ഇരുപത്തെട്ടാം ഓണം; ആവേശത്തിമിർപ്പിൽ ഓണാട്ടുകര, ഒരുക്കങ്ങൾ പൂർത്തിയായി

photo credit: Oachira Parabrahma Temple facebook
കരുനാഗപ്പള്ളി : ഓണാട്ടുകരയുടെ കാർഷിക പാരമ്പര്യവും ഗ്രാമീണ സംസ്കാരവും വിളച്ചറിയിച്ച് ഓച്ചിറയിൽ നടക്കുന്ന ഇരുപത്തെട്ടാം ഓണ മഹോത്സവത്തിന്റെ ഒരുക്കങ്ങൾ പൂർത്തിയായി. ബുധനാഴ്ചയാണ് (23) ഇരുപത്തിയെട്ടാം ഓണം. ചിങ്ങമാസത്തിലെ തിരുവോണം കഴിഞ്ഞ് കന്നി മാസത്തിലെ തിരുവോണം വരുന്ന ദിവസമാണ് ഇരുപത്തെട്ടാം ഓണം ആഘോഷിക്കുന്നത്.
കരുനാഗപ്പള്ളി, മാവേലിക്കര, കാർത്തികപ്പള്ളി താലൂക്കുകളിലായുള്ള 52 കരകളിൽ നിന്ന് വിവിധ വലിപ്പത്തിലുള്ള കെട്ടുകാളകളെ ഓച്ചിറ ക്ഷേത്രത്തിലേക്ക് എത്തിക്കുന്നതാണ് പ്രധാന ചടങ്ങ്. വിവിധ കരകളിലും സമിതികളുടെ നേതൃത്വത്തിലും കെട്ടുകാഴ്ച നിർമാണം പൂർത്തിയായിക്കഴിഞ്ഞു. കഴിഞ്ഞ ദിവസങ്ങളിലായി നന്ദികേശൻമാരുടെ ശിരസ് ഉറപ്പിക്കുന്ന ചടങ്ങുകൾ പൂർത്തിയാക്കി. കാളകളെ നിർമിക്കുന്ന ഇടത്ത് ഭക്ഷണമടക്കം വിവിധ കലാപരിപാടികളും തകൃതിയായി നടക്കുന്നുണ്ട്.
കാഴചക്കാർക്ക് വിസ്‌മയം പകരുന്ന തരത്തിൽ 72 അടി ഉയരമുള്ളതുമുതൽ കൈപ്പത്തിയുടെ വലിപ്പംവരെയുള്ള കാളകള്‍ കൂട്ടത്തിലുണ്ട്. ബുധൻ പകൽ മുതൽ കെട്ടുകാളകളെ വിവിധ പരിപാടികളോടെ ഓച്ചിറ പടനിലത്തേക്ക് എത്തിച്ചുതുടങ്ങും. കെട്ടുകാളകളുടെ നിർമാണത്തിന് ചട്ടം ഉറപ്പിക്കുന്ന ദിവസംമുതല്‍ തുടങ്ങുന്ന ആഘോഷമാണ് ഇരുപത്തെട്ടാം ഓണത്തിന് പൂർണതയില്‍ എത്തുന്നത്. 200ഓളം കാളകെട്ട് സമിതികളാണ് നന്ദികേശൻമാരെ ഒരുക്കുന്നത്. പാല, കുമിള്‍, ഊറാവ് തുടങ്ങിയ ഭാരം കുറഞ്ഞ തടികളുപയോഗിച്ചാണ് നന്ദികേശൻമാരെ നിർമിക്കുന്നത്. തലകൾ പ്രത്യേകമായി ഒരുക്കിയ ശേഷം പിന്നീട് ഘോഷയാത്രയോടെ കാളമൂടുകളിൽ എത്തിച്ച് ഉറപ്പിക്കും. ഇരുപത്തിയെട്ടാം ഉത്സവത്തിന് മൂന്നുദിവസം മുമ്പാണ് ശിരസ്സുറപ്പിക്കൽ ചടങ്ങ് നടക്കുക.
ഓരോ കരയുടെയും കാള ശിരസ്സുകൾ വ്യത്യസ്ത ഭാവങ്ങളിലും രൂപങ്ങളിലുമാണ് നിർമിക്കുന്നത്. ശിരസ്സിലും പവിത്രക്കെട്ടിലും നാഗക്കെട്ടിലും ദൃഷ്ടിയിലും വ്യത്യസ്ത ഭാവങ്ങളാണ് ഓരോന്നിനും. ചരിത്രഗ്രന്ഥങ്ങളിൽ പറയുന്നതുപോലെ പ്രത്യേക ശൈലിയിലാണ് ഇവയുടെ നിർമാണമെന്ന് കരക്കാർ പറയുന്നു. വീരഖാണ്ഡം, പ്രണവപട്ടം, മുത്തുപ്പട്ടം, കതിരുചുട്ടി, നെറ്റിപ്പൂവ്, അരിവാൾകതിര്, ചെമ്പോട്ട, ഇരുകൊമ്പുകളിലും ഉള്ള നാഗത്തളയോടെയുള്ള മണിനാഗങ്ങൾ, ഗോപിപട്ടം എന്നിങ്ങനെയുള്ള വ്യത്യസ്ത അലങ്കാരങ്ങളോടെയാണ് നന്ദികേശ ശിരസ്സുകളുടെ നിർമാണം. ആദ്യകാലങ്ങളിൽ പച്ചിലകൾകൊണ്ടു നിർമിച്ച നിറങ്ങളാണ് ഉപയോഗിച്ചിരുന്നത്. ശിരസ്സിന്റെ വലിപ്പത്തിൽ 17.75 അടി ഉയരമുള്ള വിശ്വപ്രജാപതി കാലഭൈരവൻ ആണ് മുന്നിൽ നിന്നിരുന്നതെങ്കിൽ ഇക്കുറി പറയിണത്തുമുക്ക് കരക്കാർ എഴുന്നള്ളിക്കുന്ന അസുരാധിപതി കാലകേയൻ ഇതിലും വലുപ്പത്തിലുള്ളതാണെന്ന് സംഘാടകർ പറയുന്നു.









0 comments