ശ്രീലങ്കയിൽ 1983 ലെ തമിഴ് വിരുദ്ധ കലാപത്തിന്റെ പ്രത്യാഘാതം പഠിക്കാൻ പാര്‍ലമെന്ററി സമിതി

കൊളംബോ:നാല് പതിറ്റാണ്ട് മുൻപ് ഉണ്ടായ തമിഴ് വിരുദ്ധ കലാപത്തിന്റെ പ്രത്യാഘാതങ്ങള്‍ പഠിക്കാനും നഷ്ടപരിഹാരം നിര്‍ദ്ദേശിക്കാനും പാര്‍ലമെന്ററി സമിതിയെ നിശ്ചയിച്ച് ശ്രീലങ്ക. 1983-ലെ 'ബ്ലാക്ക് ജൂലൈ' എന്നറിയപ്പെടുന്ന കലാപത്തെ കുറിച്ചാണ് 11 അംഗ സമിതി പഠിക്കുന്നത്.
വനിതാ കാര്യ മന്ത്രി സാവിത്രി പോൾരാജ് അധ്യക്ഷയായ സമിതിയിൽ തമിഴ് സമൂഹത്തെ പ്രതിനിധീകരിക്കുന്ന രണ്ട് പ്രതിപക്ഷ അംഗങ്ങളെയും ഉൾപ്പെടുത്തിയിട്ടുണ്ട്. ശ്രീലങ്കൻ ചരിത്രത്തിലെ ഏറ്റവും രക്തരൂക്ഷിതമായ വംശീയ നടപടികളിൽ ഒന്നാണ്. ഇതിന്റെ ഭാഗമായി 1983 ജൂലൈ 23 മുതൽ 30 വരെ നടന്ന സൈനിക നടപടിയാണ് 'ബ്ലാക്ക് ജൂലൈ' എന്നറിയപ്പെടുന്നത്.
വടക്കൻ ശ്രീലങ്കയിൽ ലിബറേഷൻ ടൈഗേഴ്‌സ് ഓഫ് തമിഴ് ഈഴം നടത്തിയ ആക്രമണത്തിൽ 13 ശ്രീലങ്കൻ സൈനികർ കൊല്ലപ്പെട്ടതോടെയാണ് പെട്ടെന്നുള്ള പ്രകോപനം. രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ തമിഴ് വംശജർക്കെതിരെ വ്യാപകമായ ആക്രമണങ്ങൾ അരങ്ങേറുകയും ഏകദേശം 3,000-ത്തോളം തമിഴർ കൊല്ലപ്പെടുകയും ചെയ്തു. പതിനായിരക്കണക്കിന് ആളുകൾക്ക് വീടും സ്വത്തും നഷ്ടപ്പെടുകയും നിരവധി പേർ വിദേശരാജ്യങ്ങളിലേക്ക് അഭയാർത്ഥികളായി പലായനം ചെയ്യുകയും ചെയ്തു.
തമിഴ് ഈഴം എന്ന ആവശ്യത്തോടെ എൽടിടിഇ ശക്തിപ്രാപിക്കുന്ന കാലഘട്ടത്തിലായിരുന്നു ഈ കലാപം. ദീർഘകാലം രാജ്യത്തിന്റെ വടക്ക്, കിഴക്ക് പ്രവിശ്യകളിൽ എൽടിടിഇ ആധിപത്യം തുടര്‍ന്നു. പതിറ്റാണ്ടുകള്‍ നീണ്ട ആഭ്യന്തര യുദ്ധത്തിൽ 27,000 ശ്രീലങ്കൻ സൈനികര്‍ കൊല്ലപ്പെട്ടു. 22,000 ത്തോളം എൽടിടി പ്രവര്‍ത്തകരും കൊല്ലപ്പെട്ടതായാണ് ഔദ്യോഗിക കണക്ക്.
1987-നും 1990-നും ഇടയിൽ ശ്രീലങ്കൻ സംഘർഷത്തിൽ സമാധാനം പുനഃസ്ഥാപിക്കുന്നതിനായി ഇന്ത്യ നേരിട്ട് ഇടപെടുകയും സൈന്യത്തെ അയക്കുകയും ചെയ്തിരുന്നു. ഈ ദൗത്യത്തിനിടെ 1,100-ലധികം ഇന്ത്യൻ സൈനികർക്ക് ജീവൻ നഷ്ടമായി. 3,000-ത്തിലധികം പേർക്ക് പരിക്കേൽക്കുകയും ചെയ്തു. പ്രധാനമന്ത്രിയായിരുന്ന രാജീവ് ഗാന്ധി കൊല്ലപ്പെടുന്നതിലേക്ക് നയിച്ചതും ഈ ശ്രീലങ്കൻ സാഹചര്യമാണ്.
2009 മെയ് 18-ന് എൽടിടിഇയ്ക്ക് മേൽ ശ്രീലങ്കൻ സൈന്യം വിജയം പ്രഖ്യാപിച്ചു. സംഘടന ഇപ്പോഴും നിരോധിതമായി തുടരുന്നു. രാജ്യത്ത് ശാശ്വതമായ ദേശീയ അനുരഞ്ജനം (National Reconciliation) സാധ്യമാക്കുന്നതിനുള്ള പ്രായോഗിക നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കുന്നതിനും പാര്‍ലമെന്ററി സമിതയെ ഉത്തരവാദിത്തപ്പെടുത്തിയിട്ടുണ്ട്.








0 comments