ഇംഗ്ലണ്ടിനെ തകർത്ത് ഇന്ത്യൻ അണ്ടർ 19 വനിതകൾ; ദിയയ്ക്കും അക്ഷയ്ക്കും അർധസെഞ്ചുറി

ടീം ഇന്ത്യ |Photo:X
വഡോദര : ഇംഗ്ലണ്ടിനെതിരായ രണ്ടാം അനൗദ്യോഗിക ട്വന്റി20 മത്സരത്തിൽ ഇന്ത്യൻ അണ്ടർ 19 വനിതാ ടീമിന് 106 റൺസിന്റെ തകർപ്പൻ ജയം. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ 20 ഓവറിൽ ആറു വിക്കറ്റ് നഷ്ടത്തിൽ 230 റൺസെടുത്തു. മറുപടി ബാറ്റിങ്ങിനിറങ്ങിയ ഇംഗ്ലണ്ട് 15.3 ഓവറിൽ 124 റൺസിന് ഓൾഔട്ടായി.
49 പന്തിൽ 12 ഫോറും നാല് സിക്സുമടക്കം 87 റൺസെടുത്ത ദിയ യാദവാണ് ഇന്ത്യയുടെ ടോപ് സ്കോറർ. 41 പന്തിൽ എട്ട് ഫോറും ആറു സിക്സുമടക്കം പുറത്താകാതെ 82 റൺസെടുത്ത അക്ഷ പരമാറും മികച്ച പ്രകടനം നടത്തി. ഇരു താരങ്ങളുടെയും ബാറ്റിങ് മികവിലാണ് ഇന്ത്യ കൂറ്റൻ സ്കോറിലെത്തിയത്. ഇഷ്വരി ആവസാരെ 18 റൺസും ഉമ കാശ്വി 15 റൺസും നേടി.
മറുപടി ബാറ്റിങ്ങിൽ ഇംഗ്ലണ്ടിനായി ഫെയ്ത്ത് ടീകാസിങ് 40 പന്തിൽ 58 റൺസെടുത്തു. ബ്രയോണി ഗിൽഗ്രാസ് 18 റൺസും അവ ക്ലൈവ്, ഫ്ലോറ ഡേവിസ് എന്നിവർ 14 റൺസ് വീതവും നേടി.
ഇന്ത്യക്കായി മൈത്രി മണിയാർ, പുര്‍വ സിവാച്, കാശ്വി എന്നിവർ രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. അനാദി ടാഗ്ഡെ, നിധി മഹ്തോ എന്നിവർ ഓരോ വിക്കറ്റും നേടി. 87 റൺസെടുത്ത ദിയ യാദവാണ് പ്ലെയർ ഓഫ് ദ മാച്ച്.








0 comments