ വർഗീസിന്റെയും കോട്ടയം സ്വദേശിയായ പ്രീതി വർഗീസിന്റെയും മകനാണ്. ജനിച്ചത് കേരളത്തിലാണെങ്കിലും പഠിച്ചതും വളർന്നതും കളിച്ചതുമെല്ലാം ഹൈദരാബാദിലാണ്.










0 comments