കട്ടക്കിൽ വിജയക്കൊടി പാറിച്ച് ഇന്ത്യ: ഇംഗ്ലണ്ടിനെതിരെ നാലു വിക്കറ്റ് ജയം, പരമ്പര സ്വന്തമാക്കി

കട്ടക്ക് : ബരാബതി സ്‌റ്റേഡിയത്തിൽ അൽപ്പനേരം അണഞ്ഞുപോയ കളിവിളക്കുകൾ രോഹിത് ശർമയുടെ സെഞ്ചുറിക്കായി വീണ്ടും മിഴിതുറന്നു. ഏറെ കാലത്തെ കാത്തിരിപ്പിനുശേഷമെത്തിയ ക്യാപ്‌റ്റന്റെ സെഞ്ചുറി ഇന്ത്യക്ക് ജയവും പരമ്പരയും (2–-0) സമ്മാനിച്ചു. ഇംഗ്ലണ്ടിനെതിരായ രണ്ടാം ഏകദിന ക്രിക്കറ്റ് മത്സരത്തിൽ ഇന്ത്യ നാല് വിക്കറ്റിന് ജയിച്ചു. സ്‌റ്റേഡിയത്തിലെ ഫ്ലഡ്‌ലൈറ്റുകൾപോലെ പ്രഭചൊരിഞ്ഞ രോഹിതിന്റെ 32–-ാം സെഞ്ചുറി 90 പന്തിൽ 119 റണ്ണാണ്. 12 ഫോറും ഏഴ് സിക്‌സറും പിറന്നു. ഇംഗ്ലണ്ടിനെതിരെ മൂന്നാമത്തേതും. സ്‌കോർ: ഇംഗ്ലണ്ട് 304 (49.5), ഇന്ത്യ 308/6 (44.3).
ഇംഗ്ലണ്ട് ഉയർത്തിയ മികച്ച സ്‌കോറിലേക്ക് അനായാസമാണ് ഇന്ത്യ ബാറ്റേന്തിയത്. ഓപ്പണർമാരായ രോഹിത് ശർമയും ശുഭ്‌മാൻ ഗില്ലും 136 റണ്ണിന്റെ അടിത്തറയൊരുക്കി. അതിനിടെ ഫ്ലഡ്‌ലൈറ്റുകൾ കുറച്ചുനേരത്തേക്ക് അണഞ്ഞതിനാൽ കളി മുടങ്ങി. തിരിച്ചെത്തിയ രോഹിത് 76 പന്തിൽ സിക്‌സറടിച്ചാണ് സെഞ്ചുറി നേടിയത്. വൈസ് ക്യാപ്‌റ്റനായ ഗിൽ തുടർച്ചയായി രണ്ടാം അർധസെഞ്ചുറി കണ്ടെത്തി. 52 പന്തിൽ 60 റണ്ണാണ് സമ്പാദ്യം. ഒമ്പത് ഫോറും ഒരു സിക്‌സറുമടിച്ചു.
വിരാട് കോഹ്‌ലിക്ക് നേടാനായത് എട്ടു പന്തിൽ അഞ്ചു റൺമാത്രം. ശ്രേയസ് അയ്യർ (44) തുടർച്ചയായി രണ്ടാംമത്സരത്തിലും തിളങ്ങി. കെ എൽ രാഹുലും (10) ഹാർദിക് പാണ്ഡ്യയും (10) മങ്ങിയപ്പോൾ ഓൾറൗണ്ടറായി രൂപമാറ്റം വന്ന അക്‌സർ പട്ടേൽ 41 റണ്ണുമായി പുറത്തായില്ല. വിജയത്തിൽ രവീന്ദ്ര ജഡേജയും (11) കൂട്ടായി.
ജോ റൂട്ടും (69) ബെൻ ഡക്കെറ്റും (65) ചേർന്നാണ് ഇംഗ്ലണ്ട് സ്‌കോർ 300 കടത്തിയത്. ലിയാം ലിവിങ്സ്‌റ്റണും (41) സ്‌കോർ ഉയർത്തി. ഇന്ത്യൻ ബൗളർമാരിൽ മൂന്ന് വിക്കറ്റുമായി രവീന്ദ്ര ജഡേജ തിളങ്ങി. പത്തോവറിൽ 35 റൺ വഴങ്ങിയാണ് നേട്ടം. മുഹമ്മദ് ഷമി, ഹർഷിത് റാണ, ഹാർദിക് പാണ്ഡ്യ, വരുൺ ചക്രവർത്തി എന്നിവർക്ക് ഓരോ വിക്കറ്റുണ്ട്. ഇംഗ്ലണ്ടിനെതിരെ ഇന്ത്യ നാട്ടിൽ നേടുന്ന തുടർച്ചയായ ഒമ്പതാംപരമ്പരയാണ്.
അവസാന മത്സരം 12ന് അഹമ്മദാബാദിൽ നടക്കും.









0 comments