ad
Deshabhimani

ഏഷ്യൻ ഗെയിംസിൽ ചരിത്രപ്പോരാട്ടം; ഇന്ത്യൻ പുരുഷ ക്രിക്കറ്റ് ടീം ആദ്യമായി നാളെ ജപ്പാനെ നേരിടും

cricket

Photo: CricInfo

വെബ് ഡെസ്ക്

Published on Sep 21, 2026, 01:54 PM | 1 min read

സാനോ : ഏഷ്യൻ ഗെയിംസിൽ ഇന്ത്യയുടെ പുരുഷ ക്രിക്കറ്റ് ടീം ആദ്യമായി ജപ്പാനെ നേരിടും. ടോക്കിയോയ്ക്ക് വടക്കുള്ള തൊചിഗി പ്രിഫെക്ചറിലെ സാനോ നഗരത്തിൽ ചൊവ്വാഴ്ചയാണ് (നാളെ) മത്സരം. ജപ്പാനിൽ നടക്കുന്ന ഏറ്റവും ശ്രദ്ധേയമായ ക്രിക്കറ്റ് പോരാട്ടങ്ങളിലൊന്നാണിത്.


ഏകദേശം 1.1 ലക്ഷം പേർ മാത്രം താമസിക്കുന്ന സാനോയിൽ 2008ലാണ് ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ ‘സിറ്റി ഓഫ് ക്രിക്കറ്റ്’ എന്ന പദവി നൽകിയത്. ഇന്ത്യയ്‌ക്കെതിരായ മത്സരത്തിനായി സ്റ്റേഡിയത്തിൽ താൽക്കാലിക സൗകര്യങ്ങളും അധിക ഇരിപ്പിടങ്ങളും ഒരുക്കിയിട്ടുണ്ട്. സ്ഥിരം സ്റ്റാൻഡുകളിൽ 500ലേറെ പേർക്ക് മാത്രമാണ് ഇരിക്കാനാകുക. താൽക്കാലിക സ്റ്റാൻഡുകൾ കൂടി സ്ഥാപിക്കുന്നതോടെ ശേഷി ഏകദേശം 2,000 ആയി ഉയരും.


ഏഷ്യൻ ഗെയിംസിനായി നാഗോയയിൽ ഒരുക്കുന്ന പിച്ചിന് അനുയോജ്യമായ മണ്ണ് കണ്ടെത്തുന്നതിനിടെയാണ് സാനോയിലെ ക്രിക്കറ്റ് ഗ്രൗണ്ടിന്റെ പുനർനിർമാണത്തിനും അതേ മണ്ണ് ഉപയോഗിക്കാൻ ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ തീരുമാനിച്ചത്.


വിദേശ ലീഗുകളിലും പരിശീലന പരിപാടികളിലും പങ്കെടുത്ത് പരിചയം നേടിയ നിരവധി താരങ്ങളാണ് ജപ്പാൻ ടീമിലുള്ളത്. ജപ്പാൻ പ്രീമിയർ ലീഗിലൂടെ വിദേശ താരങ്ങൾക്കൊപ്പം കളിക്കാനുള്ള അവസരവും പ്രാദേശിക താരങ്ങൾക്ക് ലഭിക്കുന്നുണ്ട്.


ജപ്പാനിൽ ക്രിക്കറ്റിൽ രജിസ്റ്റർ ചെയ്ത താരങ്ങളുടെ എണ്ണത്തിൽ കഴിഞ്ഞ വർഷങ്ങളിൽ വലിയ വർധനവുണ്ടായിട്ടുണ്ട്. 2020ൽ ഏകദേശം 3,500 താരങ്ങളുണ്ടായിരുന്ന സ്ഥാനത്ത് ഇപ്പോൾ 8,800ഓളം പേരാണ് രജിസ്റ്റർ ചെയ്തിട്ടുള്ളത്. വിവിധ തലങ്ങളിൽ കഴിഞ്ഞ ഏതാനും വർഷങ്ങളിലായി 20,000ത്തോളം പേർ ക്രിക്കറ്റിൽ പങ്കെടുത്തതായും ജപ്പാൻ ക്രിക്കറ്റ് അസോസിയേഷൻ വ്യക്തമാക്കുന്നു.


ജപ്പാനിൽ ക്രിക്കറ്റിന്റെ വളർച്ചയ്ക്ക് സാനോ പ്രധാന കേന്ദ്രമായി തുടരുകയാണ്. പ്രാദേശിക തലത്തിൽ ക്രിക്കറ്റിനെ കൂടുതൽ പരിചിതമാക്കുന്നതിനുള്ള പ്രവർത്തനങ്ങളും നടക്കുന്നുണ്ട്. 2028ലെ ലോസ് ആഞ്ചലസ് ഒളിമ്പിക്സിൽ ക്രിക്കറ്റ് ഉൾപ്പെടുത്തിയതും ജപ്പാൻ ദേശീയ ടീമിന് കൂടുതൽ പിന്തുണ ലഭിക്കാൻ സഹായിച്ചിട്ടുണ്ട്.



deshabhimani section

Related News

View More
0 comments
Sort by

Deshabhimani
Home